ലോകകപ്പില്‍ പുതുചരിത്രമെഴുതി കാനഡ; താരമായി ഡേവിസ്
രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ കാനഡയുടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഒന്നിനെതിരെ നാല് ഗോള്‍ക്കാണ് ക്രൊയേഷ്യയോട് കാനഡ പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍, ലോകകപ്പില്‍ പുതുചരിത്രമാണ് ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കാനഡ എഴുതിച്ചേര്‍ത്തത്. ക്രൊയേഷ്യക്കെതിരെ അല്‍ഫോണ്‍സോ ഡേവിസ് നേടിയ ഗോള്‍ ലോകകപ്പിലെ കാനഡയുടെ ആദ്യ ഗോളായിരുന്നു. മാത്രമല്ല, ഖത്തറില്‍ ഇതുവരെ പിറന്നതില്‍ അതിവേഗ ഗോളും അതായിരുന്നു.
രണ്ടാം ലോകകപ്പിന് ഇറങ്ങിയ കാനഡ ആദ്യമായാണ് ഗോള്‍ നേടുന്നത്. കളി തുടങ്ങി 68ാം സെക്കന്‍ഡിലായിരുന്നു കാനഡയുടെ ഗോള്‍. ടയണ്‍ ബുക്കാനന്‍ പെനാല്‍റ്റി ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ ഹെഡ്ഡര്‍ ക്രൊയേഷ്യയുടെ ഗോള്‍വല കുലുക്കുകയായിരുന്നു. 1986ലെ ലോകകപ്പിലാണ് കാനഡ ആദ്യമായി പങ്കെടുക്കുന്നത്. ഹംഗറി, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലായിരുന്നു കാനഡ. ഒരു ഗോള്‍ പോലും നേടാനാകാതെ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി ആദ്യ റൗണ്ടില്‍ തന്നെ കാനഡ പുറത്തായി. ആറ് ഗോളുകളാണ് ടൂര്‍ണമെന്റില്‍ കാനഡ വഴങ്ങിയത്. അതിനുശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഖത്തറിലെ അതിവേഗ ഗോള്‍ കൂടിയാണ് ഡേവിസ് സ്വന്തമാക്കിയത്. ഇക്വഡോറിനെതിരായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ കോഡി ഗാക്‌പോ ആറാം മിനുറ്റില്‍ സ്വന്തമാക്കിയ ഗോളായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും വേഗമേറിയ ഗോള്‍. ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് ഗോഡ്‌വിന്‍ (ഫ്രാന്‍സിനെതിരെ ഒമ്പതാം മിനുറ്റ്), അര്‍ജന്‍ീനയുടെ ലയണല്‍ മെസി (സൗദി അറേബ്യക്കെതിരെ പത്താം മിനുറ്റ്) എന്നിവരാണ് ഖത്തറിലെ ആദ്യ സ്ഥാനങ്ങളിലുള്ള അതിവേഗ ഗോള്‍ വേട്ടക്കാര്‍.
ഖത്തറില്‍ ബെല്‍ജിയത്തിനെതിരെ ആയിരുന്നു കാനഡയുടെ ആദ്യ മത്സരം. എന്നാല്‍ ഒറ്റ ഗോളില്‍ ബെല്‍ജിയം ജയിച്ചു. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ രണ്ടാം മിനുറ്റില്‍ ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് നാല് ഗോളുകള്‍ വഴങ്ങേണ്ടി വന്നു. രണ്ട് മത്സരവും തോറ്റതോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളും അവസാനിച്ചു.