പന്തില്‍ തൊടാതെ 'സ്‌കോര്‍' ചെയ്ത് ക്രിസ്റ്റിയാനോ; തിരുത്തി ഫിഫ

പന്തില്‍ തൊടാതെ 'സ്‌കോര്‍' ചെയ്ത് ക്രിസ്റ്റിയാനോ; തിരുത്തി ഫിഫ

വീണ്ടും വീണ്ടും റീപ്ലേ കണ്ടു നോക്കി ഒടുവില്‍ സ്ഥിരീകരണം വന്നു. ഗോളടിച്ചത് ക്രിസ്റ്റിയാനോയല്ല, ബ്രൂണോയാണ്.
Updated on
1 min read

കളത്തിലായാലും പുറത്തായാലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോളം മിടുക്ക് മറ്റൊരു ഫുട്‌ബോള്‍ താരത്തിനുമില്ല. അത് പോസിറ്റീവ് വാര്‍ത്തയെന്നോ നെഗറ്റീവ് വാര്‍ത്തയെന്നോയുള്ള വേര്‍തിരിവുമില്ല, എന്നും എപ്പോഴും ഇങ്ങനെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കണമെന്ന വാശിയുള്ളത് പോലെയാണത്.

ഇപ്പോള്‍ ഇതാ പന്തില്‍ 'തൊടാതെ' സ്‌കോര്‍ ചെയ്തതായി ആഘോഷിച്ച് ഇളിഭ്യനായാണ് പോര്‍ചുഗീസ് സൂപ്പര്‍ താരം വാര്‍ത്തകളില്‍ നിറയുന്നത്. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ ഇന്ന് നടന്ന പോര്‍ചുഗല്‍-യുറുഗ്വായ് മത്സരത്തിനിടെയായിരുന്നു സംഭവം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ചുഗല്‍ ലീഡ് നേടിയത്. ബോക്‌സിനു പുറത്ത് ഇടതുവശത്തു നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ക്രോസിലേക്ക് ചാടി ഉയര്‍ന്നു ക്രിസ്റ്റിയാനോ തലവയ്ക്കുകയായിരുന്നു. പന്ത് ദിശ തെറ്റാതെ യുറുഗ്വായ് വലയില്‍.

ഗോള്‍ നേടിയ ആവേശത്തില്‍ ക്രിസ്റ്റിയാനോയുടെ സ്വതസിദ്ധ ശൈലിയിലുള്ള തകര്‍പ്പന്‍ ആഘോഷം. സൂപ്പര്‍ താരം ഗോളടിച്ച സന്തോഷത്തില്‍ ആരാധകരും. എന്നാല്‍ പിന്നീടായിരുന്നു ട്വിസ്റ്റ്. ഗോളിന്റെ റീപ്ലേകള്‍ വന്നപ്പോള്‍ സകലരും ഞെട്ടി. ബ്രൂണോയുടെ ക്രോസ് ക്രിസ്റ്റിയാനോയുടെ തലയില്‍ പോയിട്ട് മുടിയിഴയില്‍ പോലും സ്പര്‍ശിച്ചിട്ടില്ല. പകരം നേരെ വലയില്‍ പതിക്കുകയായിരുന്നു.

വീണ്ടും വീണ്ടും റീപ്ലേ കണ്ടു നോക്കി ഒടുവില്‍ സ്ഥിരീകരണം വന്നു. ഗോളടിച്ചത് ക്രിസ്റ്റിയാനോയല്ല, ബ്രൂണോയാണ്. ആദ്യത്തെ ആഘോഷം കണ്ട് ഗോള്‍ സൂപ്പര്‍ താരത്തിന്റെ പേരില്‍ എഴുതിക്കൊടുത്ത ഫിഫയും പിന്നീട് തിരുത്തി. ഗോളവകാശം ക്രിസ്റ്റിയാനോയില്‍ നിന്നു മാറ്റി ഔദ്യോഗികമായി ബ്രൂണോയ്ക്കു നല്‍കി.

logo
The Fourth
www.thefourthnews.in