റാമോസ് എന്ന താരോദയം; ക്രിസ്റ്റ്യാനോയ്ക്ക് പകരമെത്തി, ഹാട്രിക്ക് നേടി മടക്കം
കരിയറില്‍ ആദ്യമായി ഒരു രാജ്യാന്തര മത്സരത്തിന് ആദ്യ ഇലവനില്‍ ഇറങ്ങുക. അതും സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി, അയാളുടെ സ്ഥാനത്ത്. 17ാം മിനുറ്റില്‍ പോര്‍ച്ചുഗലിന് വേണ്ടി സ്വിസ്സ് വല കുലുക്കി, ഒരു സ്വപ്‌നം ജീവിക്കുകയായിരുന്നു ഗോണ്‍സാലോ റാമോസ്. രണ്ടാം പകുതിയിൽ രണ്ടാം ഗോൾ. ഒടുവിൽ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് സ്വന്തം പേരിൽ കുറിച്ചു ഈ 21 കാരൻ. രാജ്യാന്തര ഫുട്‌ബോളില്‍ വെറും 35 മിനുറ്റ് മാത്രം അനുഭവ സമ്പത്തുമായി പരിശീലകനേല്‍പ്പിച്ച വലിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഇങ്ങനെയൊരു പര്യവസാനം റാമോസ് പോലും കരുതിയിരിക്കില്ല.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവമാണ്, പോര്‍ച്ചുഗല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തെ കിക്കോഫിന് മുന്‍പ് ശ്രദ്ധാകേന്ദ്രമാക്കിയത്. തന്ത്രപരമായ നീക്കമെന്ന് പരിശീലകന്‍ സാന്‌റോസ് വ്യക്തമാക്കുമ്പോഴും ടീമിലെ അസ്വസ്ഥതകളാണ് തീരുമാനത്തിന് പിന്നിലെന്ന സൂചനകള്‍ വരുന്നുണ്ട്. ക്രിസ്റ്റ്യാനോ പുറത്തിരിക്കുമ്പോള്‍ ആരാകും പകരമെത്തുകയെന്നതായി പിന്നീടുള്ള ചോദ്യം. ഫെര്‍ണാണ്ടോ സാന്‌റോസിന്‌റെ ഉത്തരം മാറ്റിയസ് ഗോണ്‍കാലോ റാമോസ്.
അണ്ടര്‍ 21 യുവേഫാ യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായ പോര്‍ച്ചുഗീസ് ടീമിലംഗമായ റാമോസ്, റാഫാ സില്‍വ വിരമിച്ചതോടെയാണ് സീനിയര്‍ ടീമില്‍ ഇടം നേടിയത്. നൈജീരിയയ്‌ക്കെതിരെ കഴിഞ്ഞമാസം 13 നടന്ന സൗഹൃദമത്സരത്തില്‍ ദേശീയ ടീമിനായി അരങ്ങേറി. ആദ്യമത്സരത്തില്‍ ഒരു ഗോളഉം ഒരു അസിസ്റ്റും സ്വന്തം പേരില്‍ എഴുതിയ 21 കാരന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരം കരിയറിലെ നാലാമത്തേത് മാത്രം.
ബെനിഫിക്ക യൂത്ത് സിസ്റ്റത്തിലൂടെ 12ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ചുവടുവെച്ചതാരം, 2019 ല്‍ ബെനിഫിക്ക ബി ടീമിലും 2020 ല്‍ സീനിയര്‍ ടീമിലും ഇടംപിടിച്ചു. അണ്ടര്‍ 17, അണ്ടര്‍ 18, അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 പോര്‍ച്ചുഗീസ് ടീമില്‍ അംഗമായിരുന്നു. നോക്കൗട്ട് റൗണ്ടില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് റമോസ്.
റാമോസിന്‌റെ ഗോള്‍ പോര്‍ച്ചുഗലിന് ആദ്യ ലീഡ് നല്‍കിയെങ്കിലും ആഘോഷത്തില്‍ പങ്കാളിയാകാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയില്ലെന്നത് ശ്രദ്ധേയം. എന്നാല്‍ പെപ്പെ നേടിയ രണ്ടാം ഗോള്‍ ആഘോഷിക്കാന്‍ റോണോ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ റാമോസിലൂടെ പോർച്ചുഗൽ ലീഡ് ഉയർത്തി. ഇത്തവണ ആഘോഷത്തിലായിരുന്നു സിആർ7. 72ാം മിനുറ്റിൽ പിൻവലിക്കുമ്പോഴേക്ക് ഖത്തറിലെ ആദ്യ ഹാട്രിക്കുമായി ചരിത്രം കുറിച്ചിരുന്നു റാമോസ്. അതെ ഭാവിയിലേക്ക് പോർച്ചുഗലിന് പ്രതീക്ഷ നൽകുന്ന താരോദയമാണ് റാമോസിന്റേത്.