പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ത്ത ഹെഡ്ഡര്‍ റോണോയുടെ റെക്കോഡും കവര്‍ന്നു

പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ത്ത ഹെഡ്ഡര്‍ റോണോയുടെ റെക്കോഡും കവര്‍ന്നു

റൊണാള്‍ഡോ യുവന്റസിനായി നേടിയ 2.5 മീറ്ററെന്ന റെക്കോര്‍ഡാണ് 2.78 മീറ്റര്‍ ചാടി മൊറോക്കോ സ്‌ട്രൈക്കര്‍ യൂസഫ് എന്‍നെസിരി മറികടന്നത്
Updated on
1 min read

ലോകകപ്പില്‍ പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ നാല്‍പ്പത്തിരണ്ടാം മിനുറ്റില്‍ പിറന്ന ഒറ്റ ഗോള്‍ ഒരു നാഴികക്കല്ലായിരുന്നു. പോര്‍ച്ചുഗല്‍ വല കുലുക്കിയ യൂസഫ് എന്‍നെസിരിയുടെ അസാമാന്യ ഹെഡ്ഡര്‍, ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്തെ ലോകകപ്പിന്‌റെ സെമിഫൈനലില്‍ എത്തിച്ചു. തകര്‍ന്നടിഞ്ഞത് പോര്‍ച്ചുഗലിന്റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും സ്വപ്നങ്ങളായിരുന്നു. ആ ഗോള്‍ എന്‍നെസരിയെ രാജ്യത്തിന്റെ മാത്രമല്ല, ഒരു ഭൂഖണ്ഡത്തിന്റെ തന്നെ നായകനാക്കി. പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ത്ത ഗോള്‍ റോണോയുടെ റെക്കോഡ് കൂടി കവരുകയും ചെയ്തു.

മൊറോക്കോ സ്‌ട്രൈക്കര്‍ അതിയത് അള്ളയുടെ ക്രോസില്‍ ഉയര്‍ന്നുചാടിയ എന്‍നെസരിയുടെ ഹെഡ്ഡര്‍, 2019ല്‍ റൊണാള്‍ഡോ സ്ഥാപിച്ച റെക്കോഡാണ് തകര്‍ത്തത്. 2019 ഡിസംബറില്‍ സാംപ്‌ഡോറിയക്കെതിരായി റൊണാള്‍ഡോ നേടിയ ഹെഡ്ഡര്‍ ഗോളിനേക്കാള്‍ ഉയരെയായിരുന്നു ആ ഗോള്‍. 2.78 മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി ചാടിയ മൊറോക്കോ സ്‌ട്രൈക്കര്‍, റൊണാള്‍ഡോ യുവന്റസിനായി നേടിയ 2.5 മീറ്ററെന്ന റെക്കോര്‍ഡിനെ മറി കടന്നത് അപ്രതീക്ഷിതമായിരുന്നു. ലോകകപ്പിലെ അവസാന പ്രതീക്ഷയും തകിടം മറിഞ്ഞ് റോണോ പുറത്തേക്ക് കടക്കുന്നതിന് മുന്നേ തന്നെ അദ്ദേഹത്തിന്റെ വലിയ റെക്കോര്‍ഡ് കൂടി കണ്‍ മുന്നില്‍ തകര്‍ത്തെറിയപ്പെട്ടത് നിര്‍ഭാഗ്യം തന്നെ.

തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമ്പോള്‍ റോണോ കളത്തിലില്ലായിരുന്നെങ്കിലും തന്റെ ടീമിന്റെ ബെഞ്ചില്‍ ഇരുന്ന് അദ്ദേഹം അത് കണ്ടു. ഡിഫന്റര്‍മാരായ റൂബന്‍ ഡയസിനും പെപ്പെയ്ക്കും ഇടയില്‍ നിന്നാണ് മൊറോക്കോ സ്‌ട്രൈക്കര്‍ വായുവിലേക്ക് കുതിച്ചു പൊങ്ങിയത്. പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ കണക്കുകൂട്ടലുകള്‍ക്ക് മുകളിലൂടെയൊരു മനോഹര ഹെഡ്ഡര്‍. റൊണാള്‍ഡോയുടെയും പോര്‍ച്ചുഗലിന്റെയും സ്വപ്‌നങ്ങള്‍ക്ക് ആണിയടിച്ച ഗോളിന് അത്രമേല്‍ പ്രധാന്യമുണ്ടായിരുന്നു. ഇതിഹാസത്തെ ക്വാര്‍ട്ടറില്‍ ബെഞ്ചിലിരുത്തിയ പരിശീലകന് നില്‍ക്കക്കളിയില്ലാതെ 51ാം മിനുറ്റില്‍ റോണോയെ ഇറക്കേണ്ടി വന്നു. എന്നാല്‍ കളത്തലിറങ്ങിയ റോണോയ്ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്തൊക്കെയോ കാരണങ്ങളാല്‍ ആ രക്ഷകനും നിസ്സഹായനായി.

2022 ടൂര്‍ണമെന്റില്‍ എന്‍നെസരിയുടെ രണ്ടാം ഗോളായിരുന്നു പോര്‍ച്ചുഗലിനെതിരെ നേടിയത്. കാനഡയ്‌ക്കെതിരെയായിരുന്നു നെസരിയുടെ ആദ്യ ഗോള്‍. ഇത് രണ്ട് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ മൊറോക്കന്‍ താരമായി എന്‍നെസരിയെ മാറ്റി.

logo
The Fourth
www.thefourthnews.in