അടക്കിവാണവരെ അടിയറവു പറയിച്ച മൊറോക്കന്‍ വീരഗാഥ

അടക്കിവാണവരെ അടിയറവു പറയിച്ച മൊറോക്കന്‍ വീരഗാഥ

ലോകകപ്പ് വിജയങ്ങള്‍ക്കപ്പുറം മൊറോക്കോയ്ക്ക് തങ്ങളെ അടിച്ചമര്‍ത്തി അടക്കിവാണിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയോടുള്ള പ്രതികാരം കൂടിയാണ് ഈ നേട്ടങ്ങള്‍
Updated on
1 min read

ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയം, പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍, ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍... ലോകകപ്പ് പ്രതീക്ഷകളുമായി ഖത്തറിലെത്തി ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയ്ക്കുമുന്‍പില്‍ പതറിവീണ ടീമുകളാണ് മേല്‍പ്പറഞ്ഞവ. ഇന്നു ലോകകപ്പിന്റെ സെമിഫൈനലില്‍ അവര്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. ആ മത്സരത്തില്‍ ജയിച്ചാലും തോറ്റാലും എന്നും അടിച്ചമര്‍ത്തലിനോടും അസ്വാതന്ത്ര്യത്തിനോടും മാത്രം ചേര്‍ത്തുവായിച്ചിരുന്ന മൊറോക്കോ എന്ന പേരിന് ഇനി ചരിത്രത്തിന്റെ താളുകളില്‍ വീരപരിവേഷമാകും ലഭിക്കുക.

ലോകകപ്പ് സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ മൊറോക്കോ പൊരുതി നേടിയ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ചരിത്രപരവും രാഷ്ട്രീയപരവുമായ പശ്ചാത്തലമുണ്ട്. ലോകകപ്പ് വിജയങ്ങള്‍ക്കപ്പുറം മൊറോക്കോയ്ക്ക് തങ്ങളെ അടിച്ചമര്‍ത്തി അടക്കിവാണിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയോടുള്ള പ്രതികാരം കൂടിയാണ് ഈ നേട്ടങ്ങള്‍. തങ്ങളെ കോളനിയാക്കി അടക്കിഭരിച്ചിരുന്ന മൂന്ന് രാജ്യങ്ങളെയാണ് മൊറോക്കോ ലോകകപ്പില്‍ അട്ടിമറിച്ചത്. മധുര പ്രതികാരം തീര്‍ത്ത് കരുത്തരായി തുടരുന്ന മൊറോക്കോയുടെ മുന്നില്‍ ഇനിയെത്തുന്നത് ഫ്രാന്‍സാണ്.

അഞ്ച് പതിറ്റാണ്ടുകളിലേറെ തങ്ങളെ കോളനിയാക്കി അടക്കിവാണിരുന്ന രാജ്യത്തിനെതിരെ ബൂട്ടണിയുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഫ്രിക്കന്‍ കരുത്തന്മാര്‍ ലക്ഷ്യം വെക്കുന്നില്ല.

അഞ്ച് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ട് ഫ്രാന്‍സിനെതിരെയുള്ള മൊറോക്കോയുടെ പോരാട്ടത്തിന്. ഒന്നാം ലോകമഹായുദ്ധസമയത്ത്, 40,000 മൊറോക്കന്‍ സൈനികരെ നിര്‍ബന്ധിച്ചിച്ച് ഫ്രാന്‍സിന്റെ കൊളോണിയല്‍ സൈന്യത്തില്‍ യുദ്ധം ചെയ്യിക്കുകയായിരുന്നു. 1952ല്‍, കാസബ്ലാങ്കയിലെ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഫ്രഞ്ച് അധികാരികള്‍ അക്രമാസക്തമായി അടിച്ചമര്‍ത്തി. അവര്‍ പിന്നീട് മൊറോക്കന്‍ കമ്മ്യൂണിസ്റ്റ്, ഇസ്തിഖ്ലാല്‍ പാര്‍ട്ടികളെ നിരോധിക്കുകയും സുല്‍ത്താന്‍ മുഹമ്മദ് വിയെ മഡഗാസ്‌കറിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് മൊറോക്കന്‍ ജനങ്ങള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഫ്രഞ്ച് അധികാരികളെ ഭയപ്പെടുത്തി. ഈ നീക്കം കൊളോണിയല്‍ ഭരണത്തിനെതിരായ ചെറുത്തുനില്‍പ്പ് വര്‍ദ്ധിപ്പിക്കുകയും ഒടുവില്‍ മൊറോക്കോയിലേക്ക് മടങ്ങാന്‍ മൊറോക്കന്‍ രാജാവായ മുഹമ്മദ് വിക്ക് അനുവാദം ലഭിക്കുകയും ചെയ്തു.പോരാട്ടങ്ങള്‍ക്കൊടുവില്‍ 1956 മാര്‍ച്ചിലാണ് മൊറോക്കോയിലെ ഫ്രഞ്ച് ഭരണം അവസാനിച്ചത്

കൊളോണിയല്‍ ഭൂതകാലം കാരണം ഫ്രാന്‍സില്‍ മൊറോക്കന്‍ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഫ്രാന്‍സിലെ താമസക്കാരില്‍ ഏകദേശം അഞ്ച് ദശലക്ഷം മൊറോക്കക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫ്രാന്‍സിലെ മൊത്തം കണക്കിന്റെ ഏകദേശം 18.4 ശതമാനമാണ് മൊറോക്കന്‍ ജനസംഖ്യ.

എന്നാല്‍ സൗഹൃദപരമായ അന്തരീക്ഷമാണ് മൊറോക്കോ-ഫ്രാന്‍സ് താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. മത്സരത്തിനു മുന്നോടിയായി ഹക്കിമിയും എംബാപ്പെയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

മൊറോക്കന്‍ ടീമിലും ഫ്രഞ്ച് സാന്നിധ്യം വ്യക്തമാണ്. പരിശീലകന്‍ വാലിഡ് റെഗ്രഗുയി, നായകന്‍ റോമന്‍ സൈസ്, സോഫിയാന്‍ ബൗഫല്‍ എന്നിവര്‍ ജനിച്ചത് ഫ്രാന്‍സിലാണ്.

''ഞാന്‍ ഇരട്ട പൗരനാണ്. ഫ്രാന്‍സിനെതിരെ കളിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പക്ഷേ അത് ഫുട്‌ബോളാണ് മൊറോക്കോയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഞങ്ങള്‍ മൊറോക്കക്കാരാണ്,' മൊറോക്കന്‍ ഗാര്‍ഡിയോള എന്ന് വിളിക്കപ്പെടുന്ന റെഗ്രഗുയി പ്രതികരിച്ചു. മൊറോക്കോയുടെ പ്രതിഷേധ വീര്യത്തിനു മുന്നില്‍ ഫ്രഞ്ച് അധികാരികള്‍ പതറിയതുപോലെ ചരിത്രം ലോകകപ്പ് വേദിയിലും ആവര്‍ത്തിക്കുമോയെന്ന് നാളെ രാത്രി അറിയാം

logo
The Fourth
www.thefourthnews.in