നിര്‍ണായക മത്സരവും കൈവിട്ടു; ബെല്‍ജിയം പുറത്ത്, ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍
നിര്‍ണായക മത്സരത്തിലും കളി മറന്ന ബെല്‍ജിയം ലോകകപ്പില്‍നിന്ന് പുറത്ത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ജയം അനിവാര്യമായിരുന്ന, ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ലോക രണ്ടാം നമ്പര്‍ ടീമിന്റെ മടക്കം. അതേസമയം, ഒരു പോയിന്റ് നേട്ടത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ അവസാന പതിനാറില്‍ ഇടംപിടിച്ചു.
ജീവന്മരണ പോരാട്ടത്തില്‍ ഇരുടീമുകളും ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. പന്തടക്കത്തിലും പാസിങ്ങിലും ഒപ്പത്തിനൊപ്പം മുന്നേറിയ ആദ്യ പകുതിയില്‍, ക്രൊയേഷ്യയാണ് കൂടുതല്‍ മികച്ച മുന്നറ്റങ്ങള്‍ നടത്തിയത്. കളി തുടങ്ങി പത്താം സെക്കന്‍ഡില്‍ തന്നെ ക്രൊയേഷ്യ ഗോള്‍ ശ്രമം നടത്തി. എന്നാല്‍ ഇവാന്‍ പെരിസിച്ചിന്റെ ഷോട്ട് ലക്ഷ്യം കണ്ടില്ല. 10ാം മിനുറ്റില്‍ ബെല്‍ജിയത്തിനായി കരാസ്‌ക്കോ ബോക്‌സിനുള്ളില്‍നിന്ന് അടിച്ച ഷോട്ടും ലക്ഷ്യം കണ്ടില്ല. ഇരുവരും ഗോളിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, 16ാം മിനുറ്റില്‍ ക്രൊയേഷ്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനുള്ളില്‍ പന്തിനായുള്ള പോരാട്ടത്തിനിടെ ക്രമാരിച്ചിനെ കരാസ്‌കോ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. കിക്കെടുക്കാന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് തയ്യാറായി നില്‍ക്കെ, ബെല്‍ജിയം താരങ്ങള്‍ വാര്‍ ആവശ്യപ്പെട്ടു. വാര്‍ പരിശോധനയില്‍ ഫ്രീകിക്കെടുക്കുമ്പോള്‍ ലോവ്റെന്‍ ഓഫ് സൈഡായിരുന്നുവെന്ന് കണ്ടെത്തിയതിനാല്‍ പെനാല്‍റ്റി തീരുമാനം റദ്ദാക്കി. ക്രൊയേഷ്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും തീരുമാനം മാറിയില്ല. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.
സമനില നേടിയാലും പ്രീക്വാര്‍ട്ടര്‍ ഉറപ്പായതിനാല്‍, ഗോള്‍ വഴങ്ങാതിരിക്കാനായിരുന്നു രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ ശ്രമം. കൂടുതല്‍ ലക്ഷ്യബോധത്തോടെ കളി തുടര്‍ന്ന ക്രൊയേഷ്യ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. മത്സരം വരുതിയിലാക്കാനുള്ള ബെല്‍ജിയത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ, രണ്ടാം പകുതിയിലും ഗോള്‍ പിറന്നില്ല. സൂപ്പര്‍താരം റൊമേലു ലുക്കാക്കു മൂന്ന് സുവര്‍ണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരു പോയിന്റ് പങ്കിട്ടു. അഞ്ച് പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.