ഐപിഎല്ലില്‍ വിദേശതാരങ്ങള്‍ക്ക് പൊന്നിന്‍ വില; സ്റ്റാറായി സാം കറന്‍

ഐപിഎല്ലില്‍ വിദേശതാരങ്ങള്‍ക്ക് പൊന്നിന്‍ വില; സ്റ്റാറായി സാം കറന്‍

18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടർ കറനെ റാഞ്ചിയത്
Updated on
2 min read

കൊച്ചിയില്‍ ആദ്യമായി നടന്ന ഐപിഎൽ താരലേലത്തിൽ പണം വാരി വിദേശ താരങ്ങൾ. ഓൾ റൗണ്ടർമാരെ വലയിലാക്കാൻ ടീമുകൾ അരയും തലയും മുറുക്കി എത്തിയപ്പോൾ ലേലമുറിയിൽ ആവേശം നിറഞ്ഞു. ഇംഗ്ലണ്ടിന്റെ മിന്നും ഓൾ റൗണ്ടർ സാം കറനാണ് കൂടുതൽ തുകയ്ക്ക് വിറ്റുപോയത്. 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് കറനെ റാഞ്ചിയത്. 2019ൽ പഞ്ചാബിലൂടെയായിരുന്നു കറന്റെ ഐപിഎൽ അരങ്ങേറ്റം.

ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയുമായാണ് സാം കറന്‍ മിനി ലേലത്തിന്റെ താരമായി. ഓസ്‌ട്രേലിയയിൽ നടന്ന ലോക ടി 20 ചാമ്പ്യൻഷിപ്പിലെ മികച്ച താരത്തിനായി തുടക്കം മുതലേ ടീമുകൾ മത്സരിച്ചു. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളായിരുന്നു ആദ്യം മുതലേ താരത്തിനായി കളത്തിലിറങ്ങിയത്. വൈകി വന്ന് കാശ് വാരിയെറിഞ്ഞ പഞ്ചാബ് ഒടുവിൽ കറനെ സ്വന്തമാക്കി. 2021 ലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനായി രാജസ്ഥാൻ ചിലവാക്കിയ 16.25 കോടിയാണ് പഴങ്കഥയായത്.

ഓസ്‌ട്രേലിയയുടെ ഓൾ റൗണ്ടർ ക്രിസ് ഗ്രീനാണ് ലേലത്തിൽ പണം വാരിയ രണ്ടാമത്തെ താരം. 17.5 കോടിക്ക് മുംബൈ ഇന്ത്യൻസാണ് ഇരുപത്തിമൂന്ന്കാരനെ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിന്റെ ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു ഗ്രീനിനെ മുംബൈ പാളയത്തിലെത്തിച്ചത്. ഐപിഎല്ലിൽ കൂടുതൽ തുകയ്ക്ക് വിറ്റ് പോകുന്ന ഓസ്‌ട്രേലിയൻ താരവുമാണ് ഗ്രീൻ. വലംകൈ ബൗളറും ബാറ്ററുമായ ഗ്രീൻ ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പരയിൽ നടത്തിയ ഗംഭീര പ്രകടനമാണ് തുണയായത്.

ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് 13.25 കോടി രൂപ നേടിയ മറ്റൊരു ഓൾ റൗണ്ടർ. ഇംഗ്ലണ്ട് താരമായ ഇരുപത്തിമൂന്നുകാരന് വേണ്ടി എട്ടോളം ടീമുകൾ മത്സരിച്ചു. അവസാനം രാജസ്ഥാന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബ്രൂക്ക് സൺ റൈസേഴ്‌സ്‌ ഹൈദരാബിദിനൊപ്പം പോയത്. വെസ്റ്റ് ഇൻഡീസ് താരങ്ങളായ നിക്കോളാസ് പൂരനായും, ജേസൺ ഹോൾഡർക്കായും ടീമുകൾ വാശിയോടെ ലേലം കൊണ്ടു. രണ്ട് കോടി അടിസ്ഥന വിലയുമായി വന്ന ഇരുവരെയും ലക്നൗ സൂപ്പർ ജയന്റ്‌സും, രാജസ്ഥാൻ റോയൽസും യഥാക്രമം സ്വന്തമാക്കി. രാജസ്ഥാനും, ഡൽഹിയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ 16 കോടിക്ക് സൂപ്പർ ജയന്റ്‌സ് പൂരനെ സ്വന്തമാക്കിയപ്പോൾ, ഹോൾഡറെ 5.75 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു. 50 ലക്ഷം അടിസ്ഥാന വിലയിൽ തുടങ്ങി 4.4 നേടിയ അയര്‍ലന്‍ഡ്‌ ബൗളർ ജോഷ്വ ലിറ്റിൽ വിസ്മയം സൃഷ്ടിച്ചു. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഇടംകൈ ഫാസ്റ്റ് ബൗളർ ന്യൂസീലന്‍ഡിനെതിരെ ഹാട്രിക്കും നേടിയിരുന്നു.

5.25 കോടി ചിലവിൽ ഹൈദരാബാദ് ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച്‌ ക്ലാസനാണ് മികച്ച തുക സ്വന്തമാക്കിയ മറ്റൊരു വിദേശ താരം. ഇംഗ്ലണ്ട് താരം ആദിൽ റഷീദ്, ഫിൽ സാൾട്, ന്യൂസീലന്‍ഡ്‌ നായകൻ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് കോടികൾ നേടിയ മറ്റ് വിദേശ താരങ്ങൾ. അടിസ്ഥാന വിലയായ രണ്ട് കോടിക്ക് സൺ റൈസേഴ്‌സ്‌ ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് താരങ്ങളെ സ്വന്തമാക്കിയത്. വില്‍ ജാക്‌സ്‌ (3.2 കോടി), റീസ് ടോപ്ലി (1.9 കോടി), എന്നിവരെ റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു സ്വന്തമാക്കി. കെയ്ൽ ജാമിസൺ ഒരുകോടി രൂപയ്ക്ക് ചെന്നൈയ്ക്കയി വരും സീസണിൽ കളിക്കും.

logo
The Fourth
www.thefourthnews.in