മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യയുടെ മടക്കം; ആഫ്രിക്കന്‍ പ്രതീക്ഷയായി മൊറോക്കോ

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യയുടെ മടക്കം; ആഫ്രിക്കന്‍ പ്രതീക്ഷയായി മൊറോക്കോ

ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് മൊറോക്കോയ്ക്ക് വീണ്ടും തിരിച്ചടിയായത്
Published on

ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരം ജയിച്ച് ക്രൊയേഷ്യ. മൊറോക്കോയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രോട്ടുകളുടെ ജയം. ജോസ്‌കോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഓര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യക്കായി വല കുലുക്കിയത്. അഷ്റഫ് ഡാരി വകയായിരുന്നു മൊറോക്കോയുടെ ആശ്വാസ ഗോള്‍. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ മോഡ്രിച്ചും സംഘവും ജയത്തോടെയാണ് ഖത്തറില്‍നിന്ന് മടങ്ങുന്നത്. അതേസമയം, ലോകകപ്പിലെ ഒരു ആഫ്രിക്കന്‍ ടീമിന്റെ മികച്ച പ്രകടനം സ്വന്തം പേരില്‍ കുറിച്ചാണ് മൊറോക്കോയുടെ മടക്കം.

സെമി ഫൈനലില്‍ തോല്‍വി പിണഞ്ഞ ക്രൊയേഷ്യയും മൊറോക്കോയും ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ മൊറോക്കോയ്ക്ക് വീണ്ടും തിരിച്ചടിയായി. ഏഴാം മിനുറ്റില്‍ തന്നെ ക്രോട്ടുകള്‍ വിശ്വരൂപം കാണിച്ചു. ബോക്‌സിലേക്ക് വന്ന ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ചിന്റെ ഹെഡ്ഡറില്‍ ഗ്വാര്‍ഡിയോളിലേക്ക്. മുന്നിലേക്ക് ചാടി തലവെച്ച ഗ്വാര്‍ഡിയോളിന് തെറ്റിയില്ല. യാസിന്‍ ബാനോയെ മറികടന്ന് പന്ത് വലയിലെത്തി. മത്സരത്തില്‍ ക്രൊയോഷ്യ മുന്നിലെത്തി. എന്നാല്‍ ക്രൊയേഷ്യന്‍ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഒന്‍പതാം മിനുറ്റില്‍ മൊറോക്കോ തിരിച്ചടിച്ചു. ഹക്കീം സിയെച്ച് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറവി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ക്രൊയേഷ്യന്‍ താരം ലോവ്റോ മയര്‍ക്ക് പിഴച്ചു. മയറുടെ തലയില്‍ തട്ടി ഉയര്‍ന്ന് പന്ത് അഷ്റഫ് ഡാരി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഓരോ ഗോള്‍ വീണതോടെ സമനിലപ്പൂട്ട് അഴിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. അതില്‍ ക്രൊയേഷ്യക്കായിരുന്നു ആധിപത്യം. എന്നാല്‍ മാറോക്കോ ഗോള്‍കീപ്പര്‍ ബാനോ രക്ഷകനായി. 19ാം മിനുറ്റില്‍ ക്രാമറിച്ചിന്റെ ഹെഡ്ഡര്‍ പോസ്റ്റിലേക്കെത്തിയെങ്കിലും ബോനോ പിടിച്ചെടുത്തു. 24ാം മിനുറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് തട്ടിയകറ്റി. റീബൗണ്ടില്‍ പെരിസിച്ച് ഗോളിനായി ശ്രമിക്കും മുന്‍പേ ബാനോ പന്ത് തട്ടിയകറ്റി. മൊറോക്കോന്‍ പ്രതിരോധത്തെ വെല്ലുവിളിച്ചുകൊണ്ട് ക്രൊയേഷ്യ കളിയില്‍ ആധിപത്യം സ്ഥാപിച്ചു. 42ാം മിനുറ്റില്‍ അതിന് ഫലം കണ്ടു. മികച്ച മുന്നേറ്റത്തിനൊടുവില്‍ മാര്‍ക്കോ ലിവായ നല്‍കിയ പാസില്‍ മിസ്ലാവ് ഓര്‍സിച്ച് തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച ശേഷം വലയില്‍ കയറുകയായിരുന്നു. ബാനോയുടെ കണക്കുക്കൂട്ടല്‍ തെറ്റിക്കുന്നതായിരുന്നു ഓര്‍സിച്ചിന്റെ ഗോള്‍. അധികം താമസിക്കാതെ ആദ്യ പകുതി പിന്നിട്ടു.

രണ്ടാം പകുതിയിലും ക്രൊയേഷ്യ ആക്രമിച്ചു കളിച്ചു. എന്നാല്‍ മൊറോക്കോ പ്രതിരോധം ശക്തിപ്പെടുത്തി വല കാത്തു. അതിനിടെ, മത്സരം സമനിലയിലേക്ക് എത്തിക്കാനായി മൊറോക്കോയുടെ ശ്രമങ്ങള്‍. പക്ഷേ, മുന്നേറ്റങ്ങള്‍ പലതും ക്രൊയേഷ്യന്‍ ബോക്‌സില്‍ തീര്‍ന്നു. അബ്രമാത്തിന്റെ ഉള്‍പ്പെടെ ഷോട്ടുകള്‍ പോസ്റ്റിന് പുറത്തേക്കും പോയതോടെ, അവസാന ജയം ക്രൊയേഷ്യക്ക് സ്വന്തമായി.

logo
The Fourth
www.thefourthnews.in