സൗത്ത്‌ഗേറ്റ് ഉടന്‍ പടിയിറങ്ങില്ല; 2024 യൂറോ വരെ ഇംഗ്ലണ്ട് പരിശീലകനായി തുടരും
ഒടുവില്‍ ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുന്നു. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിിന്‌റെ പരിശീലക സ്ഥാനത്ത് ഗാരത് സൗത്ത്‌ഗേറ്റ് തുടരും. രണ്ട് ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ നയിച്ച സൗത്ത്‌ഗേറ്റ് ഉടന്‍ പരിശീലക സ്ഥാനം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 2024 യൂറോക്കപ്പുവരെ സൗത്ത്‌ഗേറ്റ് തുടരുമെന്നാണ് വ്യക്തമാകുന്നത്.
ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട്, ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് മടങ്ങിയത്. 2018 ല്‍ നാലാം സ്ഥാനവും സൗത്ത്‌ഗേറ്റിന്‌റെ ശിക്ഷണത്തില്‍ ഇംഗ്ലണ്ട് നേടിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ക്വാര്‍ട്ടറില്‍ പോരാട്ടം അവസാനിച്ചു.
ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ഇംഗ്ലണ്ട് ടീമില്‍ സൗത്ത്‌ഗേറ്റ് തുടരുമോ എന്നതില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നത്. വൈകാരികമായി തീരുമാനമെടുക്കില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും സൗത്ത്‌ഗേറ്റ് ആദ്യം പ്രതികരിച്ചു. 2024 വരെയാണ് സൗത്ത്‌ഗേറ്റിന്‌റെ കരാര്‍. കരാര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ പരിശീലക സ്ഥാനം വിടുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ യൂറോ 2024 വരെ തുടരാനാണ് സൗത്ത്‌ഗേറ്റിന്‌റെ തീരുമാനം. ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‌റെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരാധകര്‍.