ആവേശ പോരിനൊടുവിൽ സമനില; നോക്കൗട്ട് സാധ്യത നിലനിര്‍ത്തി കാമറൂണും സെർബിയയും
നിര്‍ണായക മത്സരത്തിന്‌റെ വീറും വാശിയും കളത്തില്‍ പ്രകടമായപ്പോള്‍ ഗ്രൂപ്പ് ബിയിലെ കാമറൂണ്‍- സെര്‍ബിയ പോരാട്ടം കാല്‍പ്പന്ത് ആരാധകര്‍ക്ക് മികച്ച ദൃശ്യവിരുന്നായി. തോറ്റ ടീമിന്‌റെ ലോകകപ്പ് സ്വപ്‌നം അവസാനിക്കുമെന്നിരിക്കെ ഇരു ടീമുകളും കൈമെയ് മറന്ന് പോരാടി. നാടകീയ രംഗങ്ങളും തകര്‍പ്പന്‍ ഗോളുകളുമായി അത്യന്തം ആവേശകമായിരുന്നു മത്സരം. അടിക്ക് തിരിച്ചടി എന്ന നിലയില്‍ മത്സരം പുരോഗമിച്ചപ്പോള്‍ അല്‍ ജനോബ് സ്‌റ്റേഡിയത്തില്‍ സെര്‍ബിയയും കാമറൂണും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് ജിയില്‍ നാല് ടീമുകള്‍ക്കും നോക്കൗട്ട് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്.
ബ്രസീലിനെതിരെ മൂര്‍ച്ചയില്ലാതിരുന്ന സെര്‍ബിയന്‍ മുന്നേറ്റത്തിന്‌റെ പുതിയ മുഖമാണ് ഇന്ന് കണ്ടത്. പിന്നിൽ നിന്ന ശേഷം കാമറൂൺ അതിശക്തമായി തിരിച്ചെത്തി. ജീന്‍ ചാള്‍സ് കാസ്‌റ്റെലെറ്റോയിലൂടെ കാമറൂണാണ് മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത്. 29 മിനുറ്റില്‍ കാമറൂണ്‍ നേടിയ ഗോള്‍ ആദ്യ പകുതിയുടെ ആഡ് ഓണ്‍ സമയത്ത് യൂറോപ്യന്‍ സംഘം മടക്കി. മൂന്ന് മിനുറ്റിനുള്ളില്‍ നേടിയ രണ്ട് ഗോളിലൂടെ സെര്‍ബിയ 2-1 ന് ലീഡ് ഉറപ്പിച്ചു. പവലോവിച്ചും മിലിന്‍കോവിച്ചുമാണ് സെര്‍ബിയയ്ക്കായി ഗോള്‍ നേടിയത്.
53ാം മിനുറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് സെര്‍ബിയന്‍ ലീഡ് ഉയര്‍ത്തിയതോടെ കാമറൂണിന് തിരിച്ചുവരവ് അസാധ്യമെന്ന് തോന്നി. എന്നാല്‍ ആഫ്രിക്കന്‍ കരുത്തര്‍ പോരാട്ടം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 63ാം മിനുറ്റില്‍ വിന്‍സെന്‌റ് അബൂബക്കര്‍ കാമറൂണിനായി രണ്ടാം ഗോള്‍ നേടി. മൂന്ന് മിനുറ്റിനുള്ളില്‍ സെര്‍ബിയന്‍ വല വീണ്ടും കുലുക്കി, ചൗപ്പോ -മൗട്ടിങ് സമനില കണ്ടു. പിന്നീട് വിജയ ഗോളിനായി നത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരു സംഘത്തിനുമായില്ല.
ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ , സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകള്‍ക്ക് മൂന്ന് വീതം പോയിന്‌റുണ്ട്. സെര്‍ബിയയും കാമറൂണും ഓരോ പോയിന്‌റ് വീതം നേടിയതോടെ നക്കൗട്ട് സാധ്യതകള്‍ എല്ലാ ടീമുകള്‍ക്കും സജീവമാണ്.