ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് പുറത്തിരിക്കുമോ?
ലോകകപ്പിന്റെ പ്രീക്വാർട്ടറുറപ്പിച്ച പോർച്ചുഗൽ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. എന്നാൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച താരം പരിശീലനം നടത്തിയിട്ടില്ലെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് വ്യക്തമാക്കി. കൊറിയയ്‌ക്കെതിരായ മത്സരം പോർച്ചുഗലിന് നിർണായകമല്ലെങ്കിലും കളിച്ചില്ലെങ്കിൽ ഗോൾഡൻ ബൂട്ട് സാധ്യതകളെ അത് ബാധിക്കും. താരം ഫിറ്റല്ലെന്നും അടുത്ത മത്സരത്തിന് ഇറങ്ങാൻ പകുതി സാധ്യത മാത്രമേ ഉള്ളൂ എന്നും പരിശീലകന്‍ പ്രതികരിച്ചു. എല്ലാ താരങ്ങളും മുഴുവന്‍ മത്സരങ്ങളും കളിക്കുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും ഫെര്‍ണാണ്ടോ സാന്റോസ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച പരിശീലനത്തിനെത്താതെ താരം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു.
മത്സരം നഷ്ടമാക്കുന്നത് താരത്തിന്റെ ഗോള്‍ഡന്‍ ബൂട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും . എംബാപ്പെ, എന്നെര്‍ വലെന്‍സിയ, കോഡി ഗാക്പോ, മാര്‍ക്കസ് റാഷ്‌ഫോഡ് എന്നിവര്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇതിനോടകം മൂന്ന് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഘാനയ്‌ക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റി ഗോളാക്കിയ റൊണാള്‍ഡോ യുറുഗ്വായ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഗോളുകള്‍ ഒന്നും നേടിയിരുന്നില്ല.
യുറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നേടിയ ഗോള്‍ റൊണാള്‍ഡോയുടേതാണെന്ന് വാദിച്ച് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പന്ത് റൊണാള്‍ഡോയുടെ തലയില്‍ തട്ടിയിട്ടില്ലെന്നും ഗോള്‍ നേടിയത് ബ്രൂണോ ഫെര്‍ണാണ്ടസാണെന്നും പന്ത് നിര്‍മാതാക്കളായ അഡിഡാസ് വ്യക്തമാക്കിയിരുന്നു.
ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കൊറിയയ്‌ക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ പറങ്കിപ്പടയുടെ തലപ്പത്ത് റൊണാള്‍ഡോ ഇല്ലെന്നത് ആരാധകരെ നിരാശപ്പെടുത്തിയേക്കാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ക്ലബ് വിട്ട താരം തന്റെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ദേശീയ ടീമിനെ ബാധിക്കില്ലെന്ന് ലോകകപ്പിനു മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശീലനത്തിനെത്താതിരുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.