വിധിയെ തോല്‍പിച്ച ദിയ; സെനഗലിന്റെ ഹീറോ
മൂന്നു മത്സരം, ഒരു ഗോളും അസിസ്റ്റും, ഒരു മാന്‍ ഓഫ് ദ മാച്ച്... രണ്ടു പതിറ്റാണ്ടിനു ശേഷം ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നോക്കൗട്ടിലേക്ക് ആഫ്രിക്കന്‍ സൗന്ദര്യമായി സെനഗല്‍ പടര്‍ന്നുകയറിയപ്പോള്‍ അതിന് താങ്ങും തണലുമായ ബൗലായേ ദിയയുടെ ഗ്രൂപ്പ് സ്‌റ്റേജ് പ്രോഗ്രസ് കാര്‍ഡാണിത്.
മൂന്നു മത്സരങ്ങള്‍ കൊണ്ട് ദേശീയ ഹീറോ ആയിരിക്കുകയാണ് വിയ്യാറയാല്‍ താരം. എന്നാല്‍ ഈയൊരു നിലയിലേക്കുള്ള ദിയയുടെ വളര്‍ച്ച സിനിമാക്കഥകളെ വെല്ലുന്നതാണ്. ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായി കരാര്‍ ഒപ്പിടാനുള്ള യാത്ര മൂന്നു തവണ മുടങ്ങിയതും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഇലക്ട്രീഷ്യന്റെ വേഷം കെട്ടിയതുമെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്നും ദിയയുടെ കണ്ണുകള്‍ ഈറനണിയും.
മികച്ച ജീവിത സാഹചര്യം തേടി സെനഗലില്‍ നിന്നു ഫ്രാന്‍സിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകനായി ഫ്രഞ്ച് മണ്ണിലാണ് ദിയ ജനിച്ചത്. കുടിയേറ്റത്തിലൂടെ മികച്ച ജീവിതമാണ് ദിയയുടെ അച്ഛനമ്മമാര്‍ പ്രതീക്ഷിച്ചതെങ്കില്‍ വിപരീത അനുഭവമായിരുന്നു അവര്‍ക്ക് ഫ്രാന്‍സില്‍.
കുടിയേറ്റം അനധികൃതം കൂടിയായിരുന്നതോടെ ജീവിതം ദുസഹമായിരുന്നു. അത്തരത്തില്‍ കൊടിയ ദാരിദ്ര്യത്തിലുള്ള കുടുംബത്തിലേക്കായിരുന്നു ദിയയുടെ ജനനം. ഫ്രാന്‍സില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രാന്തപ്രദേശങ്ങളില്‍ ഒന്നിലെ രണ്ടുമുറി വീട്ടില്‍ ആറംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പട്ടിണി വിട്ടുമാറാത്ത ബാല്യത്തില്‍ കുടിയേറ്റക്കാരുടെ മക്കളുടെ സ്ഥിരം വിനോദോപാധിയായ കാല്‍പ്പന്താണ് ദിയയുടെ വിശപ്പ് കെടുത്തിയിരുന്നത്. സമപ്രായക്കാര്‍ക്കൊപ്പം പകലന്തിയോളം പന്തു തട്ടി വളര്‍ന്ന കൊച്ചു ദിയയില്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാകണമെന്ന ആഗ്രഹം ഉദിക്കുന്നത് എട്ടാം വയസിലാണ്.
ആ കൊച്ചുപ്രായത്തില്‍ തന്നെ കാല്‍പ്പന്തിനെ കാര്യമായി എടുക്കാന്‍ ശ്രമിച്ച ദിയയ്ക്ക് എല്ലാ പിന്തുണയും നല്‍കിയത് കടുത്ത ഫുട്‌ബോള്‍ ആരാധകനായ അച്ഛനാണ്. താമസിച്ചിരുന്ന പ്രവിശ്യയിലെ പ്രാദേശിക ടൂര്‍ണമെന്റുകളിലൊക്കെ മികവ് കാട്ടിയ ദിയയെ ഫ്രഞ്ച് ലീഗ് ക്ലബ് സെന്റ് എറ്റീന്‍ന്റെ സ്‌കൗട്ടുകളാണ് കണ്ടെത്തിയത്.
12-ാം വയസില്‍ അങ്ങനെ ആദ്യമായി ഒരു പ്രൊഫഷണല്‍ ക്ലബിന്റെ ട്രയല്‍സിന് ക്ഷണം. ജീവിതത്തില്‍ ആദ്യമായി കുഞ്ഞുദിയ മനസുനിറഞ്ഞു സന്തോഷിച്ച ദിനം. എന്നാല്‍ ആ ആഹ്‌ളാദം അധികം നീണ്ടില്ല. താമസസ്ഥലത്തു നിന്ന് 300 മൈലോളം അകലെയുള്ള സെന്റ് എറ്റീന്‍ സെലക് ഷന്‍ ക്യാമ്പിലേക്ക് അച്ഛന്റെ പഴഞ്ചന്‍ കാറില്‍ യാത്രതിരിച്ച ദിയയ്‌ക്കൊപ്പം നിര്‍ഭാഗ്യവും സഹയാത്രികനായി ഉണ്ടായിരുന്നു.
രാത്രി പാതിവഴിയില്‍ കാര്‍ ബ്രേക്ക്ഡൗണ്‍ ആയതോടെ അച്ഛനും മകനും പെരുവഴിയിലായി. വരുന്ന വാഹനങ്ങള്‍ക്കെല്ലാം കൈനീട്ടി ലിഫ്റ്റ് ചോദിച്ചെങ്കിലും കറുത്തവര്‍ഗക്കാരനായ ഒരാള്‍ക്ക് രാത്രിയില്‍ ലിഫ്റ്റ് നല്‍കാന്‍ ആരും തയാറായില്ല. ഒരു രാത്രി മുഴുവന്‍ കേടായ കാറില്‍ കഴിച്ചുകൂട്ടിയ ശേഷം പുലര്‍ച്ചെ ലഭിച്ച ആദ്യ വാഹനത്തില്‍ ക്യാമ്പിലേക്ക് യാത്രതിരിച്ചെങ്കിലും ചെന്നെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.
അങ്ങനെ ആദ്യ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോലുമാകാതെ മടക്കം. മൂന്നു വര്‍ഷത്തിനു ശേഷമാണ് പിന്നീടൊര് അവസരം ദിയയെ തേടിയെത്തുന്നത്. ഇകകുറി ഫ്രഞ്ച് ക്ലബ് ലിയോണിന്റെ സ്‌കൗട്ടുകളാണ് ദിയയില്‍ ആകൃഷ്ടനായത്. അങ്ങനെ സെലക്ഷന്‍ ട്രയല്‍സിന് എത്തിയെങ്കിലും ക്ലബ് തള്ളിക്കളഞ്ഞു. അതേ വര്‍ഷം തന്നെ വെയ്ല്‍സ് ക്ലബായ റെക്‌സ്ഹാമില്‍ നിന്നും ദിയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതോടെ അതും നഷ്ടമായി.
അപ്പോഴേക്കും കുടുംബ പശ്ചാത്തലും തീരെ ദുരിതത്തിലായിരുന്നു. കടുത്ത ദാരിദ്ര്യം അലട്ടിയതോടെ കാല്‍പ്പന്ത് മോഹത്തിന് താല്‍ക്കാലിക അവധി നല്‍കി അന്നം കണ്ടെത്താന്‍ കൗമാരകാലത്തേ ജോലി അന്വേഷിച്ച് ഇറങ്ങേണ്ടി വന്നു.
ഇലക്ട്രീഷ്യന്‍ ജോലികള്‍ ചെയ്യുന്ന ഒരാളുടെ ഹെല്‍പ്പറായാണ് 14-ാം വയസില്‍ ദിയ ജോലിക്കു കയറുന്നത്. വയറിങ് സാധനസാമഗ്രികള്‍ ചുമന്നു കൊണ്ടുനടക്കുകയായിരുന്നു ആദ്യ കാലത്തെ ജോലി. അവര്‍ക്കൊപ്പം ഒരു വര്‍ഷം ജോലി ചെയ്ത ദിയ അതിനോടകം വയറിങ് ചെയ്യാനും പഠിച്ചു. പിന്നീട് ആ ജോലി നഷ്ടമായ ശേഷം ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി ബോയി ആയാണ് ദിയ ജോലി നോക്കിയത്.
അതിനിടയിലും ഫുട്‌ബോളിനെ മറക്കാന്‍ താരം തയാറായിരുന്നില്ല. പകലുമുഴുവന്‍ നീണ്ട ജോലിക്കു ശേഷം രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം വീടിനു സമീപത്തെ ഗ്രൗണ്ടുകളില്‍ പന്തു തട്ടാന്‍ കൃത്യമായി ദിയ എത്തുമായിരുന്നു. അത്തരത്തില്‍ ഒരു രാത്രിയിലെ പ്രകടനമാണ് ദിയയുടെ തലയില്‍ വര മാറ്റിയത്, അതും തന്റെ ജീവിതത്തില്‍ ഇനി ഫുട്‌ബോള്‍ വേണ്ടെന്നു തീരുമാനിച്ച അതേ ദിവസം തന്നെയെന്നതും യാദൃശ്ചികം.
ഫുട്‌ബോള്‍ ഉപേക്ഷിച്ചു കുടുംബത്തിനായി മുഴുവന്‍ സമയം അധ്വാനിച്ച് ജീവിക്കാന്‍ ദിയ തീരുമാനമെടുത്തത് ഏറെ വേദനയോടെയാണ്. ആ തീരുമാനം കൈക്കൊണ്ട ദിവസം അവസാനമായി ഒരിക്കല്‍ക്കൂടി ബൂട്ടുകെട്ടിയിറങ്ങിയ ദിയയുടെ പ്രകടനം വീക്ഷിച്ച് കളത്തിന് പുറത്ത് ഫ്രഞ്ച് നാലാം ഡിവിഷന്‍ ക്ലബായ യൂറ സൂദിന്റെ സ്‌കൗട്ടുകളും പ്രമുഖ ഫുട്‌ബോള്‍ ഏജന്റായ ഫെഡറിക് ഗ്യുയേറയുമായിരുന്നു.
ദിയയുടെ പ്രകടനം കണ്ട സൂദ് ഒഫീഷ്യലുകള്‍ ഏറെ വൈകാതെ തന്നെ അദ്ദേഹവുമായി കരാറില്‍ എത്തി. 2017-18 സീസണില്‍ ദിയ സൂദിനായി അരങ്ങേറി. അരങ്ങേറ്റക്കാരനെ സംബന്ധിച്ച് ഏറ്റവും തിളക്കമാര്‍ന്ന സീസണായിരുന്നു അത്. 21 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍. എന്നാല്‍ അതിനേക്കാള്‍ ദിയയുടെ ജീവിതം മാറ്റിയത് ഒരു വര്‍ഷം മുമ്പ് ഗ്യുയേറയുമായി സ്ഥാപിച്ച സൗഹൃദമാണ്.
സൂദിലെ ആദ്യ സീസണില്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിനു പിന്നാലെ ദിയയുടെ ഏജന്റായി മാറിയ ഗ്യുയേറയാണ് താരത്തെ ഫ്രഞ്ച് ലീഗില്‍ പ്രമുഖ ക്ലബുകളില്‍ ഒന്നായ റെയിംസിലേക്ക് എത്തിച്ചത്.
റെയിംസ് അധികൃതരുമായി ഇതേക്കുറിച്ച് സംസാരിച്ച ഗ്യുയേറ ദിയയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. ''അവന്‍ തെരുവില്‍ നിന്നു വരുന്നവനാണ്. ഇവിടെയുള്ള മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വിശപ്പ് എന്തെന്ന് അറിയാവുന്നവന്‍'' എന്നാണ് റെയിംസ് മാനേജ്‌മെന്റിനു മുന്നില്‍ ദിയയുടെ ബയോഡാറ്റ സമര്‍പ്പിച്ച് ഗ്യൂയേറ സംസാരിച്ചത്.
2018-ല്‍ റെയിംസിന്റെ ബി ടീമില്‍ ദിയ അരങ്ങേറി. ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകള്‍ നേടിയ താരത്തെ വൈകാതെ എ ടീമില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിതരായി. മൂന്നു സീസണ്‍ റെയിംസിനായി കിച്ച ദിയ 78 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളാണ് നേടിയത്.
പിന്നീട് ഫ്രാന്‍സില്‍ നിന്ന് 2021-ല്‍ സ്പാനിഷ് ക്ലബ് വിയ്യാ റയാലില്‍ എത്തിയ താരത്തിനു പക്ഷേ പ്രകടനമികവ് ആവര്‍ത്തിക്കാനായില്ല. 25 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ മാത്രം നേടിയ താരത്തെ അവര്‍ ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ് സാലെര്‍നറ്റാനയ്ക്കു വായ്പ നല്‍കി. ആ നീക്കമാണ് ദിയയ്ക്ക് സെനഗല്‍ ദേശീയ ടീമിലേക്ക് വഴിതുറന്നത്.
സ്‌പെയിനില്‍ നിന്ന് ഇറ്റലിയില്‍ എത്തിയ ദിയ തന്റെ പഴയ ഫോമിലേക്കുയരുകയായിരുന്നു. ഈ സീസണില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഈ പ്രകടനം സെനഗല്‍ കോച്ച് അലിയോ സിസെയുടെ കണ്ണില്‍പ്പെട്ടതോടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളിയെത്തി.
2020-ലാണ് താരം ആദ്യമായി സെനഗല്‍ ജഴ്‌സി അണിഞ്ഞത്. ഇതുവരെ 22 മത്സരങ്ങളാണ് കളിച്ചത്. നാലു ഗോളുകളും നേടി. ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്നിട്ടും സെനഗലിനു വേണ്ടി കളിക്കാനിറങ്ങിയതിലും ദിയയ്ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. ''എന്റെ അച്ഛനമ്മമാരുടെ നാടാണ് സെനഗല്‍, അങ്ങനെ എന്റെയും. ആ രാജ്യത്തിന്റെ ജഴ്‌സിയണിയുന്നത് മറ്റേതു ജഴ്‌സിയെക്കാളും അഭിമാനം പകരും'' -എന്നാണ് ദിയ പറയുന്നത്. വന്നവഴി മറക്കാത്ത താരം ലോകകപ്പില്‍ ഇനിയും ഒട്ടേറെ ദൂരം മുന്നേറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.