സ്റ്റെഫാനി ഫ്രാപ്പാർട്ട്
സ്റ്റെഫാനി ഫ്രാപ്പാർട്ട്

സ്റ്റെഫാനിക്ക് മുന്നില്‍ ലോകകപ്പ് ചരിത്രം വഴിമാറും

വ്യാഴാഴ്ച ജര്‍മനി-കോസ്റ്റാറിക്ക മത്സരം നിയന്ത്രിക്കുന്നത് വനിത റഫറിമാർ ആയിരിക്കുമെന്ന് വ്യക്തമാക്കി ഫിഫ
Updated on
1 min read

പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഖത്തർ ലോകകപ്പ്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു വനിത കളി നിയന്ത്രിക്കുന്നതിന് വ്യാഴാഴ്ച അൽ ബെയ്ത് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രാപ്പാർട്ടിനാണ് ആ ചരിത്ര നിയോഗം. ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്കയും ജർമനിയും തമ്മിൽ നടക്കുന്ന പോരാട്ടം സ്റ്റെഫാനി ഉൾപ്പെടെ നാല് വനിത റഫറിമാരാണ് നിയന്ത്രിക്കുക. ട്വിറ്റർ പേജിലൂടെയാണ് ഫിഫ ഇക്കാര്യം അറിയിച്ചത്.

"വ്യാഴാഴ്ച മൂന്ന് വനിതകൾ റഫറിയിംഗിൽ പുരുഷന്മാരുടെ ചുമതല ഏറ്റെടുക്കും. ചരിത്രം കുറിക്കപ്പെടുന്നു. സ്റ്റെഫാനി ഫ്രാപ്പാർട്ടിനൊപ്പം സഹായികളായി ന്യൂസ ബാക്കും കാരെൻ ഡയസും മേൽനോട്ടം വഹിക്കും." മൂവരുടെയും ചിത്രങ്ങൾക്കൊപ്പം ഫിഫ ട്വിറ്ററിൽ കുറിച്ചു. ഒരു വനിത, പ്രധാന റഫറിയാകുന്നതും കളി നിയന്ത്രിക്കുന്ന നാല് പേരും വനിതകളാകുന്നതും ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ബ്രസീലുകാരിയായ ന്യൂസ ബാക്ക്, മെക്സിക്കൻ റഫറി കാരെൻ ഡയസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാർ.

കളി നിയന്ത്രിക്കാൻ വനിത റഫറിമാരെ ആദ്യമായി ഉൾപ്പെടുത്തുന്നത് ഖത്തർ ലോകകപ്പിലാണ്. 36 അംഗ റഫറിമാരുടെ സംഘത്തിൽ മൂന്ന് പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. സ്‌റ്റെഫാനിക്ക് പുറമെ സാലിമ മുകസംഗ, യമഷിത യോഷിമി എന്നിവരാണ് മറ്റ് വനിതകൾ. 2009 മുതൽ അന്താരാഷ്ട്ര ഫിഫ റഫറിമാരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് സ്റ്റെഫാനി. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയും സ്‌റ്റെഫാനിയാണ്. 2021ൽ നടന്ന ഒളിമ്പിക്സിലെ യുഎസ്എ, സ്വീഡൻ മത്സരം നിയന്ത്രിച്ചയാളാണ് ജപ്പാൻകാരിയായ യമഷിത. ഒളിമ്പിക്സിൽ പുരുഷ മത്സരം നിയന്ത്രിച്ച വനിതയെന്ന റെക്കോഡ് യമഷിതയ്ക്കാണ്.

സ്റ്റെഫാനി, സാലിമ മുകസംഗ, യമഷിത യോഷിമി
സ്റ്റെഫാനി, സാലിമ മുകസംഗ, യമഷിത യോഷിമി

2012 മുതൽ റഫറീയിങ് രംഗത്തുള്ള സാലിമ മുകസംഗ റുവാണ്ട സ്വദേശിയാണ്. 2019 ലെ വനിതാ ലോകകപ്പ്, 2020 ടോക്കിയോ ഒളിമ്പിക് ഗെയിംസ്, എന്നീ മത്സരങ്ങൾ നിയന്ത്രിച്ച അനുഭവസമ്പത്തുള്ളയാളാണ് സാലിമ. ഈ വർഷം ആദ്യം നടന്ന ആഫ്രിക്ക നേഷൻസ് കപ്പിലും സാലിമ റഫറിയായിരുന്നു. ഈയൊരു വനിതാ ത്രയത്തിന് പുറമെ അസിസ്റ്റന്റ് റഫറി പട്ടികയിലും മൂന്ന് പേർ വനിതകളാണ്. ലോകകപ്പിനായുള്ള 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിൽ ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്സിക്കോയുടെ കാരെൻ ഡയസ് മദീന, അമേരിക്കയുടെ കാതറിൻ നെസ്ബിറ്റ് എന്നിവരും ഉൾപ്പെടുന്നു.

logo
The Fourth
www.thefourthnews.in