സമ്പൂര്‍ണ അഴിച്ചുപണി; അഞ്ച് മാറ്റങ്ങളുമായി അര്‍ജന്റീന

സമ്പൂര്‍ണ അഴിച്ചുപണി; അഞ്ച് മാറ്റങ്ങളുമായി അര്‍ജന്റീന

സൗദി അറേബ്യയോട് തോറ്റ നിരയില്‍ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് കോച്ച് ലയണല്‍ സ്‌കലോണി മെക്‌സിക്കോയ്‌ക്കെതിരേ ടീമിനെ അണിനിരത്തുന്നത്.
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മെക്‌സിക്കോയ്‌ക്കെതിരേ ജീവന്മരണ പോരാട്ടത്തനിറങ്ങുന്ന അര്‍ജന്റീന ടീമില്‍ സമ്പൂര്‍ണ അഴിച്ചു പണി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് 2-1ന്റെ തോല്‍വിയേറ്റു വാങ്ങിയ നിരയില്‍ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് കോച്ച് ലയണല്‍ സ്‌കലോണി ഇന്ന് മെക്‌സിക്കോയ്‌ക്കെതിരേ ടീമിനെ അണിനിരത്തുന്നത്.

പ്രതിരോധനിരയിലും മധ്യനിരയിലുമാണ് മാറ്റങ്ങള്‍. പ്രതിരോധത്തില്‍ കഴിഞ്ഞ മത്സരത്തില്‍ അണിനിരന്ന നാലു പേരില്‍ മൂന്നു പേരെയും മാറ്റി. ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലാത്ത ക്രിസ്റ്റിയന്‍ റൊമേറോയ്ക്കു പകരം ഫോമിലുള്ള യുവതാരം ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് വെറ്ററന്‍ താരം നിക്കോളാസ് ഒട്ടാമെന്‍ഡിക്കൊപ്പം സെന്റര്‍ ഡിഫന്‍സില്‍ ഇന്ന് ഇറങ്ങുക.

ഇരു വിങ്ബാക്കുകളെയും സ്‌കലോണി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാതെ പോയ നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹ്വേല്‍ മോളിന എന്നിവരെ ബെഞ്ചിലിരുത്തിയപ്പോള്‍ പകരം മാര്‍ക്കോസ് അക്യൂണയും ഗോണ്‍സാലോ മോണ്‍ട്രിയലും ഇടംപിടിച്ചു.

മധ്യനിരയിലും കാര്യമായ അഴിച്ചുപണിയാണ് നടത്തിയത്. സൗദിക്കെതിര നിറം മങ്ങിയ പപ്പു ഗോമസിന് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഗോമസിനു പകരം യുവതരാം അലക്‌സിസ് അലിസ്റ്ററാണ് ആദ്യ ഇലവനില്‍ എത്തിയത്. മധ്യനിരയില്‍ മറ്റൊരു അപ്രതീക്ഷിത മാറ്റവും സ്‌കലോണി നടത്തി. ഡിഫിന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളില്‍ കളിക്കുന്ന ലിയാന്‍ഡ്രോ പരേഡസിനെ ഇന്ന് ഒഴിവാക്കി. പകരം ഗ്യൂഡോ റോഡ്രിഗസ് ഇടംപിടിച്ചു.

നായകന്‍ ലയണല്‍ മെസി, സ്‌ട്രൈക്കര്‍ ലാത്വാരോ മാര്‍ട്ടിനസ്, മധ്യനിര താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡിപോള്‍, പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെന്‍ഡി, ഗോള്‍കീപ്പര്‍ എമലിയാനോ മാര്‍ട്ടിനസ് എന്നിവര്‍ക്കു മാത്രമാണ് സ്ഥാനം നിലനിര്‍ത്താനായത്. ഇന്നു രാത്രി 12:30-നാണ് മെക്‌സിക്കോയ്ക്കതിരായ നിര്‍ണായക മത്സരം.

ഇന്നു ജയത്തില്‍ കുറഞ്ഞൊന്നും അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ക്കു തുണയാകില്ല. ആദ്യ മത്സരം തോറ്റ അവര്‍ നിലയില്‍ ഗ്രൂപ്പ് പോയിന്റ് പ്ടികയില്‍ അവസാന സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റോടെ പോളണ്ട് ഒന്നാമതും മൂന്നു പോയിന്റുമായി സൗദി രണ്ടാമതുമുണ്ട്. ഒരു പോയിന്റുള്ള മെക്‌സിക്കോ മൂന്നാം സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in