ഖത്തറില്‍നിന്ന് ജയിച്ച് മടങ്ങണം; ചരിത്രപ്പോരാട്ടത്തില്‍ കാലിടറിയവര്‍ ഇന്ന് നേര്‍ക്കുനേര്‍

ഖത്തറില്‍നിന്ന് ജയിച്ച് മടങ്ങണം; ചരിത്രപ്പോരാട്ടത്തില്‍ കാലിടറിയവര്‍ ഇന്ന് നേര്‍ക്കുനേര്‍

സെമി ഫൈനലില്‍ തോല്‍വി പിണഞ്ഞ ക്രൊയേഷ്യയും മൊറോക്കോയും ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടും. രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം. സെമി ഫൈനലില്‍ തോല്‍വി പിണഞ്ഞ ക്രൊയേഷ്യയും മൊറോക്കോയും ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടും. അവസാന മത്സരം ജയിച്ച് നാട്ടിലേക്ക് മടങ്ങാനാകും ചരിത്രപ്പോരാട്ടത്തില്‍ കാലിടറിയ ഇരു ടീമുകളുടെ ലക്ഷ്യം. രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

മികച്ച പ്രതിരോധം തീര്‍ത്ത് കളി വശത്താക്കാന്‍ ശേഷിയുള്ള ക്രൊയേഷ്യയും മൊറോക്കോയും ഫൈനല്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയിരുന്നു. കഴിഞ്ഞ തവണ കലാശപ്പോരില്‍ നഷ്ടമായ കിരീടം സ്വന്തമാക്കാനുറച്ചാണ് ക്രൊയേഷ്യ ഇക്കുറി ഖത്തറിലെത്തിയത്. എന്നാല്‍ റഷ്യന്‍ മണ്ണില്‍ ഫൈനല്‍ വരെ നടത്തിയ അത്ഭുത കുതിപ്പ് ആവര്‍ത്തിക്കാന്‍ ക്രോട്ടുകള്‍ക്ക് കഴിഞ്ഞില്ല. സെമി ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റു. കിരീട നേട്ടത്തിനരികെ വീണുപോയ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നാം സ്ഥാനമെങ്കിലും നേടിയേ തീരൂ. ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് കൂടിയാണിത്. തങ്ങളുടെ നായകന് വേണ്ടിയും അവസാന മത്സരം ക്രോട്ടുകള്‍ക്ക് ജയിക്കണം. മെസിയും സംഘത്തിനുമെതിരെ സംഭവിച്ച പാളിച്ചകള്‍ പരിഹരിച്ച്, ആത്മവിശ്വാസത്തോടെയാകും ക്രോട്ടുകള്‍ കളത്തിലിറങ്ങുക.

സെമി പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടായിരുന്നു ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയുടെ തോല്‍വി. മത്സരത്തിന്റെ അവസാനം വരെ ചെറുത്തുനിന്നതും പോരാടിയതും മൊറോക്കോ ആയിരുന്നു. എന്നാല്‍ മികച്ച ഫിനിഷറുടെ അഭാവം നിഴലിച്ച മത്സരത്തില്‍, കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരുപിടി അവസരങ്ങള്‍ അവര്‍ നഷ്ടമാക്കിയപ്പോള്‍, ലഭിച്ച അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച ഫ്രാന്‍സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ലോകകപ്പില്‍ ഒരു ആഫ്രോ-അറബ് രാജ്യം സെമി ഫൈനല്‍ വരെ എത്തുന്നത് ആദ്യമായിരുന്നു. വമ്പന്മാര്‍ക്കെതിരെ തലയുയര്‍ത്തിനിന്ന അറ്റ്‌ലസ് സിംഹങ്ങളുടെ പോരാട്ടവീര്യം ആഫ്രിക്കന്‍ ഫുട്‌ബോളിന് തന്നെ ഉണര്‍ത്തുപാട്ടായിരുന്നു. ജയത്തോടെ അതിന് അടിവരയിടാനാകും മൊറോക്കോയുടെ ലക്ഷ്യം.

ഒരേ ഗ്രൂപ്പില്‍ പോരാടിയ ക്രൊയോഷ്യയും മൊറോക്കോയും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. സെമി ഫൈനലില്‍ മാത്രമാണ് ഇരുവരും തോല്‍വി വഴങ്ങിയത്. കിരീടമെന്ന സ്വപ്നത്തിന് തൊട്ടരികെ വീണുപോയവരും, തുല്യശക്തികളുമായതിനാല്‍, മൂന്നാം സ്ഥാനത്തിനായി തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in