'ഖത്തർ ലോകകപ്പ് പുരോഗനപരമായിരിക്കും': പരാമർശത്തിന് പിന്നാലെ ഡേവിഡ് ബെക്കാമിന് രൂക്ഷ വിമർശനം
ഖത്തർ ലോകകപ്പിന്റെ അംബാസഡറായതിന്റെ പേരിൽ സൂപ്പർ താരം ഡേവിഡ് ബെക്കാമിനും രൂക്ഷ വിമർശനം. ഞായറാഴ്ച ഖത്തറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ ലോകകപ്പിന് വിസിൽ മുഴങ്ങുന്നത് കടുത്ത ആരോപണങ്ങൾക്ക് നടുവിലാണ്. ആദ്യം അത് ഖത്തറിനെതിരെ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഖത്തർ ലോകകപ്പിന്റെ ഭാഗമായി രൂപം നൽകിയ ജനറേഷൻ അമേസിങ് നടത്തിയ പരിപാടിയിൽ ബെക്കാം നടത്തിയ പ്രസംഗമാണ് ആക്ഷേപങ്ങൾക്ക് കാരണം . ഈ ലോകകപ്പ് സഹിഷ്ണുതയുടെയും പുരോഗതിയുടെയും വേദിയാകുമെന്നായിരുന്നു ബെക്കാമിന്റെ പരാമർശം.
കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിൽ നടന്ന ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ 'ജനറേഷൻ അമേസിങ്' യൂത്ത് ഫെസ്റ്റിവലിൽ അതിഥികൾക്കായി പ്രദർശിപ്പിച്ച വീഡിയോ സന്ദേശത്തിലാണ് ബെക്കാം തന്റെ പ്രതീക്ഷ പങ്കുവെച്ചത്. "ഇന്ന് നിങ്ങൾക്ക് സ്വപ്നം കാണാനുള്ള ദിനമാണ്. ലോകകപ്പ് മേളയെ ഇതിന് മുൻപ് നടക്കാത്ത ഒരിടത്തേക്ക് എത്തിക്കുക എന്നതാണ് ഖത്തർ കണ്ട സ്വപ്നം. അത് പക്ഷെ കളിക്കളത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുക എന്നതിനപ്പുറം പുരോഗമനത്തിനുള്ള ഒരു വേദി കൂടിയാണ്." ബെക്കാം പറഞ്ഞു.
അംബാസഡർ പദവിയിലിരിക്കാൻ 150 മില്യൺ പൗണ്ടാണ് അദ്ദേഹം ഖത്തറിൽ നിന്ന് പാരിതോഷികമായി കൈപ്പറ്റുന്നത്. ഖത്തറിന്റെ ശമ്പളം വാങ്ങി അംബാസഡർ പദവിയിൽ തുടരുന്നതിനെ പല എൽജിബിടിക്യൂ സംഘടനകളും വിമർശിച്ചിരുന്നു. അദ്ദേഹത്തെ ഇനി മുതൽ ലൈംഗിക ന്യൂനപക്ഷങ്ങളോട് അനുഭാവമുള്ള ആളായി കാണാൻ ആകില്ലെന്ന് ഇംഗ്ലണ്ടിൽ നിന്നുള്ള ത്രീ ലയൺസ് പ്രൈഡ് ഗ്രൂപ്പ് എന്ന സംഘടന പറഞ്ഞിരുന്നു.
അതേസമയം, ഖത്തറും അതിന്റെ അംബാസഡർമാരും ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ബെക്കാം പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് ഖത്തറിലെ ഫുട്ബോൾ പ്രേമികൾ വളരെ മനോഹരമായൊരു സ്വപ്നം കണ്ടത്. ഈ ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മേളയായ ഫുട്ബോൾ ലോകകപ്പ് തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അത്. ഇന്ന് സ്വപ്നം കാണാനുള്ള ദിവസമാണ്. കാരണം മനോഹരമായ ഈ കളിയിൽ, വലിയ നേട്ടങ്ങൾ കൊയ്യാൻ നിങ്ങൾക്കും നിങ്ങളുടെ ടീമംഗങ്ങൾക്കും കഴിയും. പരിശീലകരുടെയും അധ്യാപകരുടെയും യുവനേതാക്കളുടെയും നേതൃത്വത്തിൽ പ്രചോദനാത്മകമായ ഒരു ആഗോള സമൂഹത്തെ സൃഷ്ടിക്കാൻ നിങ്ങൾക്കായി. ഇതെല്ലാം ഒരു സ്വപ്നമായിട്ടാണ് ആരംഭിച്ചത്. ഇപ്പോള്‍ ആ സ്വപ്നം നേടിക്കഴിഞ്ഞുവെന്നും ബെക്കാം പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങളോടും തൊഴിലാളികളോടുമുള്ള രാജ്യത്തിനെ സമീപനമാണ് നിലവിൽ വലിയ ചർച്ചയാവുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തുന്ന എൽജിബിടിക്യു അടക്കമുള്ള ബഹുസ്വര സമൂഹത്തെ ഖത്തർ എന്ന അറബ് രാഷ്ട്രം എത്തരത്തിലാകും സ്വീകരിക്കുക എന്നതും പാശ്ചാത്യ സമൂഹം ചർച്ച ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഈ ലോകകപ്പ് തീർത്തും പുരോഗനാത്മകമായിരിക്കുമെന്ന ബെക്കാമിന്റെ സന്ദേശം വിവാദത്തിലാകുന്നത്.