ഇതാ നാലു ഫൈനലുകള്‍; ഏതു വേണം?
ഖത്തറില്‍ അങ്കം മുറുകുകയാണ്. 32 പേരില്‍ ഇനി ശേഷിക്കുന്നത് നാലു പേര്‍. നടക്കാനുള്ളത് ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പടെ നാലു മത്സരങ്ങള്‍ കൂടി. ഇന്നേക്ക് എട്ടാം നാള്‍ ദോഹയില്‍ അടുത്ത നാലു വര്‍ഷത്തേക്കുള്ള ലോക ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ പട്ടാഭിഷേകമാണ്. ചെങ്കോലും കിരീടവുമണിഞ്ഞ് ആ സിംഹാസനത്തില്‍ ഇരിക്കാന്‍ കടുത്ത പോരാട്ടമാകും ഇനി ഉണ്ടാകുക.
അവസാന തുള്ളി ചോരയുമൊഴുക്കി ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്ത് അവസാന നിമിഷം വരെ പൊരുതാന്‍ നാലു ടീമുകളും തയാറാണ്. ഒരു ചെറിയ പിഴവു പോലും മരണവക്ത്രത്തിലേക്ക് എടുത്തെറിയപ്പെടാന്‍ കാരണമാകുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയായിരിക്കും ടീമുകളുടെ നീക്കം.
ഇന്നും നാളെയും വിശ്രമദിനമാണ്. 13 ന് രാത്രി ഇന്ത്യന്‍ സമയം 12:30-ന് ആദ്യ സെമിഫൈനലില്‍ സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും കൊമ്പുകോര്‍ക്കും. 14-ന് രാത്രി അതേ സമയത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഈ ലോകകപ്പിന്റെ കറുത്ത കുതിരകളായ മൊറോക്കോയാണ് എതിരാളികള്‍.
സെമിയില്‍ തോറ്റവര്‍ക്ക് ലൂസേഴ്‌സ് ഫൈനല്‍ ജയിച്ചാലും ജയിച്ചില്ലെങ്കിലും കണക്കാണ്. അതുകൊണ്ട് ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് കോംപറ്റിറ്റീവ്. രണ്ടു സെമി ഫൈനല്‍ പോരാട്ടങ്ങളും ഒരു ഫൈനലും. ഖത്തറില്‍ ഇതുവരെ നടന്ന സംഭവവികാസങ്ങള്‍ ഇഴകീറി പരിശോധിച്ചതിനാല്‍ സെമിഫൈനല്‍ പ്രവചിക്കാന്‍ അധികമാര്‍ക്കും ധൈര്യമില്ല.
അതിനാല്‍ ഇനി ചെയ്യാന്‍ സാധിക്കുന്നത് ഡിസംബര്‍ 18-ന് രാത്രി ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യതയുള്ള, നാലു ടീമുകള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള നാലു ഫൈനല്‍ സാധ്യതകള്‍ പരിശോധിക്കാം എന്നതു മാത്രമാണ്...
അര്‍ജന്റീന - ഫ്രാന്‍സ്
ഫുട്‌ബോള്‍ പ്രേമികള്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നതും അര്‍ജന്റീന ആരാധകര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും ഇങ്ങനെയൊരു ഫൈനലിനെയാകും. സെമിയില്‍ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ വീഴ്ത്തി മെസിപ്പടയും മൊറോന്‍ മിറാക്കിള്‍ അവസാനിപ്പിച്ച് എംബാപ്പെയുടെ ഫ്രാന്‍സും 18-ന് ലുസെയ്‌ലില്‍ എത്തുമെന്നു തന്നെയാണ് ലോകം കരുതുന്നത്.
അങ്ങനെ സംഭവിച്ചാല്‍ ഏഷ്യന്‍ വന്‍കരയില്‍ രണ്ടാം തവണയും ഒരു യൂറോപ്പ്-ലാറ്റിനമേരിക്കന്‍ ക്ലാസിക് ഫൈനലിനാകും അരങ്ങൊരുങ്ങുക. ഇതിനു മുമ്പ് 2002-ല്‍ ജപ്പാനും ദക്ഷിണകൊറിയയും ആതിഥ്യം വഹിച്ചപ്പോള്‍ ബ്രസീലും ജര്‍മനിയുമായിരുന്നു കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. റൊണാള്‍ഡോ മാജിക്കില്‍ യൂറോപ്പിന്റെ വമ്പൊടിച്ച് ലാറ്റിനമേരിക്കക്കാര്‍ കരുത്തു കാട്ടുകയും ചെയ്തു. ഇക്കുറി അത്തരത്തില്‍ വീണ്ടുമൊരു യൂറോപ്പ്-ലാറ്റിനമേരിക്ക പോരാട്ടം സംഭവിച്ചാല്‍ മത്സരഫലം എന്തായിരിക്കുമെന്നു പ്രവചിക്കുക അസാധ്യം. അര്‍ജന്റീന ജയിച്ചാല്‍ ലയണല്‍ മെസി എന്ന ഇതിഹാസ താരത്തിന്റെ കരിയര്‍ പൂര്‍ണതയിലെത്തും. മറിച്ച് ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിട്ടാല്‍ ആറു പതിറ്റാണ്ടിനു ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡ് അവര്‍ സ്വന്തമാക്കും.
അര്‍ജന്റീന - മൊറോക്കോ
യൂറോപ്യന്മാരുടെ അതിവന്യമായ ദുഃസ്വപ്‌നങ്ങളില്‍ പോലും ഇങ്ങനൊരു ഫൈനല്‍ ഉണ്ടാകുകയില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അത് യൂറോപ്യന്‍ ഫുട്‌ബോളിനൊരു ചരമഗീതം കൂടിയാകും. 72 വര്‍ഷത്തിനു ശേഷം ആദ്യമായി യൂറോപ്പില്‍ നിന്നൊരു ടീം ഇല്ലാത്ത ലോകകപ്പ് ഫൈനല്‍. 1950-ലാണ് ഇതിനു മുമ്പ് അങ്ങനൊരു ഫൈനല്‍ അരങ്ങേറിയത്. അന്ന് ലാറ്റിനമേരിക്കന്‍ ടീമുകളായ യുറുഗ്വായും ബ്രസീലും ഏറ്റുമുട്ടിയപ്പോള്‍ ജയം യുറുഗ്വായ്‌ക്കൊപ്പം നിന്നു.
ഇത്തവണ ലാറ്റിനമേരിക്കയുടെ പ്രതിനിധിയായി അര്‍ജന്റീന മാത്രമാണ് സെമിയില്‍ ഉള്ളത്. ഒരു വശത്ത് അവര്‍ വരുമ്പോള്‍ മറുവശത്ത് അണിനിരക്കുന്ന ടീമാകും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം. ലോകകപ്പിനെ സെമിയില്‍ കടക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന റെക്കോഡ് ഇപ്പോഴേ സ്വന്തമാക്കിക്കഴിഞ്ഞ മൊറോക്കോയ്ക്ക് ഫൈനല്‍ പ്രവേശനം തന്നെ എക്കാലത്തെയും വലിയരൊു നേട്ടമായി മാറിയേക്കാം. മൊറോക്കന്‍ ഫുട്‌ബോളിനും ആഫ്രിക്കന്‍ ഫുട്‌ബോളിനും മാത്രമല്ല, ഏഷ്യയിലെ ഇന്ത്യയുള്‍പ്പടെയുള്ള കുഞ്ഞന്‍ ടീമുകള്‍ക്ക് അതൊരു ഉണര്‍ത്തുപാട്ടായി മാറും. അര്‍ജന്റീന ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന ഒരു ഫൈനലും നിലവില്‍ ഇതായിരിക്കും.
ക്രൊയേഷ്യ - ഫ്രാന്‍സ്
2018-ന്റെ തനിയാവര്‍ത്തനമായി മാറും ഇങ്ങനൊരു ഫൈനല്‍. മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ തങ്ങളുടെ കണ്ണീരില്‍ ചവിട്ടിക്കയറി കനകസിംസാഹനത്തില്‍ അമര്‍ന്നിരുന്ന ഫ്രഞ്ച് പടയോട് മധുരപ്രതികാരം ചെയ്യാന്‍ ക്രൊയേഷ്യയ്ക്കു ലഭിക്കുന്ന അവസരമാകും അത്. മറിച്ച് ഫ്രാന്‍സ് 2018 ആവര്‍ത്തിച്ചാല്‍ അതുമൊരു ചരിത്രമാകും.
ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് മുന്‍ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം തൊട്ടടുത്ത തവണ അരങ്ങേറിയത്. 1990-ലായിരുന്നു അത്. 1986 ലോകകപ്പിന്റെ കലാശക്കളിയില്‍ ഏറ്റുമുട്ടിയ അര്‍ജന്റീനയും ജര്‍മനിയുമായിരുന്നു 1990 ലോകകപ്പ് ഫൈനലിലും എതിരാളികള്‍. 86-ല്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നപ്പോള്‍ 90-ല്‍ ജര്‍മനി പകരം വീട്ടി.
ക്രൊയേഷ്യ - മൊറോക്കോ
ഫിഫ ലോകകപ്പിന് പുതിയൊരു അവകാശികള്‍ എത്തുമെന്ന് കണ്ണുംപൂട്ടി ഉറപ്പിക്കാം ഇങ്ങനൊരു ഫൈനല്‍ അരങ്ങേറിയാല്‍. ലോക ഫുട്‌ബോളിലെ വന്‍ ശക്തികളായ അര്‍ജന്റീനശയയും ഫ്രാന്‍സിനെയും മറികടന്നാണ് ഇരുകൂട്ടരും കലാശക്കളിക്ക് എത്തുന്നത് എന്നതും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരും. അതിനേക്കാളുപരി ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇല്ലാത്തവര്‍ കളിക്കുന്ന ഫൈനല്‍ എന്ന ബഹുമതിയും ഈ പോരാട്ടത്തിന് ലഭിക്കും. ക്രൊയേഷ്യ നിലവില്‍ 12-ാം സ്ഥാനത്തും മൊറോക്കോ 22-ാം സ്ഥാനത്തുമാണ്. ആരു ജയിച്ചാലും ഫുട്‌ബോളിന്റെ വിജയം കൂടിയാകുമത്.