ഇക്വഡോറിന്റെ 'സമനില' തെറ്റിച്ച് സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍
ലോകകപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന ഇക്വഡോറിനെ തറപറ്റിച്ച് സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ ജയം. ഇസ്മായില സാറും, കലിഡോ കൗലിബാലിയും സെനഗലിനായി ഗോള്‍ നേടിയപ്പോള്‍, ഇക്വഡോറിന്റെ ഗോള്‍ ക്യാപ്റ്റന്‍ മോയ്‌സസ് കയ്‌സെദോ വകയായിരുന്നു. എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇക്വഡോറിന്റെ ചെറുത്തുനില്‍പ്പുകളെ കളിമികവ് കൊണ്ട് മറികടന്നാണ് ആഫ്രിക്കന്‍ കരുത്തര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.
ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിലാണ് സെനഗല്‍ വിജയം പിടിച്ചെടുത്തത്. തുടക്കം മുതല്‍ ഇക്വഡോര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി സെനഗല്‍ താരങ്ങള്‍. നാലാം മിനുറ്റില്‍ ആദ്യ ഗോള്‍ശ്രമം. ഇഡ്രിസ്സ ഗ്യുയെ പോസ്റ്റിന് മുന്നില്‍ നിന്നുതിര്‍ത്ത ഷോട്ട് പക്ഷേ, പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക് പോയി. ഇരുടീമുകളും പരസ്പരം മത്സരിച്ച് മുന്നേറുന്നതിനിടെ ലഭിച്ച ഫ്രീകിക്ക് ഇക്വഡോറിന് ഗുണം ചെയ്തില്ല. ഇക്വഡോര്‍ ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. 24ാം മിനുറ്റില്‍ സെനഗല്‍ താരം സറിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെയും പോയി. ഗോളവസരങ്ങള്‍ അകന്നുനിന്ന മത്സരത്തില്‍, 36ാം മിനുറ്റില്‍ ഫ്രീകിക്കില്‍ സെനഗല്‍ താരം സിസ്സിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി. 44ാം മിനുറ്റിലായിരുന്നു സെനഗല്‍ കാത്തിരുന്ന നിമിഷം. ബോക്‌സില്‍ സാറിനെ ഇക്വഡോര്‍ താരം പ്രെസിയാഡോ വീഴ്ത്തിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി എടുത്ത സാര്‍ പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ സാറിന്റെ ആദ്യഗോളില്‍ സെനഗലിന് ലീഡ്. ഇക്വഡോര്‍ പോരാട്ടവീര്യം തുടര്‍ന്നെങ്കിലും ആദ്യ പകുതി അങ്ങനെ അവസാനിച്ചു.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ സമനിലയെങ്കിലും മതിയെന്ന സാഹചര്യത്തില്‍, രണ്ടാം പകുതിയില്‍ ഇക്വഡോര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 67ാം മിനുറ്റിലായിരുന്നു ഇക്വഡോറിന്റെ സമനില ഗോള്‍ പിറന്നത്. സെറ്റ് പീസില്‍ നിന്ന് ലഭിച്ച പന്ത് നായകന്‍ കയ്‌സെദോ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മിനുറ്റില്‍ സെനഗല്‍ ലീഡ് തിരിച്ചുപിടിച്ചു. 70ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ ഇദ്രിസ ഗ്യുയെ ഉയര്‍ത്തിവിട്ട പന്ത് ഫെലിക്‌സ് ടോറസ് ഹെഡ് ചെയ്തിട്ടത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കലിഡോയുടെ കാലിലേക്കായിരുന്നു. പന്ത് അനായാസം വലയിലെത്തിച്ച് നായകന്‍ സെനഗലിനെ മുന്നിലെത്തിച്ചു.
സമനില ഗോളിനായി ഇക്വഡോര്‍ ആഞ്ഞുപരിശ്രമിച്ചെങ്കിലും അവസരങ്ങളില്‍ ലക്ഷ്യം കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. കടുത്ത പ്രതിരോധം തീര്‍ത്തതിനൊപ്പം ഇക്വഡോര്‍ പ്രതിരോധങ്ങളെ പലപ്പോഴും വെല്ലുവിളിക്കാനും സെനഗലിനായി. ഫൈനല്‍ വിസില്‍ ഊതുമ്പോള്‍, അവസാന മത്സരവും ജയിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍. രാജ്യാന്തര വേദിയില്‍ ഇതുവരെ മുഖാമുഖമെത്തിയ മൂന്നു മത്സരത്തിലും ഇക്വഡോറിനെതിരെ തോറ്റില്ലെന്ന ചരിത്രവും സെനഗലിന് സ്വന്തമായി.