ഡൊമിനിക് ലിവാക്കോവിച്ച്
ഡൊമിനിക് ലിവാക്കോവിച്ച്

ഡൊമിനിക് ലിവാക്കോവിച്ച്: ലോകകപ്പിലെ ഏഷ്യന്‍ പ്രതീക്ഷകളെ തടഞ്ഞിട്ട ക്രൊയേഷ്യന്‍ കോട്ട

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശകരമായ മത്സരത്തില്‍ ജാപ്പനീസ് സ്‌ട്രൈക്കര്‍മാരുടെ മൂന്ന് ഷോട്ടുകളാണ് ലിവാക്കോവിച്ച് തട്ടിയകറ്റിയത്
Updated on
1 min read

പ്രീക്വാര്‍ട്ടര്‍ കടന്ന് മുന്നേറിയ ക്രൊയേഷ്യന്‍ ടീമിന്റെ വിജയത്തിനു പിന്നില്‍ ഡൊമിനിക് ലിവാക്കോവിച്ച് എന്ന ക്രൊയേഷ്യയുടെ വിശ്വസ്തനായ ഗോള്‍കീപ്പറുടെ കരുത്തുറ്റ കരങ്ങളായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്ന ജപ്പാന്‍ ടീമിന്റെ ജൈത്രയാത്രയ്ക്കാണ് ക്രൊയേഷ്യയുടെ പച്ച ജേഴ്‌സിക്കാരന്‍ ഗോള്‍കീപ്പര്‍ ചുവപ്പ് സിഗ്‌നല്‍ കാണിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ ജാപ്പനീസ് സ്‌ട്രൈക്കര്‍മാരുടെ മൂന്ന് ഷോട്ടുകളാണ് ലിവാക്കോവിച്ച് തട്ടിയകറ്റിയത്. കണ്ണും മെയ്യും മനസും ഒരുപോലെ ഏകാഗ്രമാക്കി ഈ 27കാരന്‍ തടഞ്ഞിട്ടത് ഏഷ്യന്‍ രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ കൂടിയാണ്.

താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ക്രൊയേഷ്യന്‍ ക്ലബ് ഭീമനായ ഡൈനാമോ സാഗ്രെബ് 2015ല്‍ താരത്തിനെ ഏറ്റെടുക്കുകയായിരുന്നു

1995 ജനുവരി 9ന് ക്രൊയേഷ്യയിലെ സഡാറിലാണ് ലിവാക്കോവിച്ചിന്റെ ജനനം. പതിനഞ്ചാം വയസിലാണ് താരം കാല്‍പ്പന്തുകളിയോടടുക്കുന്നത്. 2010ല്‍ എച്ച്എന്‍കെ സഡാര്‍ യൂത്ത് ക്ലബിനു വേണ്ടിയായിരുന്നു അരങ്ങേറ്റം. 2012ല്‍ സാഗ്രെബ് അണ്ടര്‍ 19 ലേക്ക് ചേക്കേറിയ താരം ക്രൊയേഷ്യന്‍ ഫുട്‌ബോളിന് തന്റെ കൈക്കരുത്ത് കാട്ടിക്കൊടുക്കുകയായിരുന്നു.

അതേവര്‍ഷം തന്നെ സീനിയര്‍ ടീമിലേക്കും താരത്തിനെ തിരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഗോള്‍മുഖം കാക്കാനുള്ള താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ക്രൊയേഷ്യന്‍ ക്ലബ് ഭീമനായ ഡൈനാമോ സാഗ്രെബ് 2015ല്‍ താരത്തെ ഏറ്റെടുക്കുകയായിരുന്നു.

2016-17 സീസണില്‍ സാഗ്രെബ് ക്ലബില്‍ ഗോള്‍വലയ്ക്കുമുന്നില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ഡൊമിനിക് ലിവാക്കോവിച്ചിന് 2017ലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. ലോകകപ്പ് വേദിയില്‍ ജാപ്പനീസ് താരങ്ങള്‍ക്ക് ഭേദിക്കാനാകാത്ത വിധം ഗോള്‍ വലയ്ക്കു മുന്‍പില്‍ കോട്ട കെട്ടി പ്രതിരോധം തീര്‍ക്കുകയായിരുന്നു ഡൊമിനിക് ലിവാക്കോവിച്ച്. ഷൂട്ടൗട്ടില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാക്കാനും ആ കരങ്ങള്‍ക്ക് കഴിഞ്ഞു.

logo
The Fourth
www.thefourthnews.in