കാവല്‍ മാലാഖയാകാന്‍ ഡിമരിയ ഉണ്ടായേക്കില്ല; അര്‍ജന്റീനയ്ക്ക് തിരിച്ചടി

കാവല്‍ മാലാഖയാകാന്‍ ഡിമരിയ ഉണ്ടായേക്കില്ല; അര്‍ജന്റീനയ്ക്ക് തിരിച്ചടി

ഡിമരിയയ്ക്ക് പകരം എയഞ്ചല്‍ കൊറയയോ പൂര്‍ണ ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍ പൗളോ ഡിബാലയോ കളത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published on

ഖത്തര്‍ ലോകകപ്പില്‍ ആദ്യ മത്സരത്തിലെ തിരിച്ചടിയില്‍ നിന്നു കരകയറി തുടര്‍ ജയങ്ങളുമായി നോക്കൗട്ടില്‍ കടന്ന അര്‍ജന്റീനയ്ക്ക് ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനു മുമ്പേ കനത്ത തിരിച്ചടി. സോക്രൂസിനെ നേരിടാനിറങ്ങുന്ന അര്‍ജന്റീന ടീമില്‍ പരുക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ ഉണ്ടായേക്കില്ല.

ഗ്രൂപ്പ് റൗണ്ടില്‍ പോളണ്ടിനെതിരായ അവസാന മത്സരത്തിനിടെയാണ് താരത്തിന് കാല്‍ത്തുടയില്‍ പരുക്കേറ്റത്. മത്സരത്തില്‍ 90 മിനിറ്റിനു മുമ്പേ അര്‍ജന്റീന്‍ കോച്ച് ലയണല്‍ സ്‌കലോണി ഡിമരിയയെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഡിമരിയയെ പിന്‍വലിച്ചതെന്നായിരുന്നു അന്നത്തെ മത്സരത്തിനു ശേഷം സ്‌കലോണി പറഞ്ഞിരുന്നത്.

എന്നാല്‍ താരത്തിന്റെ പരുക്ക് അല്‍പം ഗുരതരമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പരുക്കില്‍ നിന്ന് ഡിമരിയ വേഗം മുക്തനായി വന്നെങ്കിലും ചുരുങ്ങിയത് മൂന്നു ദിവസത്തെ വിശ്രമം കൂടി താരത്തിനു വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡിമരിയയെ ഇന്ന് ഇറക്കി പരുക്ക് വഷളാക്കാതിരിക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് വിവരം. ഡിമരിയയ്ക്ക് പകരം എയഞ്ചല്‍ കൊറയയോ പൂര്‍ണ ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍ പൗളോ ഡിബാലയോ കളത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സീസണില്‍ ഇതാദ്യമായല്ല ഡിമരിയ പരുക്കിന്റെ പിടിയിലാകുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന്റെ താരമായ ഡിമരിയയ്ക്ക് അവര്‍ക്കായി 10 മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങാനായത്. 12 മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി. പോളണ്ടിനെതിരായ മത്സരശേഷം നടത്തിയ പരിശോധനയില്‍ താരത്തിന് മസില്‍ ഇന്‍ജുറി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുടയിലെ മസിലില്‍ നേരിയ ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in