പുറത്താകലിന് പിന്നാലെ കളി മതിയാക്കി ഹസാഡ്
ഖത്തര്‍ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് കാണാതെ ബെല്‍ജിയം പുറത്തായതിനു പിന്നാലെ സൂപ്പര്‍ താരം ഏഡന്‍ ഹസാഡ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം വഴിയാണ് മുപ്പത്തിയൊന്നുകാരനായ ഹസാഡ് വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. ബെൽജിയത്തിന്റെ സുവർണ നിരയിലെ പ്രധാനി ആയിരുന്നു അദ്ദേഹം. ബെൽജിയത്തിനായി 126 മത്സരങ്ങളിൽ കളിച്ച ഹസാഡ് 33 ഗോളുകളും നേടിയിട്ടുണ്ട്.
ലോകത്തെ രണ്ടാം നമ്പർ ടീമെന്ന ഖ്യാതിയുമായി ലോകകപ്പിനെത്തിയ ബെൽജിയത്തിന് ഖത്തറിൽ ഒരു ജയമാണ് ഈ വര്ഷം നേടാനായത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനിലയോടെ തുടങ്ങിയ അവർ പിന്നീടുള്ള മത്സരത്തിൽ മൊറോക്കോയോട് ഏകപക്ഷീയമായി പരാജയപെട്ടു. മൊറോക്കോയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ നായകന്‍ കെവിൻ ഡി ബ്രൂയിനെയുമായി ഹസാഡ് കയർത്തതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
2008ലാണ് ഹസാഡ് സീനിയർ ടീമിനായി അരങ്ങേറിയത്. ഫ്രഞ്ച് ടീമിൽ കളിക്കാനുള്ള ക്ഷണം നിരസിച്ചാണ് ബെൽജിയത്തിനായി ഹസാഡ് ബൂട്ട് കെട്ടിയത്. 2018-ല്‍ സുവർണ നിരയുമായി റഷ്യൻ ലോകകപ്പിനെത്തിയ ബെൽജിയത്തിന്റെ പ്രധാന താരമായിരുന്നു ഹസാഡ്. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ ഹസാഡിന്റെ മികവിൽ ബെൽജിയം അന്ന് മൂന്നാം സ്ഥാനം നേടിയിരുന്നു. ആ ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോളും ഹസാഡിനായിരുന്നു. മൂന്ന് ലോകകപ്പുകളിൽ നിന്നായി 14 മത്സരം കളിച്ച ഹസാഡ് മൂന്ന് ഗോളും നാല് അസിസ്റ്റും നേടിയിട്ടുണ്ട്.