വെയില്‍സിനെ നിലംതൊടീക്കാതെ ഇംഗ്ലണ്ട്; ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍, എതിരാളികള്‍ സെനഗല്‍
ഗോള്‍ രഹിതമായ ആദ്യപകുതി. രണ്ടാം പകുതിയില്‍, ഒരു മിനുറ്റിനിടെ വെയില്‍സിന്റെ ഹൃദയം തകര്‍ത്ത രണ്ട് ഗോളുകള്‍. ആഘോഷവും ആരവവും കെട്ടടങ്ങുംമുമ്പേ മൂന്നാമതും വല കുലുക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ആധികാരിക ജയം നേടിയാണ് ഇംഗ്ലണ്ട് ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കിയത്. ഇരട്ട ഗോള്‍ നേടിയ മാര്‍ക്കസ് റാഷ്‌ഫോഡും ഒരു ഗോള്‍ നേടിയ ഫില്‍ ഫോഡനുമാണ് വെയില്‍സിനെ തകര്‍ത്തെറിഞ്ഞത്. ഖത്തറില്‍ തോല്‍വിയറിയാതെയാണ് ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക് എത്തുന്നത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. എന്നാല്‍, പ്രതിരോധ കോട്ട കെട്ടിയാണ് വെയില്‍സ് ഇംഗ്ലണ്ടിനെ സ്വീകരിച്ചത്. റാഷ്‌ഫോഡും ഹാരി കെയ്‌നും ഫോഡനുമൊക്കെ ആഞ്ഞുശ്രമിച്ചിട്ടും ഗോള്‍ വീണില്ല. ലഭിച്ച മികച്ച അവസരങ്ങള്‍ ഉള്‍പ്പെടെ പാഴാകുകയും ചെയ്തു. വെയില്‍സ് ഗോള്‍കീപ്പര്‍ വാര്‍ഡിന്റെ പ്രകടനവും ഇംഗ്ലണ്ടിനെ ഗോളില്‍നിന്ന് അകറ്റിനിര്‍ത്തി. ഇതോടെ, ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
രണ്ടും കല്‍പ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയിലേക്ക് ബൂട്ട് കെട്ടിയത്. കളി തുടങ്ങി അധികം വൈകാതെ ഇംഗ്ലണ്ട് വെയില്‍സിന്റെ വല കുലുക്കി. 50ാം മിനുറ്റില്‍ 20 വാര അകലെനിന്ന് ലഭിച്ച ഫ്രീ കിക്കില്‍, മാര്‍ക്കസ് റാഷ്‌ഫോഡിന്റെ തകര്‍പ്പന്‍ ഷോട്ട് വെയില്‍സ് ഗോള്‍ പോസ്റ്റിന്റെ വലത് മൂലയില്‍ പറന്നിറങ്ങി. ഗോള്‍കീപ്പര്‍ ഡാനി വാര്‍ഡിന് നോക്കിനില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ.
ലീഡ് വഴങ്ങിയതിന്റെ ഞെട്ടലില്‍നിന്ന് വെയില്‍സ് താരങ്ങള്‍ ഉണരുംമുന്‍പേ അടുത്ത ഗോളും വീണു. വെയില്‍സ് പ്രതിരോധത്തിന്റെ കെട്ടഴിഞ്ഞപ്പോള്‍, വലതുവിങ്ങില്‍നിന്ന് കെയ്ന്‍ നീട്ടിനല്‍കിയ പന്ത് ഫോഡന്‍ അനായാസം വലയിലെത്തിക്കുകയായിരുന്നു. ഒരു മിനുറ്റിനിടെ രണ്ട് ഗോള്‍ നേടി ഇംഗ്ലണ്ട് കളിയില്‍ ആധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയില്‍ ഉയര്‍ത്തിക്കെട്ടിയ വെയില്‍സ് പ്രതിരോധം പലകുറി ആടിയുലഞ്ഞു. അതെല്ലാം മുതലെടുത്ത് ഇംഗ്ലണ്ട് വെയില്‍സ് ബോക്‌സിലേക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കാനും സമനില പിടിക്കാനുമായുള്ള വെയിന്‍സിന്റെ ശ്രമങ്ങള്‍ പലപ്പോഴും ലക്ഷ്യം കണ്ടതുമില്ല.
68ാം മിനുറ്റില്‍ റാഷ്‌ഫോഡ് വെയില്‍സിന്റെ പ്രതീക്ഷകളെ അപ്പാടെ കുഴിച്ചുമൂടി. പകരക്കാരനായി ഇറങ്ങിയ കാല്‍വിന്‍ ഫിലിപ്‌സിന്റെ പാസില്‍ നിന്നായിരുന്നു റാഷ്‌ഫോഡിന്റെ പിഴവേതുമില്ലാത്ത ഷോട്ട് വെയില്‍സ് വല കുലുക്കിയത്. സ്വന്തം പകുതിയില്‍നിന്നും ഫിലിപ്‌സ് നീട്ടിയ നെടുനീളന്‍ ക്രോസിനൊപ്പം ഓടിയെത്തിയ വെയില്‍സ് പ്രതിരോധനിരയെ പിന്തള്ളി പന്ത് പിടിച്ചശേഷമായിരുന്നു റാഷ്‌ഫോഡിന്റെ തകര്‍പ്പന്‍ ഷോട്ട് വാര്‍ഡിനെയും കടന്ന് വലയിലെത്തിയത്. റാഷ്‌ഫോഡിന്റെ രണ്ടാം ഗോള്‍. മത്സരത്തിലെ മൂന്നാം ഗോളിലൂടെ ലോകകപ്പില്‍ ഇംഗ്ലണ്ട് നൂറ് ഗോളും തികച്ചു.
ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ സെനഗലാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഡിസംബര്‍ നാലിന് രാത്രി 12.30ന് അല്‍ ബെയ്തിലാണ് മത്സരം.