നോക്കൗട്ട് ഇന്നു മുതല്‍; ആദ്യ പോരാട്ടം ഹോളണ്ടും യുഎസും തമ്മില്‍

നോക്കൗട്ട് ഇന്നു മുതല്‍; ആദ്യ പോരാട്ടം ഹോളണ്ടും യുഎസും തമ്മില്‍

ഇനി മരണക്കളി. തോല്‍ക്കുന്നവര്‍ പുറത്ത്, ജയിക്കുന്നവര്‍ മുന്നോട്ട്. ഇതുവരെയുള്ള പിഴവുകള്‍ക്ക് ഇനി സ്ഥാനമില്ല, കാരണം അതു ചിലപ്പോള്‍ ഒരു മടക്കടിക്കറ്റാകും സമ്മാനിക്കുക.
Updated on
1 min read

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിന്റെ ധാരാളിത്തത്തില്‍ നിന്ന് നോക്കൗട്ടിന്റെ പിരിമുറുക്കത്തിലേക്ക്. 48 മത്സരങ്ങള്‍ നീണ്ട ഗ്രൂപ്പ് ഘട്ടത്തിന് ഇന്നലെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ പ്രീക്വാര്‍ട്ടര്‍ ചിത്രം വ്യക്തമായി. ഇനി മരണക്കളി. തോല്‍ക്കുന്നവര്‍ പുറത്ത്, ജയിക്കുന്നവര്‍ മുന്നോട്ട്. ഇതുവരെയുള്ള പിഴവുകള്‍ക്ക് ഇനി സ്ഥാനമില്ല, കാരണം അതു ചിലപ്പോള്‍ ഒരു മടക്കടിക്കറ്റാകും സമ്മാനിക്കുക.

നോക്കൗട്ടിലെ ആദ്യ പോരാട്ടം ഹോളണ്ടും യുഎസും തമ്മിലാണ്. ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8:30-നാണ് മത്സരം. ഗ്രൂപ്പ് എയില്‍ തോല്‍വിയറിയാതെ ഗ്രൂപ്പ് ജേതാക്കളായാണ് ഹോളണ്ടിന്റെ വരവ്. രണ്ടു ജയവും ഒരു സമനിലയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ വഴങ്ങിയത് ഒന്നു മാത്രം.

മൂന്നു ഗോളുകള്‍ നേടിയ യുവതാരം കോഡി ഗ്യാക്‌പോയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവരുടെ താരമായത്. ഈ ലോകകപ്പിന്റെ ടോപ്‌സ്‌കോറര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇപ്പോഴെ മുന്‍പന്തിയില്‍ ഇടംപിടിച്ച താരമാണ് ഗ്യാക്‌പോ. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം താരം നോക്കൗട്ടിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ റൗണ്ടില്‍ കാര്യമായി തിളങ്ങാതെ പോയ സ്‌ട്രൈക്കര്‍ മെംഫിസ് ഡിപെയുടെ കാര്യത്തിലാണ് ടീമിന്റെ ആശങ്ക. ഫ്രെങ്കി ഡിയോങ് നയിക്കുന്ന മധ്യനിരയും വിര്‍ജില്‍ വാന്‍ഡിക് നയിക്കുന്ന പ്രതിരോധനിരയും സുശക്തമാണ്.

മറുവശത്ത് ഗ്രൂപ്പ് ഘടടത്തില്‍ കടുത്ത പോരാട്ടങ്ങള്‍ അതിജീവിച്ചാണ് യുഎസിന്റെ വരവ്. കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചും നിര്‍ണായക മത്സരത്തില്‍ ചിരവൈരികളായ ഇറാനെ തോല്‍പിച്ചുമാണ് അവരുടെ നോക്കൗട്ട് പ്രവേശനം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ പരുക്കാണ് പക്ഷേ അവര്‍ക്ക് തിരിച്ചടിയാകുന്നത്.

ഇറാനെതിരായ നിര്‍ണായക മത്സരത്തില്‍ ടീമിന്റെ വിജയഗോള്‍ നേടുന്നതിനിടെ പരുക്കേറ്റ താരം ഇന്ന് കളത്തിലിറങ്ങില്ലെന്ന് ഉറപ്പായി. പുലിസിച്ചിന്റെ അഭാവത്തില്‍ സെര്‍ജിനോ ഡെസ്റ്റ്, തിമോത്തി വിയ, ടൈലര്‍ ആഡംസ്, തുടങ്ങിയവരിലാണ് യുഎസിന്റെ പ്രതീക്ഷ.

ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഹോളണ്ടിനാണ് മേല്‍കൈ. ഇതുവരെ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ നാലിലും അവര്‍ ജയിച്ചപ്പോള്‍ ഒരു തവണയാണ് ജയം യുഎസിനൊപ്പം നിന്നത്. 10 തവണ ഹോളണ്ട് വലകുലുക്കിയപ്പോള്‍ നേര്‍പകുതി തവണയാണ് യുഎസിന് പന്ത് വലയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ഇരുടീമുകളും പോരാടിച്ചത് 2015 ജൂണിലാണ്. അന്ന് 4-3 എന്ന സ്‌കോറിന് യുഎസ് ആണ് കളംനിറഞ്ഞതും ജയിച്ചതും.

logo
The Fourth
www.thefourthnews.in