"ഒരു പടി കൂടി മുന്നേറാൻ കഴിഞ്ഞതില്‍ സന്തോഷം, കളി ഞങ്ങളുടെ കയ്യിൽ തന്നെയായിരുന്നു": ആഹ്ളാദം പങ്കുവെച്ച് മെസി
ഓസ്‌ട്രേലിയയ്ക്കെതിരായ നോക്കൗട്ട് മത്സരത്തിൽ നേടിയ വിജയത്തിൽ സന്തോഷമറിയിച്ച് ലയണൽ മെസി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കങ്കാരുപ്പടയെ മെസ്സിയും സംഘവും തുരത്തിയത്. വളരെ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു ഇന്നെന്നും തയ്യാറെടുപ്പിന് കൂടുതൽ ദിവസങ്ങൾ ലഭിച്ചില്ലെന്നും മെസി കളിക്ക് ശേഷം പറഞ്ഞു.
"വിശ്രമത്തിന് വളരെ കുറഞ്ഞ സമയമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇന്നത്തേത് ഫിസിക്കൽ മത്സരം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ചില ബുദ്ധിമുട്ടുകളും നേരിട്ടു. എന്നാലും വിജയിക്കാനായതിലും ലോകകപ്പിൽ ഒരു പടി കൂടി മുന്നേറാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്."-മെസി പറഞ്ഞു. അവസാന നിമിഷം ഓസ്‌ട്രേലിയ നടത്തിയ മുന്നേറ്റം മാറ്റി നിർത്തിയാൽ കളിയിൽ അധികം കഷ്ടപെട്ടിട്ടില്ല. ബാക്കി സമയങ്ങളിൽ കളി തങ്ങളുടെ നിയന്ത്രത്തിലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
ക്ലബ്ബിനും രാജ്യത്തിനുമായി മെസിയുടെ 1000-ാം പ്രൊഫഷണൽ മത്സരമായിരുന്നു ഇന്നത്തേത്. മത്സരത്തിന്റെ ആവേശം വീണ്ടെടുത്തത് 35ാം മിനുറ്റിലെ മെസിയുടെ മുന്നേറ്റമായിരുന്നു. ബോക്‌സിനു പുറത്തുനിന്ന് മെസിയെടുത്ത കിക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ ഓസീസ് താരം ഹാരി സൗട്ടറിന് സാധിച്ചില്ല. തിരിച്ചെത്തിയ പന്ത് പിടിച്ച മക് അലിസ്റ്റർ ഓട്ടാമെൻഡിക്ക് പാസ് നൽകി. ഒറ്റ ടച്ചിൽ ഓട്ടാമെൻഡി പന്ത് മെസിക്ക് കൈമാറി. മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധ കോട്ടയെയും ഗോൾ കീപ്പർ മാത്യു റയനെയും കടന്ന് വലയിലെത്തി. പിന്നീട് 57-ാം മിനുട്ടിൽ ജൂലിയൻ ആൽവാരസിന്റെ ഗോളിൽ അർജന്റീന വീണ്ടും ലീഡ് നില ഉയർത്തി.
ക്വാർട്ടറിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളികൾ. 2014 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം മെസിപ്പടയ്ക്ക് ഒപ്പമായിരുന്നു.