''അംറബാത്ത് ലോകകപ്പിലെ മികച്ച മിഡ്‌ഫീൽഡര്‍''; മൊറോക്കന്‍ താരത്തെ അഭിനന്ദനിച്ച് മാക്രോണ്‍
ലോകകപ്പ് ഫൈനൽ കളിക്കുകയെന്ന സ്വപ്നത്തിന് മുന്നിൽ ഇടറി വീണെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മൊറോക്കോ കളം വിടുന്നത്. സെമി ഫൈനലില്‍ ഫ്രാന്‍സിനോടാണ് ആഫ്രിക്കന്‍ കരുത്തര്‍ തോല്‍വി വഴങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും മുന്നിട്ടുനിന്നെങ്കിലും മികച്ച ഫിനിഷിങ്ങ് ഇല്ലാതെ പോയതാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. ഖത്തറിലെ മൊറോക്കോയുടെ പോരാട്ടവീര്യം പലരുടെയും അഭിനന്ദനങ്ങള്‍ക്ക് കാരണമായി. മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഫ്രഞ്ച് പ്രഡിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡ്രസിങ് റൂമില്‍ നേരിട്ടെത്തിയാണ് മൊറോക്കന്‍ ടീമിനെ അഭിനന്ദിച്ചത്. മിഡ് ഫീല്‍ഡര്‍ സോഫിയാൻ അംറബാത്തിനെ പ്രശംസകൊണ്ട് മൂടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
പ്രശസ്ത ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് മാക്രോണ്‍ മൊറോക്കോ ടീമിനെ ഡ്രസിങ് റൂമില്‍ സന്ദര്‍ശിച്ചതിനെ കുറിച്ച് ട്വിറ്ററില്‍ അറിയിച്ചത്. മധ്യനിര താരം സോഫിയാൻ അംറബാത്തിനെ പ്രശംസകൊണ്ട് മൂടി. ടീമിലെ എല്ലാവരുടെയും മുന്നിൽ വച്ച്, ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡര്‍ എന്നാണ് അംറബാത്തിനെ മാക്രോണ്‍ വിശേഷിപ്പിച്ചത്- ട്വീറ്റില്‍ പറയുന്നു.
ആദ്യമായി ലോകകപ്പിന്റെ സെമിയിൽ കടന്ന ആഫ്രിക്കൻ ടീമെന്ന പേരെടുത്ത മൊറോക്കോ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിൽ കടന്നത്. പ്രീ ക്വാർട്ടറിൽ സ്പെയിനിനെയും ക്വാർട്ടറിൽ പോർച്ചുഗലിനെയും വീഴ്ത്തിയതടക്കമുള്ള ടൂർണമെന്റിലെ മൊറോക്കോയുടെ അവിശ്വസനീയ പ്രകടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകമായിരുന്നു സോഫിയാൻ അംറബാത്തെന്ന മധ്യനിരതാരം. ടൂർണമെന്റിൽ മൊറോക്കോ കളിച്ച മുഴുവൻ മത്സരങ്ങളിലും ആദ്യാവസാനം അംറബാത്തും കളത്തിലിറങ്ങി.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ അധ്വാനിച്ചുകളിക്കുന്ന താരം നിലവിൽ ഫിയോറന്റീനയ്ക്കായാണ് കളിക്കുന്നത്. വരുന്ന ട്രാൻസ്ഫർ വിപണിയിൽ താരത്തെ സ്വന്തമാക്കാൻ വമ്പൻ ടീമുകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി തുടങ്ങിയ ടീമുകളാണ് മുൻപന്തിയിൽ.