കെയ്ന്‍ പാഴാക്കിയ പെനാല്‍റ്റി ഇംഗ്ലണ്ടിന്റെ വിധിയെഴുതി; ഫ്രാന്‍സ് സെമിയില്‍
പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി വല കുലുക്കിയത്. രണ്ടാം പകുതിയില്‍ ചൗമേനി വരുത്തിയ പിഴവില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 2-1ന് പിന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം കെയ്ന്‍ പാഴാക്കിയതാണ് ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. അതേസമയം, തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്നത്. ഡിസംബര്‍ 14ന് നടക്കുന്ന രണ്ടാം സെമിയില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
ഗോള്‍മുഖത്തേക്ക് മുന്നേറാന്‍ ഇരുടീമുകളും മത്സരിക്കുന്നതിനിടെ, ഫ്രാന്‍സാണ് ആദ്യ വെടിപൊട്ടിച്ചത്. 17ാം മിനുറ്റില്‍ ഔറേലിയന്‍ ചൗമേനിയുടെ ലോങ് റേഞ്ചര്‍ ഇംഗ്ലീഷ് വല കുലുക്കി. ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് എത്തിയ ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ചുള്ള കൗണ്ടര്‍ അറ്റാക്കിലായിരുന്നു ഗോളിന്റെ പിറവി. സ്വന്തം ബോക്‌സില്‍ നിന്നെത്തിയ പന്തുമായി, ഇടതുവിങ്ങിലൂടെ കിലിയന്‍ എംബാപ്പെ ഇംഗ്ലണ്ട് പകുതിയിലേക്ക് മുന്നേറി. ബോക്‌സില്‍ ഇംഗ്ലണ്ട് പ്രതിരോധം ശക്തിപ്പെടുത്തവെ, ഡെക്ലാന്‍ റൈസിന്റെ വെല്ലുവിളി മറികടന്ന് എംബപ്പെ പന്ത് വലതുവിങ്ങിലുള്ള അന്റോയിന്‍ ഗ്രീസ്മാന് മറിച്ചു. മുന്നേറ്റത്തിന് ഇംഗ്ലീഷ് താരങ്ങള്‍ വെല്ലുവിളിയായപ്പോള്‍, ഗീസ്മാന്‍ പന്ത് ബോക്‌സിന് പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ചൗമേനിക്ക് നല്‍കി. കാല്‍പ്പാകത്തിന് എത്തിയ പന്തുമായി ഒന്നുരണ്ട് ചുവടുകള്‍ വെച്ചശേഷം, ചൗമേനി തൊടുത്ത ബുള്ളറ്റ് ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിന്റെ ഇടതു മൂല കുലുക്കി. മത്സരത്തില്‍ ഫ്രാന്‍സിന് ലീഡ്.
രണ്ടാം പകുതിയിലും ആവേശത്തിനൊട്ടും കുറവില്ലായിരുന്നു. ഗോള്‍ വഴങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ട് ആക്രമണം കടുപ്പിച്ചു. പ്രതിരോധം ശക്തിപ്പെടുത്തി ഫ്രാന്‍സും ഇംഗ്ലണ്ട് പകുതിയിലേക്ക് കുതിച്ചുകയറി. മത്സരം സ്വന്തമാക്കാന്‍ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്നതിനിടെ, ആദ്യ പകുതിയിലെ ഹീറോ ചൗമേനി വരുത്തിയ പിഴവ് ഫ്രാന്‍സിന് വിനയായി. 52ാം മിനുറ്റില്‍ ബോക്‌സില്‍ ഇംഗ്ലീഷ് താരം ബുകായോ സാകയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പിഴച്ചില്ല, പന്ത് വലയില്‍. മത്സരം 1-1. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ കെയ്ന്‍ വെയ്ന്‍ റൂണിക്കൊപ്പമെത്തുകയും ചെയ്തു. സമനില അഴിക്കാാന്‍ ഇരുപക്ഷവും ആഞ്ഞുപരിശ്രമിച്ചെങ്കിലും ഗോള്‍ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. ഫ്രഞ്ച് നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസും ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡും ഗോള്‍ വലയ്ക്കുമുന്നില്‍ മികച്ച പ്രകനടങ്ങള്‍ കാഴ്ചവെച്ചു.
ഇംഗ്ലണ്ട് വര്‍ധിതവീര്യത്തോടെ പോരാടുന്നതിനിടെയാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടിയത്. 76ാം മിനുറ്റില്‍ ഒസ്മാന്‍ ഡെംബലെ നല്‍കിയ പാസില്‍ ജിറൂഡ് തൊടുത്ത ഷോട്ട് പിക്‌ഫോര്‍ഡ് തടഞ്ഞിട്ടു. തുടര്‍ന്ന് ലഭിച്ച കോര്‍ണറാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോളിലേക്ക് വഴി തുറന്നത്. ഗ്രീസ്മാന്‍ എടുത്ത കിക്ക് ഇംഗ്ലണ്ട് പ്രതിരോധത്തില്‍ തട്ടി ചിതറി. പാഞ്ഞുവന്ന് പന്ത് പിടിച്ച ഗ്രീസ്മാന്‍ അത് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ടു. ഉയര്‍ന്നുചാടിയ ജിറൂഡിന്റെ ഹെഡ്ഡര്‍ പിക്‌ഫോര്‍ഡിനെ മറികടന്ന് വല കുലുക്കി. കളിയില്‍ 1-2ന് ഫ്രാന്‍സിന് ലീഡ്.
മത്സരം സ്വന്തമാക്കാന്‍ ഫ്രാന്‍സും സമനിലയ്ക്കായി ഇംഗ്ലണ്ടും പോരാടിയതോടെ മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ കൂടുതല്‍ ആവേശകരമായി. ഇംഗ്ലീഷ് മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ ഫ്രാന്‍സ് ബോക്‌സില്‍ പ്രതിരോധകോട്ട ശക്തമാക്കി. അതിനിടെ, തിയോ ഹെര്‍ണാണ്ടസ് വരുത്തിയ ഫൗള്‍ ഇംഗ്ലണ്ടിന് മികച്ചൊരു ഗോള്‍ അവസരം സൃഷ്ടിച്ചു. ഇംഗ്ലീഷ് നിരയില്‍ പകരക്കാരനായിറങ്ങിയ മേസണ്‍ മൗണ്ടിനെ ബോക്‌സില്‍ ഹെര്‍ണാണ്ടസ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍, ഇംഗ്ലീഷ് നായകന്‍ കെയ്ന്‍ എടുത്ത കിക്ക് ഇക്കുറി ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് തോറ്റത് അവിടെയായിരുന്നു. ആഡഡ് ടൈമിലും പോരാടിയെങ്കിലും ഫ്രാന്‍സിനൊപ്പം എത്താനാകാതെ ഇംഗ്ലണ്ട് പുറത്തേക്ക്.