ദിദിയർ ദെഷാംപ്‌സ്: ചരിത്രസൃഷ്ടിക്കായി ഫ്രാന്‍സിനെ വാര്‍ത്തെടുത്ത
പ്രായോഗികവാദി

ദിദിയർ ദെഷാംപ്‌സ്: ചരിത്രസൃഷ്ടിക്കായി ഫ്രാന്‍സിനെ വാര്‍ത്തെടുത്ത പ്രായോഗികവാദി

ചരിത്രം സൃഷ്ടിക്കാൻ എത്തുന്നവരുടെ മുന്നിൽ ചരിത്രം ആവർത്തിക്കാനാകും ദിദിയർ ദെഷാംപ്‌സും സംഘവും ശ്രമിക്കുക
Updated on
2 min read

നാല് വര്‍ഷം മുന്‍പ്, റഷ്യയില്‍ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ ഫ്രാന്‍സിനെ പ്രാപ്തരാക്കിയത് ദിദിയർ ദെഷാംപ്‌സ് എന്ന പരിശീലകന്റെ തന്ത്രങ്ങളായിരുന്നു. ഇക്കുറി ഖത്തറില്‍ ഫ്രാന്‍സ് കലാശപ്പോരിനിറങ്ങുമ്പോഴും, വെള്ള വരയ്ക്കിപ്പുറം തന്ത്രങ്ങളും കണക്കുക്കൂട്ടലുകളുമായി ദെഷാംപ്സുണ്ട്. ചരിത്രം സൃഷ്ടിക്കാന്‍ എത്തുന്നവരെ മൂലയ്ക്കിരുത്തി മറ്റൊരു ചരിത്രത്തിന്റെ ഭാഗമാകാനാണ് ദെഷാംപ്സിന്റെയും സംഘത്തിന്റെയും ശ്രമം.

ലോകകപ്പ് കിരീട സാധ്യതയുള്ള ടീമുകളെന്ന വമ്പുമായി വന്നവര്‍ പലരും നിറം മങ്ങിയപ്പോള്‍, നിലവിലെ ചാമ്പ്യന്മാരായി ഖത്തറിലെത്തിയ ഫ്രാന്‍സ് ഓരോ മത്സരങ്ങളിലും മികവ് വര്‍ധിപ്പിച്ചു. പരുക്കേറ്റ മുൻ നിര താരങ്ങള്‍ ഇല്ലാതെ എത്തിയ ഫ്രാന്‍സിന്റെ ആശങ്കകളെല്ലാം കളത്തിലിറങ്ങിയപ്പോള്‍ ഇല്ലാതെയായി. ഫുട്ബോളിലെ യുവരക്തം കിലിയന്‍ എംബാപ്പെയെ മുന്നിൽ നിർത്തി, പരിചയസമ്പന്നരുടെയും യുവതത്തിന്റെയും കൃത്യമായ ചേരുവയായിരുന്നു ദെഷാംപ്സ് കണ്ടെത്തിയ വിജയ ഫോര്‍മുല. അന്‌റോയിന്‍ ഗ്രീസ്മാനെ പ്ലേ മേക്കറുടെ റോളിലേക്ക് മാറ്റി, ചരിത്രസൃഷ്ടിക്കായി ഫ്രഞ്ച് നിരയെ സജ്ജമാക്കി. ഒന്നും എളുപ്പമായിരുന്നില്ല. കാലങ്ങളുടെ അധ്വാനവും കളിക്കാരെക്കുറിച്ച് അളവ് തെറ്റാതെയുള്ള വിലയിരുത്തലുകളുമാണ് ദെഷാംപ്സിനെ അതിന് പ്രാപ്തനാക്കിയത്.

ദിദിയർ ദെഷാംപ്‌സ്: ചരിത്രസൃഷ്ടിക്കായി ഫ്രാന്‍സിനെ വാര്‍ത്തെടുത്ത
പ്രായോഗികവാദി
തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്

2012 മുതൽ ഫ്രാൻസ് ടീമിന്റെ പരിശീലകനാണ് ദെഷാംപ്സ്. അതിനാല്‍ ഒരു ലോകകപ്പ് ടീമിന് എന്തൊക്കെ ആവശ്യമുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ജയത്തിനായി പലതും മറക്കാനും പൊറുക്കാനും, ചിലതിനെ വെല്ലുവിളിക്കാനും അദ്ദേഹം തയ്യാറായി. അതിന് തെളിവായിരുന്നു, കഴിഞ്ഞ ലോകകപ്പിൽ റിസര്‍വ്‌ നിരയിൽ തുടരാൻ താല്പര്യമില്ല എന്ന് പരസ്യമായി പറഞ്ഞ അഡ്രിയാൻ റാബിയോട്ടിന് നല്‍കിയ അവസരം. എംബാപ്പെയുടെ വേഗമേറിയ നീക്കങ്ങളിൽ ഏറെ നിർണായകമായിരുന്നു, തൊട്ടു പിന്നിൽ പ്രതിരോധം കാത്ത റാബിയോട്ടിന്റെ സ്ഥാനം.

പോഗ്ബയുടെയും കാന്റയുടെയും വിടവുകൾ നികത്താൻ ദെഷാംപ്സ് കണ്ടെത്തിയത് അന്‌റോയിന്‍ ഗ്രീസ്മാനെയും ഔറേലിയൻ ചൗമേനിയെന്ന യുവതാരത്തെയുമായിരുന്നു. മുൻ ടൂർണമെന്റുകളിൽ ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നെങ്കിലും ക്ലബ് ഫുട്ബോളിൽ ഫോം നഷ്ടപ്പെട്ടതോടെ ഗ്രീസ്മാനില്‍ ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ കോച്ചിന്റെ വിലയിരുത്തല്‍ തെറ്റിയില്ലെന്ന് ഖത്തര്‍ പറഞ്ഞുതരുന്നു. പ്ലേ മേക്കറായി, ഫ്രാന്‍സിന്റെ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ഗ്രീസ്മാനാണ്.

പല പരിശീലകരെയും പോലെ കളിക്കിടയിൽ ഫോർമേഷനിൽ മാറ്റങ്ങൾ വരുത്തി ടാക്ടിക്കൽ ബ്രില്ല്യൻസിൽ കളിശൈലി മാറ്റുന്ന ആളല്ല ദെഷാംപ്സ്. കാല്‍പ്പന്തിലെ പ്രായോഗികവാദത്തിന്റെ ഉടയോനാണ് അദ്ദേഹം. കളിയുടെ പ്രായോഗിക തലങ്ങൾ മനസിലാക്കി, ലഭ്യമായ ചേരുവകൾ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തി വിജയിക്കുകയാണ് അദ്ദേഹത്തിന്റെ രീതി.

കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ദെഷാംപ്‌സ് തന്റെ കുട്ടികളുമായി പുലർത്തുന്ന വലിയ ആത്മബന്ധം ടീമിന് വലിയ മൈലേജാണ് നൽകുന്നത്. പത്ത്‌ വർഷത്തോളം ദേശീയ ടീം പരിശീലകനായി തുടരുന്ന അദ്ദേഹം ഇതിനോടകം ഒരു ലോകകപ്പും നേഷൻസ് ലീഗ് കിരീടവും നേടി. ഒരു തവണ യൂറോ കപ്പിൽ ഫ്രാന്‍സിനെ ഫൈനലിലും എത്തിച്ചു. മികച്ച താരങ്ങളും അവരുടെ കോമ്പിനേഷനും പോലെ തന്നെ പ്രധാനമാണ് അവർക്ക് വേണ്ട പ്രോത്സാഹനം നൽകി ഒത്തിണക്കത്തോടെ മുന്നോട്ട് നയിക്കുക എന്നതും. ഇതുവരെ അതില്‍ വിജയിച്ചിട്ടുണ്ട് ദെഷാംപ്സ്.

വിറ്റോറിയോ പോസോ
വിറ്റോറിയോ പോസോ

ഈ വിജയവഴിയില്‍ മറ്റൊരു റെക്കോഡ് കൂടി ദെഷാംപ്സിനെയും സംഘത്തെയും കാത്തിരിപ്പുണ്ട്. തുടര്‍ച്ചയായി ലോകകപ്പ് ഫൈനലിനെത്തുന്ന ആറാം രാജ്യമെന്ന ഖ്യാതിയുമായാണ് ഫ്രാന്‍സ് കലാശപ്പോരിന് എത്തുന്നത്. ഇറ്റലിക്കും (1930,1934) ബ്രസീലിനും (1958,1962) ശേഷം ചരിത്രത്തിൽ ആർക്കും തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് ഇക്കുറി ഫ്രാന്‍സിന് ലഭിച്ചിരിക്കുന്നത്. ഫ്രഞ്ച് പട ചരിത്രം സൃഷ്ടിച്ചാല്‍ ദെഷാംപ്‌സിനും അതൊരു പൊൻതൂവലാകും. ഇറ്റലിയിലൂടെ കോച്ച് ആയിരുന്ന വിറ്റോറിയോ പോസോ മാത്രമാണ് ഇതിന് മുന്‍പ് ഇരട്ട ലോകകപ്പ് നേടിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in