ജയിക്കാന്‍ പന്തടക്കം മാത്രം പോരാ, ഗോള്‍ അടിക്കണം; വമ്പന്മാരെ കളി പഠിപ്പിച്ച ജപ്പാൻ

ജയിക്കാന്‍ പന്തടക്കം മാത്രം പോരാ, ഗോള്‍ അടിക്കണം; വമ്പന്മാരെ കളി പഠിപ്പിച്ച ജപ്പാൻ

കളിമികവിൽ ജർമനി എല്ലാ കണക്കുകളിലും മികച്ചുനിന്നു. എന്നാൽ വിലപ്പെട്ട മൂന്ന് പോയിന്റ് കീശയിലാക്കിയത് ജപ്പാനായിരുന്നു
Updated on
1 min read

കളി മികവല്ല, ഗോൾ നേടുന്നിടത്താണ് ഒരു ടീമിന്റെ വിജയമെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ജപ്പാന്‍ എന്ന ഏഷ്യൻ കരുത്തന്മാർ. സമുറായികളുടെ വിജയത്തോടെ ഖത്തർ ലോകകപ്പ് വീണ്ടുമൊരു അട്ടിമറിക്ക് വേദിയായി. ഖലീഫ സ്റ്റേഡിയത്തിൽ ജര്‍മനിയുമായി ഏറ്റുമുട്ടിയ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നാല് തവണ ലോകകിരീടത്തില്‍ മുത്തമിട്ട ടീമിനെ അട്ടിമറിച്ചത്. കളിമികവിൽ ജർമനി എല്ലാ കണക്കുകളിലും മികച്ചു നിന്നു. എന്നാൽ വിലപ്പെട്ട മൂന്ന് പോയിന്റ് കീശയിലാക്കിയത് ജപ്പാനായിരുന്നു.

പന്തടക്കത്തില്‍ ബഹുദൂരം മുന്നിലായിരുന്നു ജര്‍മനി. കളി സമയത്തിന്റെ 73 ശതമാനത്തിലധികവും ജര്‍മന്‍ കളിക്കാരുടെ കാലുകളിലായിരുന്നു പന്ത്. ജപ്പാന്റെ പന്തടക്കം വെറും 26 ശതമാനത്തില്‍ ഒതുങ്ങി. ഗോള്‍ ശ്രമങ്ങളിലും ജർമനി മുന്നിട്ടുനിന്നു. 25 തവണ ഗോൾ വല ലക്ഷ്യമിട്ട് ഷോട്ടുകള്‍ പായിച്ചു. അതില്‍ എട്ടെണ്ണം മാത്രമാണ് പോസ്റ്റിലേക്ക് എത്തിയത്. അതേസമയം ജപ്പാൻ 11 ശ്രമങ്ങൾ നടത്തിയതിൽ പോസ്റ്റിലേക്കെത്തിയ മൂന്നെണ്ണത്തിൽ രണ്ടെണ്ണം വല കുലുക്കി. 17 ഫ്രീകിക്കുകൾ ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാൻ ജർമനിക്ക് സാധിച്ചില്ല.

2014ൽ ലോകകപ്പ് നേടിയതിന് ശേഷം ജര്‍മനി കളിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും തോൽവിയായിരുന്നു ഫലം. റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് പുതിയൊരു ജർമൻ പടയെയാണ് ആരാധകർ കാത്തിരുന്നത്. തലമുറ മാറ്റം നടക്കുമ്പോഴും ടീമും ആരാധകരും ഒരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല.

അതേസമയം, ഖത്തറില്‍ ഏഷ്യൻ ടീമുകളുടെ പ്രകടനം ശ്രദ്ധേയമാണ്. നിസാരരെന്ന് കരുതിയ സൗദി അറേബ്യയാണ് മെസിയുടെയും അര്‍ജന്റീനയുടെയും സന്തോഷം തല്ലിക്കെടുത്തിയത്. പിന്നാലെയാണ് ജപ്പാന്‍ ജര്‍മനിയെ തകര്‍ത്തത്. ഇരു ടീമുകളുടെയും തോല്‍വിയിലും സമാനതകളുണ്ട്. പെനാൽറ്റിയിലൂടെ നേടിയ ആദ്യ ഗോളില്‍ ലീഡ് എടുത്തശേഷം, രണ്ട് ഗോളുകൾ വഴങ്ങിയാണ് അര്‍ജന്റീനയും ജർമനിയും തോല്‍വിയുടെ കയ്പ്പറിഞ്ഞത്.

logo
The Fourth
www.thefourthnews.in