നോക്കൗട്ട് ഉറപ്പിക്കാന്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് പോര്; അക്കൗണ്ട് തുറക്കാന്‍ കാമറൂണും സെര്‍ബിയയും

നോക്കൗട്ട് ഉറപ്പിക്കാന്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് പോര്; അക്കൗണ്ട് തുറക്കാന്‍ കാമറൂണും സെര്‍ബിയയും

ആദ്യ മത്സരത്തില്‍ പരുക്കേറ്റ സൂപ്പര്‍ താരം നെയ്മറും ഡാനിലോയും ഇല്ലാതെയാകും ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങുക
Updated on
1 min read

ഗ്രൂപ്പ് ജിയില്‍ ഇന്ന് ജയിച്ചവരുടെയും തോറ്റവരുടെയും പോരാട്ടം. ആദ്യ മത്സരം ജയിച്ച ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും നോക്കൗട്ട് ഉറപ്പിക്കാന്‍ പോരാടുമ്പോള്‍, ആദ്യം ജയം സ്വന്തമാക്കാനുറച്ചാകും സെര്‍ബിയയും കാമറൂണും പോരിനിറങ്ങുക. ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയെയും സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെയുമാണ് പരാജയപ്പെടുത്തിയത്. അതേസമയം, ആദ്യ മത്സരത്തില്‍ പരുക്കേറ്റ സൂപ്പര്‍ താരം നെയ്മറും ഡാനിലോയും ഇല്ലാതെയാകും ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങുക.

ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ലക്ഷ്യമിടുന്നത് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്താണ്. തിയാഗോ സില്‍വയുടെ നേതൃത്വത്തില്‍ മികച്ച ടീമുമായാണ് ബ്രസീലിന്റെ വരവ്. ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂനിയര്‍, കാസിമെറോ ഉള്‍പ്പെടുന്ന സംഘം ഏത് മത്സരത്തിന്റെ ഗതിമാറ്റാന്‍ പോന്നവരാണ്. അതേസമയം, കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിനെ 1-1ന് സമനിലയില്‍ തളച്ച ചരിത്രമുണ്ട് സ്വിസ്പ്പടയ്ക്ക്. 1950ലെ ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും 2-2 സമനിലയായിരുന്നു ഫലം. ഇതുവരെ ഒമ്പത് തവണ നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ നാല് തവണ സമനിലയായിരുന്നു ഫലം. മൂന്ന് തവണ ബ്രസീലും രണ്ട് തവണ സ്വിറ്റ്‌സര്‍ലന്‍ഡും ജയിച്ചു.

ആദ്യ മത്സരങ്ങള്‍ തോറ്റതോടെ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ് കാമറൂണും സെര്‍ബിയയും. ഇരു ടീമുകളുടെയും ലോകകപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. ഇന്നത്തെ ഗ്രൂപ്പ് മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും ഇരു ടീമുകളുടെയും സാധ്യത.

ലുസെയ്ല്‍ സ്റ്റേഡിയത്തില്‍, ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ടഗോള്‍ കുറിച്ച റിച്ചാര്‍ലിസണിന്റെ കളിമികവിലായിരുന്നു ബ്രസീല്‍ ആദ്യ ജയം സ്വന്തമാക്കിയത്. സെര്‍ബിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ഇരച്ചെത്തിയ ടിറ്റെയുടെ കാനറിപ്പട, ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് അവസരം നല്‍കിയില്ല. ലഭിച്ച അവസരങ്ങള്‍ ബ്രസീല്‍ തുലച്ചപ്പോഴും പന്ത് കണക്ട് ചെയ്യുന്നതില്‍ വിജയിക്കാത്ത സെര്‍ബിയയ്ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനായിരുന്നില്ല. ഗോളി മിലിന്‍കോവിച് സാവിച്ചിന്റെ മികച്ച പ്രകടനം ഒന്നുകൊണ്ടു മാത്രമാണ് ബ്രസീലിന്റെ ഗോള്‍നേട്ടം കുറഞ്ഞത്.

അല്‍ ജനൂബില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ പരാജയപ്പെടുത്തിയത്. മികച്ച മത്സരം കാഴ്ചവെച്ച മത്സരത്തില്‍, രണ്ടാം പകുതിയില്‍ ബ്രീറ്റ് എംബോളോ നേടിയ ഗോളാണ് സ്വിറ്റ്സര്‍ലന്‍ഡിന് വിജയം സമ്മാനിച്ചത്. സ്വിസ്പ്പടയ്‌ക്കെതിരായ മത്സരത്തില്‍ ആധിപത്യവും പന്തടക്കവും കാമറൂണിനായിരുന്നു. ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും ക്രോസ്ബാറിനു കീഴില്‍ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സമ്മറിന്റെ മെയ്വഴക്കവും അവര്‍ക്ക് തിരിച്ചടിയായി. നിരവധി ഗോളവസരങ്ങളും കാമറൂണ്‍ തുലച്ചു.

logo
The Fourth
www.thefourthnews.in