ക്വാര്‍ട്ടര്‍ ഉറപ്പിക്കണം; ഇംഗ്ലണ്ടും സെനഗലും ആദ്യമായി നേര്‍ക്കുനേര്‍

ക്വാര്‍ട്ടര്‍ ഉറപ്പിക്കണം; ഇംഗ്ലണ്ടും സെനഗലും ആദ്യമായി നേര്‍ക്കുനേര്‍

കിരീട നേട്ടത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. ഏത് കരുത്തരെയും അട്ടിമറിക്കാന്‍ കഴിയുന്ന പോരാട്ടവീര്യമാണ് സെനഗലിനെ പ്രിയപ്പെട്ടതാക്കുന്നത്.
Updated on
2 min read

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്-സെനഗല്‍ പോര്. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ നോക്കൗട്ടിലേക്ക് മുന്നേറിയത്. ലോകകപ്പ് കിരീട നേട്ടത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. അതേസമയം, ഏത് കരുത്തരെയും അട്ടിമറിക്കാന്‍ കഴിയുന്ന പോരാട്ടവീര്യമാണ് സെനഗലിനെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. അന്താരാഷ്ട്ര വേദിയില്‍ ഒരിക്കല്‍പോലും നേര്‍ക്കുനേര്‍ വരാത്ത ടീമുകളുടെ പോരാട്ടം എന്ന പ്രത്യേകത കൂടിയുണ്ട് ഇംഗ്ലണ്ട്-സെനഗല്‍ പോരിന്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30ന് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെയാണ് ഇംഗ്ലണ്ടിന്റെ വരവ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയാണ് ഇംഗ്ലീഷ്പ്പട നോക്കൗട്ടിന് തയ്യാറെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇറാനെതിരെ ജയം. രണ്ടാം മത്സരത്തില്‍ യുഎസ്എയ്‌ക്കെതിരെ ഗോള്‍രഹിത സമനില. അവസാന മത്സരത്തില്‍ വെയില്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടന മികവാണ് ഇംഗ്ലീഷ്പ്പടയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ആര്‍ക്കും പരിക്കില്ലെന്നത് ഹാരി കെയ്‌നും സംഘത്തിനും നേട്ടമാകും. ബുക്കായൊ സാക്ക, റഹീം സ്റ്റെര്‍ലിങ്, മാന്‍സണ്‍ മൗണ്ട്, ജൂഡ് ബെല്ലിങ്ഹാം, ഡിക്ലാന്‍ റൈസ്, ലൂക്ക് ഷോ, ഹാരി മഗ്വെയര്‍ ജോണ്‍ സ്റ്റോണ്‍സ് മുതല്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡ് വരെ സര്‍വസജ്ജം. പകരക്കാരായി ഇറങ്ങി ഗ്രൗണ്ടില്‍ മായാജാലം കാട്ടാന്‍ പോന്നവരാണ് കെയ്ല്‍ വാക്കര്‍, ജാക്ക് ഗ്രീലിഷ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, മാര്‍ക്കസ് റാഷ്ഫോഡ്, ഫില്‍ ഫോഡന്‍ എന്നിവര്‍. മൂന്ന് ഗോള്‍ നേട്ടവുമായി റാഷ്ഫോഡ് ടോപ് സ്‌കോറര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുമുണ്ട്. അതിനാല്‍ മത്സരത്തിന്റെ സ്വഭാവം അനുസരിച്ച് ടീമിനെ വിന്യസിക്കാന്‍ ഇംഗ്ലണ്ടിനാകും.

സെനഗലാകട്ടെ, രണ്ട് ജയവും ഒരു തോല്‍വിയുമായാണ് ഗ്രൂപ്പ് പോരാട്ടം കടന്നത്. നെതര്‍ലന്‍ഡ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റുകൊണ്ടാണ് സെനഗലിന്റെ ഖത്തറിലെ യാത്ര ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെനഗല്‍ നോക്കൗട്ടിന് യോഗ്യത നേടിയത്.

പരുക്കാണ് സെനഗലിനെ അലട്ടുന്നത്. ലിയു സിസെ പരുക്കില്‍നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ല. താരത്തിന്റെ അഭാവം സെനഗലിന് ക്ഷീണം ചെയ്യും. ഇക്വഡോറിനെതിരായ മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഇദ്രിസ ഗുയേയ്ക്കും ഇംഗ്ലണ്ടിനെതിരെ ഇറങ്ങാനാകില്ല. കണങ്കാലിന് പരുക്കേറ്റ ചെയ്ഖൗ കുയാട്ടെ പരിശീലനത്തിന് ഇറങ്ങിയെങ്കിലും കളത്തിലിറങ്ങാന്‍ പ്രാപ്തനാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഫുട്‌ബോളില്‍ ഇതുവരെ ഇംഗ്ലണ്ടും സെനഗലും നേര്‍ക്കുനേര്‍ പോരാടിയിട്ടില്ല. അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കാത്ത ഇരുടീമുകളുടെയും പോരാട്ടത്തിന് ലോകകപ്പ് വേദിയാകുന്നു എന്ന പ്രത്യേകതയും തിങ്കളാഴ്ചത്തെ മത്സരത്തിനുണ്ട്. ലോകകപ്പില്‍ ഇത്തരത്തില്‍ ഇംഗ്ലണ്ട് നേരിടുന്ന 13മത്തെ ടീമാണ് സെനഗല്‍. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ ഏഴ് ജയം, നാല് സമനില, ഒരു തോല്‍വി എന്നതാണ് ഇംഗ്ലീഷ്പ്പടയുടെ ചരിത്രം. 1950ല്‍ യുഎസ്എയോട് മാത്രമാണ് ഇംഗ്ലണ്ട് തോറ്റിട്ടുള്ളത്.

ലോകകപ്പില്‍ ആഫ്രിക്കന്‍ എതിരാളികളോട് ഏഴ് തവണ ഏറ്റുമുട്ടിയിട്ടുള്ള ഇംഗ്ലണ്ട് ഇതുവരെയും തോറ്റിട്ടില്ല. നാല് ജയവും മൂന്ന് സമനിലയുമാണ് ഇംഗ്ലീഷ് നേട്ടം. ലോകകപ്പില്‍ യൂറോപ്യന്‍ എതിരാളികളോട് മോശമല്ലാത്ത ചരിത്രമാണ് സെനഗലിനുമുള്ളത്. ആറ് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ചു. ഒരു മത്സരം സമനിലയിലായപ്പോള്‍ രണ്ടെണ്ണത്തില്‍ തോറ്റു. നെതര്‍ലന്‍ഡ്‌സിനോടായിരുന്നു ഏറ്റവും ഒടുവിലെ തോല്‍വി.

logo
The Fourth
www.thefourthnews.in