മെസിയെ അലട്ടിയ ഹാംസ്ട്രിങ്; ഒടുവില്‍ ആരാധകര്‍ക്ക് ആശ്വാസം
എട്ടു വർഷങ്ങൾക്കിപ്പുറം അർജന്റീന വീണ്ടുമൊരു ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഫുട്ബോളിലെ ലോകകിരീടം നേടാനാകാതെ കരിയര്‍ അവസാനിപ്പിച്ച ഒരുപിടി മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാതിരിക്കാന്‍ അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിക്ക് വീണ്ടുമൊരു അവസരം കൈവന്നിരിക്കുകയാണ്. ഇന്നലെ ക്രൊയേഷ്യയ്‌ക്കെതിരായ സെമിഫൈനലില്‍ കളംനിറഞ്ഞു കളിച്ച മെസിയുടെ മികവാണ് അര്‍ജന്റീനയ്ക്ക് കലാശക്കളിക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തത്. എന്നാല്‍ മത്സരത്തിനിടെ താരത്തിന് ഹാംസ്ട്രിങ് ഇന്‍ജുറി നേരിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അങ്കലാപ്പാണ് ആരാധക മനസുകളില്‍ കോരിയിട്ടത്. ടീമിന്റെ മുഴുവൻ ഊർജ്വ സ്രോതസ്സായി ഫൈനലിലും മെസിക്ക് കളിക്കാൻ കഴിയുമോ എന്നതാണ് ആശങ്കയ്ക്ക് വഴിവച്ചത്.
ക്രൊയേഷ്യയ്‌ക്കെതിരേ ആദ്യ പകുതിയിൽ തന്നെ ഹാംസ്ട്രിങ് മസിലുകൾക്ക് ഉണ്ടായ പരുക്ക് മെസി പ്രകടമാക്കിയിരുന്നു. ഇടതുകാലിന്റെ പിൻഭാഗത്ത് കൈ അമർത്തി കളിക്കിടെ നിൽക്കുന്ന താരത്തിന്റെ ചിത്രവും വൈറലായി. എന്നാൽ നിലവിൽ വളരെ ആശ്വാസകരമായ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പരുക്ക് മെസിയെ അലട്ടുന്നില്ലെന്നും ഫൈനലിൽ അർജന്റീനയ്‌ക്കൊപ്പം ലുസൈൽ സ്റ്റേഡിയത്തിൽ മെസി ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. കളിയുടെ രണ്ടാം പകുതിയിൽ തന്നെ മെസിക്ക് പൂർണ ഫിറ്റ്നസിലേക്ക് തിരിച്ചെത്താൻ സാധിച്ചിരുന്നു.
ക്രൊയേഷ്യക്കെതിരെ മുഴുവൻ സമയവും കാലത്തിലുണ്ടായിരുന്ന മെസി ഒരു ഗോളും രണ്ട് അസിസ്റ്റും നൽകി. തന്റെ കരിയറിലെ അവസാന ലോകകപ്പിൽ ലഭിച്ചിരിക്കുന്ന അവസരം പൂർണമായി ഉപയോഗിച്ച് ലോകകപ്പ് നേടാനാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് ആരാധകർ. 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ആരാകും എതിരാളികൾ എന്നത് ഇന്നത്തെ ഫ്രാൻസ്, മൊറോക്കോ മത്സര ശേഷം മാത്രമേ അറിയാൻ സാധിക്കു.