ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസിന് ഇന്ന് പോളണ്ട് പരീക്ഷ

ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസിന് ഇന്ന് പോളണ്ട് പരീക്ഷ

ഇന്ത്യൻ സമയം രാത്രി 8:30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം
Updated on
1 min read

ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാൻ എംബാപ്പെയുടെ ഫ്രാൻസും ലെവൻഡോവ്സ്കിയുടെ പോളണ്ടും ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 8:30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസ് തുടർച്ചയായി മൂന്നാം തവണ നോക്കൗട്ടില്‍ പ്രവേശിക്കുന്നത്. പോളണ്ടിനെതിരായ മത്സരവും കടന്ന് ലോകകപ്പിലേക്കുള്ള ദൂരം കുറയ്ക്കാനാകും അവർ ശ്രമിക്കുക. മറുവശത്ത്‌ 82ന് ശേഷം പ്രീ ക്വാർട്ടർ കടക്കാമെന്ന സ്വപ്നവുമായാണ് പോളണ്ട് ഇറങ്ങുക.

ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് ഫ്രാൻസിന്റെ പ്രീ ക്വാർട്ടർ പ്രവേശം. പരുക്കിന്റെ ആശങ്കകൾക്കിടയിൽനിന്നും ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചുകൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. യുവതാരം കിലിയന്‍ എംബാപ്പെയുടെ ബൂട്ടുകളിലാണ് ഫ്രാൻസിന്റെ പ്രതീക്ഷകൾ. മൂന്നുഗോളുകളാണ് ഈ ലോകകപ്പിൽ എംബാപ്പെ നേടിയിട്ടുള്ളത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം നിര ടീമുമായി ട്യൂണീഷ്യയോട് പരാജയപ്പെട്ടുവെങ്കിലും, പോളണ്ടുമായുള്ള മത്സരത്തിൽ പ്രധാന താരങ്ങളെല്ലാം ആദ്യ പതിനൊന്നിലേക്ക് മടങ്ങിയെത്തും.

അവസാന മത്സരത്തിൽ അര്‍ജന്റീനയോട്‌ മറുപടിയില്ലാതെ രണ്ട് ഗോളിന് പരാജയപ്പെട്ട പോളണ്ടിന് ഫ്രാൻസ് കടുത്ത എതിരാളികളാണ്. ലോകകപ്പിലെ ആദ്യ ഗോൾ കണ്ടെത്തിയ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാത്തത് അവർക്ക് തലവേദനയാണ്. അര്‍ജന്റീനയ്‌ക്കെതിരെ അമിത പ്രതിരോധത്തിലൂന്നി കളിച്ചത് തിരിച്ചടിയായ പോളിഷ് പരിശീലകൻ തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പോളണ്ട് പ്രതീക്ഷകൾ പ്രീ ക്വാർട്ടറിൽ അവസാനിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് ഷോട്ടുകൾ മാത്രമാണ് ഈ ലോകകപ്പിൽ പോളിഷ് നിരയ്ക്ക് എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് തൊടുക്കാൻ സാധിച്ചിട്ടുള്ളത്.

ഇരു ടീമിലെയും മുഴുവൻ താരങ്ങളും മത്സര സജ്ജമാണെന്നത് രണ്ട് പരിശീലകർക്കും ആശ്വാസമാണ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തിൽ ഫ്രഞ്ച് വിങ് ബാക്ക് തിയോ ഹെർണാണ്ടസിന് പരുക്കേറ്റെങ്കിലും മത്സരം നഷ്ടമാകുന്ന തരത്തിൽ പ്രശനങ്ങളില്ലെന്നാണ് റിപോർട്ടുകൾ. ഇതിനുമുൻപ് ഒരുതവണ മാത്രമാണ് ഇരു ടീമുകളും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയത്. 1982 ലോകകപ്പിന്റെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ പോളണ്ട് ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ പതിനാറ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ എട്ട് തവണയും ഫ്രാൻസിനൊപ്പമായിരുന്നു ജയം. മൂന്ന് മത്സരങ്ങൾ പോളണ്ട് ജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിലായി. 82 ലെ ലോകകപ്പ് പോരാട്ടം നടന്ന് ഒരു മാസത്തിനപ്പുറം കളിച്ച സൗഹൃദ മത്സരത്തിന് ശേഷം ഫ്രാൻസിനെ വീഴ്ത്താൻ പോളണ്ടിനായിട്ടില്ല.

logo
The Fourth
www.thefourthnews.in