പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ക്രൊയേഷ്യയും മൊറോക്കോയും: സാധ്യത മങ്ങാതെ ബെല്‍ജിയം
ഗ്രൂപ്പ് എഫിലെ ടീമുകള്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള അവസാന മത്സരത്തിനായി ഇറങ്ങുമ്പോള്‍ പോര് കടുക്കും. വിജയത്തിനൊപ്പം ഗോള്‍ വ്യത്യാസവും നിര്‍ണായകമാകുമെന്നതിനാല്‍ ഗോള്‍ അടിക്കുന്നതിനൊപ്പം വഴങ്ങാതിരിക്കാനുമാകും ശ്രദ്ധിക്കുക. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഗ്രൂപ്പ് എഫിലെ ഇരു മത്സരങ്ങളും. നിലവില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെയാണ് നേരിടുക. ക്രൊയേഷ്യയ്‌ക്കൊപ്പം നാല് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മൊറോക്കോ നാലാമന്മാരായ കാനഡയോട് ഏറ്റുമുട്ടും.
2018 ലോകകപ്പില്‍ റണ്ണേഴ്സപ്പായ ക്രൊയേഷ്യക്ക് ഗ്രൂപ്പ് ഘട്ടം മറികടക്കാന്‍ സമനില ധാരാളമാണ്. മൊറോക്കോയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയിലായിരുന്നു ക്രൊയേഷ്യയുടെ തുടക്കം. എന്നാല്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ കാനഡയ്‌ക്കെതിരെ 4-1 ന് അതിഗംഭീര തിരിച്ചുവരവ് നടത്തി. ഇരട്ട ഗോള്‍ നേടിയ ആന്‍ഡ്രെജ് ക്രാമറിച്ചിന്റെ ഫോം ഈ മത്സരത്തിലും ക്രൊയേഷ്യക്ക് മികച്ച പ്രതീക്ഷ നല്‍കുന്നു. മാര്‍ക്കോ ലിവായയും നല്ല ഫോമില്‍ തുടരുന്നുണ്ട്. അപരാജിത കുതിപ്പുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ക്രൊയേഷ്യക്ക് തോല്‍വിയെ മാത്രം ഭയന്നാല്‍ മതി. മൊറോക്കോ കാനഡയോട് തോറ്റാല്‍ ക്രൊയേഷ്യയുടെ തോല്‍വി ഭാരമാകില്ല. മറിച്ച് മൊറോക്കോ ജയമോ സമനിലയോ സ്വന്തമാക്കുകയും ക്രൊയേഷ്യ തോല്‍ക്കുകയും ചെയ്താല്‍ ക്രൊയേഷ്യ പുറത്താകും.
ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കാനഡയ്ക്ക് ലോകകപ്പ് പ്രതീക്ഷ വയ്‌ക്കേണ്ടതില്ല. അതേസമയം, മൊറോക്കോയ്ക്ക് മത്സരം നിര്‍ണായകമാണ്. കാനഡയോട് ജയിച്ചാലും സമനില പിടിച്ചാലും മൊറോക്കോയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാണ്. പക്ഷേ, സമനില തുണയ്ക്കണമെങ്കില്‍ ക്രൊയേഷ്യ ബെല്‍ജിയത്തെ തോല്‍പ്പിക്കുകയോ സമനില പിടിക്കുകയോ വേണം. അതേസമയം, ബെല്‍ജിയം ക്രൊയേഷ്യയെ തോല്‍പ്പിക്കുകയും മൊറോക്കോ കാനഡയോട് തോല്‍ക്കുകയും ചെയ്താല്‍ ഗോള്‍ വ്യത്യാസത്തില്‍ ക്രൊയേഷ്യ അവസാന പതിനാറില്‍ എത്തും.
ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് അവസാന 16ല്‍ ഇടം പിടിക്കണമെങ്കില്‍ ജയം അനിവാര്യമാണ്. ആദ്യമത്സരത്തില്‍ കാനഡയ്‌ക്കെതിരെ നേരിയ വിജയം നേടിയ ബെല്‍ജിയം പിന്നീട് 2-0ന് മൊറോക്കോയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ഖത്തറില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല. പ്രധാന താരങ്ങളുടെ ഫിറ്റ്‌നസും ഫോമും ആശങ്കയുയര്‍ത്തുന്നുണ്ട്. പരുക്കില്‍ നിന്ന് മോചിതനായ റൊമേലു ലുക്കാക്കുവിനെ ആദ്യ ഇലവനില്‍ കൊണ്ടു വരാന്‍ ബെല്‍ജിയത്തിന് കഴിയും. കാനഡയ്‌ക്കെതിരെ നിര്‍ണായക ഗോള്‍ നേടിയ മിച്ചി ബിറ്റ്ഷുവായും ടീമിന്റെ പ്രതീക്ഷയാണ്.