വേതനം മാത്രമല്ല, സമ്മാനത്തുകയും 50-50; മാതൃകയായി യുഎസ്എ

വേതനം മാത്രമല്ല, സമ്മാനത്തുകയും 50-50; മാതൃകയായി യുഎസ്എ

ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പില്‍ യുഎസ് പുരുഷ ടീം ഇതുവരെ സ്വന്തമാക്കിയ13 മില്യണില്‍ 6.5 മില്യണ്‍ ഡോളറിന്റെ പകുതിയായ 6.5 മില്യണ്‍ ഡോളര്‍ വനിതാ ടീമിന് അര്‍ഹതപ്പെട്ടതാണ്‌.
Updated on
1 min read

ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ യുഎസ് എന്നും എപ്പോഴും മികച്ച നേട്ടം കൊയ്യണമെന്ന് ഇനി അവരുടെ പുരുഷ-വനിതാ ടീമുകള്‍ പൂര്‍വാധികം ശക്തിയായി ആഗ്രഹിക്കും. രാജ്യസ്‌നേഹത്തിനൊപ്പം തന്നെ സാമ്പത്തികപരമായ നേട്ടവും അതിനു പിന്നിലുണ്ട്. ലോകകപ്പില്‍ ഓരോ മത്സരത്തില്‍ നിന്നും പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തുക എത്തുന്നത് യുഎസ്എ വനിതാ ഫുട്‌ബോള്‍ അസോസിയേഷന്റെ അക്കൗണ്ടിലേക്കാണ്.തിരിച്ച് വനിതാ ടീം ഇനി ലോകകപ്പ് കളിക്കുമ്പോള്‍ സ്വന്തമാക്കുന്ന സമ്മാനത്തുകകളുടെ പകുതി പുരുഷ ടീമിനും അവകാശപ്പെട്ടതാണ്.

പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും തുല്യവേതനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കിയത്. 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പിലൂടെ ലഭിക്കുന്ന തുകയും ഇത്തരത്തില്‍ തുല്യമായി പങ്കുവെക്കും.

പുതിയ കരാര്‍ പ്രകാരം ഏറ്റവും മികച്ച നേട്ടം വനിതാ ടീമിനാണ്. രണ്ടു തവണ ലോകകപ്പ് ജേതാക്കളായപ്പോള്‍ അവര്‍ക്ക് ലഭിച്ച ആകെ തുകയെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഈ ലോകകപ്പില്‍ വെറും മൂന്നു മത്സരം മാത്രം കളിച്ച പുരുഷ ടീം അവര്‍ക്കു സമ്മാനിച്ചു കഴിഞ്ഞു.

2015ലെ വനിതാ ലോകകപ്പ് ജേതാക്കളായപ്പോള്‍ വനിതാ ടീമിന് ലഭിച്ചത് വെറും രണ്ട് മില്യണ്‍ ഡോളറാണ്. 2019 ലോകകപ്പ് നേടിയപ്പോള്‍ ലഭിച്ചത് 4മില്യണ്‍ ഡോളറും. രണ്ട് വര്‍ഷങ്ങളിലായി വനിതാ ടീം 6 മില്യണ്‍ നേടിയപ്പോള്‍ 2022 ലോകകപ്പില്‍ പുരുഷ ടീം ഇതിനോടകം തന്നെ 13 മില്യണാണ് സ്വന്തമാക്കിയത്. ഇതില്‍ നിന്നും 6.5 മില്യണ്‍ ഡോളറാണ് വനിതാ ടീമിന് കൈമാറുക.

440 മില്യണാണ് 2022പുരുഷ ലോകകപ്പിലെ ആകെ സമ്മാനത്തുക, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന വനിതാലോകകപ്പിന് നിശ്ചയിച്ചിരിക്കുന്ന സമ്മാനത്തുക വെറും 60മില്യണും. അതായത് വനിതാ ടീമിനു ലഭിക്കുന്ന തുകയുടെ ഏഴ് ഇരട്ടിയിലധികം തുകയാണ് പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്നത്. അടുത്ത വര്‍ഷത്തോടുകൂടി ഈ വലിയ അന്തരത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെയും അന്തിമതീരുമാനമായിട്ടില്ല.

logo
The Fourth
www.thefourthnews.in