ബ്രസീലിന് തിരിച്ചടി; ജീസസും ടെല്ലസും ലോകകപ്പിൽ നിന്ന് പുറത്ത്
നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായി പരുക്ക്. ഗബ്രിയേല്‍ ജീസസിനും അലക്‌സ് ടെല്ലസിനും ലോകകപ്പ് നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. ടൂര്‍ണമെന്‌റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുവരും പങ്കെടുക്കില്ലെന്നാണ് ബ്രസീൽ ടീമിന്റെ സ്ഥിരീകരണം. ആദ്യമത്സരത്തിൽ പരുക്കേറ്റ് പുറത്തായ നെയ്മറിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഇനിയും തീരുമാനം ആയില്ല. ഇതിന് പിന്നാലെ രണ്ട് താരങ്ങൾ കൂടി ലോകകപ്പിൽ നിന്ന് പുറത്താകുന്നത് മുൻ ലോക ചാമ്പ്യന്മാർക്ക് കനത്ത തിരിച്ചടിയാണ്.
കാമറൂണിനെതിരായ ബ്രസീലിന്‌റെ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ജീസസിനും ടെല്ലസിനും പരുക്കേറ്റത്. കാൽമുട്ടിനേറ്റ പരുക്കാണ് ജീസസിന് തിരിച്ചടിയായത്. താരത്തിന് ഒരു മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരത്തിനിടെ കാമറൂണ്‍ താരവുമായി കൂട്ടിയിടിച്ച ടെല്ലസിന് സര്‍ജറി ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരുടെയും കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ അവസാന 16ല്‍ എത്തിയത്. തിങ്കളാഴ്ച ദക്ഷിണകൊറിയയ്‌ക്കെതിരെയാണ് ടിറ്റെയുടെ സംഘത്തിന്‌റെ പ്രീക്വാര്‍ട്ടര്‍ മത്സരം.