കോഡി ഗാക്പോ
കോഡി ഗാക്പോ

ലോകകപ്പിലെ ആദ്യ മൂന്ന് കളിയിലും ഗോൾ: റെക്കോർഡ് നേടി ഗാക്പോ

ഇറ്റലിയുടെ അലസ്സാൻഡ്രോ ആൾട്ടോബെല്ലിയാണ് ഒരു ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ആദ്യ ഗോൾ നേടുന്ന പ്രഥമ താരം
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ ആതിഥേയര്‍ക്കെതിരെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിന് വേണ്ടി ആദ്യം വല കുലുക്കിയത് കോഡി ഗാക്പോയെന്ന 23കാരനായിരുന്നു. 26ാം മിനുറ്റിലായിരുന്നു ഓറഞ്ച്പടയെ കോരിത്തരിപ്പിച്ച ഗോള്‍ പിറന്നത്. ഡേവി ക്ളാസന്‍ വിദഗ്ധമായി നീട്ടിനല്‍കിയ പന്തുമായി ഖത്തര്‍ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സിലേക്ക് കയറിയ ഗാക്പോ ഗോൾ കീപ്പർ മിഷാൽ ബർഷമിനെ കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ, ലോകകപ്പിലെ ആദ്യ മൂന്ന് കളികളിലും ഗോൾ നേടുന്ന താരമായി ഗാക്പോ. മാത്രമല്ല, നെതർലൻഡ്സിന് വേണ്ടി ആദ്യ മൂന്ന് ലോകകപ്പ് മാച്ചുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഗാക്പോ സ്വന്തമാക്കി.

ഇറ്റലിയുടെ അലസ്സാൻഡ്രോ ആൾട്ടോബെല്ലിയാണ് ഒരു ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ആദ്യ ഗോൾ നേടുന്ന പ്രഥമ താരം. 1986-ലെ മെക്സിക്കോ ലോകകപ്പിലായിരുന്നു ആൾട്ടോബെല്ലിയുടെ റെക്കോർഡ് നേട്ടം. ലോകകപ്പിൽ രാജ്യത്തിന് വേണ്ടി മൂന്ന് ഗോളടിച്ച ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫിന്റെ റെക്കോർഡിനൊപ്പമാണ് നിലവിൽ ഗാക്പോ. യോഹാൻ നീസ്കൻസ് (1974), ഡെന്നിസ് ബെർഗ്കാംപ് (1994), വെസ്ലി സ്നൈഡർ (2010) എന്നിവരാണ് തുടരെയുള്ള മൂന്ന് കളികളിൽ സ്കോർ ചെയ്തിട്ടുള്ള മറ്റ് താരങ്ങൾ. ഖത്തറിനെതിരായ ഗോളോടെ ആ ക്ലബ്ബിലേക്കെത്തുന്ന നാലാമത്തെ താരമായി ഗാക്പോ മാറി.

ഡച്ച് ക്ലബ്ബായ പി എസ് വി ഐന്തോവനായി കളിക്കുന്ന താരം ഇതുവരെ 13 ഗോളുകളും 17 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിന് വലിയ ഡിമാൻഡാണ് ഉള്ളത്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗാക്പോയെ സ്‌ക്വാഡിൽ എത്തിക്കാനുള്ള നീക്കത്തിലാണെന്ന് അഭ്യൂഹങ്ങളുമുണ്ട്. 45 മില്യൺ യൂറോയാണ് താരത്തിന്റെ ട്രാൻസ്ഫർ മൂല്യം.

ഖത്തറിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ് പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. തോൽവി അറിയാതെയാണ് ഓറഞ്ച് പടയുടെ തേരോട്ടം.

logo
The Fourth
www.thefourthnews.in