'ഫിഫ എന്നും ഞങ്ങള്‍ക്കെതിരാണ്'; പെനാല്‍റ്റി വിവാദത്തില്‍ പൊട്ടിത്തെറിച്ച് സുവാരസ്
നിര്‍ണായക മത്സരത്തില്‍ ഘാനയ്‌ക്കെതിരേ രണ്ടു ഗോളുകള്‍ക്ക് ജയിച്ചിട്ടും ഖത്തര്‍ ലോകകപ്പില്‍ തന്റെ ടീം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതില്‍ ഫിഫയെ കുറ്റപ്പെടുത്തി യുറുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഘാനയ്‌ക്കെതിരായ മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്നു പെനാല്‍റ്റി നിഷേധിച്ച് ഫിഫ പക്ഷപാതം കാട്ടുകയാണ് ചെയ്തതെന്നും യുറുഗ്വായോട് അവരുടെ സ്ഥിരം രീതി ഇതാണെന്നും സുവാരസ് തുറന്നടിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ ഘാനയ്‌ക്കെതിരേ രണ്ടു ഗോളുകള്‍ക്ക് ജയം നേടിയെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ദക്ഷിണ കൊറിയയ്ക്കു പിന്നില്‍ മൂന്നാമതായി യുറുഗ്വായ് ലോകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് കാണാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി സുവാരസ് രംഗത്തു വന്നത്.
ഘാനയ്‌ക്കെതിരായ മത്സരത്തില്‍ യുറുഗ്വായ്ക്ക് അര്‍ഹിച്ച പെനാല്‍റ്റി റഫറി അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താരം വിമര്‍ശനമുന്നയിച്ചത്. ''ആ പെനാല്‍റ്റി ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. അതു കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഫലം മറ്റൊന്നായേനെ. ഫിഫയിലെ ആളുകളും റഫറിയിങ് കമ്മിറ്റിയും ആ പെനാല്‍റ്റി അനുവദിക്കാഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. എന്നും ഫിഫ യുറുഗ്വായ്‌ക്കെതിരായാണ് തീരുമാനമെടുക്കുന്നത്. ഒരു മത്സരശേഷം എനിക്ക് എന്റെ കുട്ടികളെ ഗ്രൗണ്ടില്‍ ഇറക്കാന്‍ വിലക്കാണ്. എന്നാല്‍ അതേസമയം ഫ്രാന്‍സ് ടീമിന്റെ താരങ്ങള്‍ കുട്ടികളുമായി ഗ്രൗണ്ടില്‍ ഇറങ്ങുന്നതും ബെഞ്ചിലിരിക്കുന്നതും കാണാം. ഫിഫയില്‍ യുറുഗ്വായ്ക്ക് കൂടുതല്‍ അധികാരമില്ലെന്നതാകും ഈ പക്ഷാഭേദത്തിനു കാരണം. ഫിഫ എന്നും യുറുഗ്വായ്‌ക്കെതിരാണ്''- സുവാരസ് പറഞ്ഞു.
ഘാനയ്‌ക്കെതിരായ മത്സരശേഷം യുറുഗ്വായ് താരങ്ങളും ഒഫീഷ്യലുകളും റഫറിമാരെ വളയുന്നതും ദീര്‍ഘനേരം തര്‍ക്കിക്കുന്നതും കാണാമായിരുന്നു. ആ പെനാല്‍റ്റി അനുവദിക്കുകയും അതു ഗോളാകുകയും ചെയ്തിരുന്നെങ്കില്‍ ദക്ഷിണകൊറിയയെ മറികടന്ന് യുറുഗ്വായ് നോക്കൗട്ടില്‍ കടന്നേനെ.