ബെന്‍സേമ ഖത്തര്‍ വിട്ടു; പകരക്കാരന്‍ ഉണ്ടാകില്ലെന്ന് ദെഷാംപ്‌സ്

ബെന്‍സേമ ഖത്തര്‍ വിട്ടു; പകരക്കാരന്‍ ഉണ്ടാകില്ലെന്ന് ദെഷാംപ്‌സ്

ക്രിസ്റ്റഫർ എൻകുങ്കുവിന് പകരം റാൻഡൽ കൊളോ മുവാനിയെ ടീമിൽ ഉൾപ്പെടുത്തി
Updated on
1 min read

പരുക്കേറ്റ ഫ്രഞ്ച് താരം കരിം ബെന്‍സേമയ്ക്ക് പകരം മറ്റൊരു കളിക്കാരനെ ഉൾപ്പെടുത്തില്ലെന്ന് ഫ്രഞ്ച് ദേശിയ ടീം പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. അതേസമയം പരുക്കേറ്റ മധ്യനിര താരം ക്രിസ്റ്റഫർ എൻകുങ്കുവിന് പകരം റാൻഡൽ കൊളോ മുവാനിയെ ടീമിൽ ഉൾപ്പെടുത്തി.

ബുണ്ടസ്‌ലീഗയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനായി കളിക്കുന്ന താരമാണ് റാൻഡൽ കൊളോ മുവാനി. മുന്നേറ്റ നിരയിൽ കളിക്കുന്ന താരം ഇതിനോടകം പതിനാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ലീഗിൽ എഫ്സി നാന്റസിൽ നിന്ന് ഈ വർഷമാണ് താരം ജർമൻ ക്ലബ്ബിൽ എത്തിയത്. കഴിഞ്ഞ മാസം യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള ഫ്രഞ്ച് നിരയിൽ ഇടം പിടിച്ച ഇരുപത്തിമൂന്ന്കാരൻ രണ്ട മത്സരങ്ങളിൽ ഫ്രാൻസിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലത്തിനിടെയാണ് മുന്നേറ്റ നിര താരം കരിം ബെന്‍സേമയ്ക്ക് പരുക്കേറ്റത്. പ്രധാന താരങ്ങളായ പോള്‍ പോഗ്ബ, എൻഗോലോ കാന്റെ എന്നിവർക്കേറ്റ പരുക്കിൽ തകർന്നിരുന്ന ഫ്രഞ്ച് നിരയ്ക്ക് ഇരട്ടി പ്രഹരമായി ബെന്‍സേമയുടെ പരുക്ക്. ബെന്‍സേമയ്ക്ക് പകരം മറ്റൊരു കളിക്കാരനെ ഉൾപ്പെടുത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിത നീക്കവുമായി ഫ്രഞ്ച് പരിശീലകൻ എത്തിയത്. ബെന്‍സേമ ഖത്തർ വിട്ടതായും ഫ്രഞ്ച് മാധ്യമമായ ടിഎഫ് 1ന്റെ പരിപാടിയായ ടെലിഫൂട്ടിൽ കോച്ച് ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.

അതേസമയം ടീം പ്രഖ്യാപനം നടത്തുമ്പോൾ പരുക്കിന്റെ പിടിയിലായ പ്രതിരോധ നിര താരം റാഫേൽ വരാനെ പരുക്ക് ഭേദമാകുന്നതിന്റെ സൂചനകളും അദ്ദേഹം പങ്കുവച്ചു. പരിശീലനം പുനരാരംഭിച്ച വരാനെ ഓസ്‌ട്രേലിയയ്‌ക്കെതിരായുള്ള ആദ്യ മത്സരത്തിന് കളത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് അദ്ദേഹം വിശദമാക്കി. ഗ്രൂപ്പ് ഡിയിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 12:30 ആണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയ ആണ് എതിരാളികൾ.

logo
The Fourth
www.thefourthnews.in