ഒന്നാം സ്ഥാനത്തിന് ഹോളണ്ടും ഇക്വഡോറും; നിലനില്‍പ്പിന് ആതിഥേയരും സെനഗലും

ഒന്നാം സ്ഥാനത്തിന് ഹോളണ്ടും ഇക്വഡോറും; നിലനില്‍പ്പിന് ആതിഥേയരും സെനഗലും

വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ ആദ്യ മത്സരം തോറ്റവര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ രാത്രി 9:30-ന് ജയിച്ചവരുടെ പോരാട്ടമാണ്.
Updated on
2 min read

ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ രണ്ടാം റൗണ്ടിലേക്ക് കടക്കുകയാണ്. ഇന്ന് രണ്ടു നിര്‍ണായക മത്സരങ്ങളാണ് അരങ്ങേറുന്നത്. വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ ആദ്യ മത്സരം തോറ്റവര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ രാത്രി 9:30-ന് ജയിച്ചവരുടെ പോരാട്ടമാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ആഫ്രിക്കന്‍ കരുത്തരായ സെനഗലുമാണ് കൊമ്പുകോര്‍ക്കുന്നതെങ്കില്‍ രാത്രി ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിച്ചേക്കാവുന്ന ഹോളണ്ട്-ഇക്വഡോര്‍ പോരാട്ടമാണ്.

ഹോളണ്ട് - ഇക്വഡോര്‍

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റെന്ന ലക്ഷ്യത്തോടെയാണ് ഓറഞ്ച് പട ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ പൊരുതിക്കളിച്ച സെനഗലിനെതിരേ അവസാന മിനിറ്റുകളില്‍ നേടിയ രണ്ടു ഗോളുകള്‍ക്കായിരുന്നു ലൂയിസ് വാന്‍ ഗാലിന്റെ കുട്ടികള്‍ ജയിച്ചുകയറിയത്. കോഡി ഗ്യാക്‌പോയും ഡേവി ക്ലാസനുമായിരുന്നു സ്‌കോറര്‍മാര്‍.

ഇന്ന് പൂര്‍ണ ആധിപത്യത്തോടെയുള്ള ഒരു വിജയമാണ് വാന്‍ഗാല്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മെംഫിസ് ഡി പേ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങും. അതു ടീമിന്റെ അറ്റാക്കിങ്ങിന് കരുത്തുപകരും. പരുക്കിന്റെ പിടിയിലായിരുന്ന ഡിപേയെ കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായാണ് ഇറക്കിയിരുന്നത്. മധ്യനിരയില്‍ ഫ്രെങ്കി ഡി യോങ് തന്റെ ഫോമിന്റെ പാരമ്യതയിലേക്ക് ഉയരാത്തത് തലവേദനയാണ്.

മറുവശത്ത് ആതിയേരായ ഖത്തറിനെതിരേ ആധികാരിക ജയം നേടിയാണ് ഇക്വഡോറിന്റെ വരവ്. നായകന്‍ എന്നര്‍ വലന്‍സിയയുടെ തകര്‍പ്പന്‍ ഫോമായിരുന്നു തുണയായത്. എന്നാല്‍ ഇന്ന് വലന്‍സിയ തന്നെയാണ് അവരുടെ തലവേദനയും. പരുക്കാണ് കാരണം. ഖത്തറിനെതിരായ മത്സരത്തിനിടെ കണങ്കാലിനു പരുക്കേറ്റ താരത്തെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടി വന്നിരുന്നു. പരുക്കില്‍ നിന്ന് മുക്തനായെന്നു പറയുന്നുണ്ടെങ്കിലും താരം ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഇരുകൂട്ടരും ഇതുവരെ രണ്ടു മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഒരു മത്സരം ഹോളണ്ട് ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി.

ഖത്തര്‍-സെനഗല്‍

ഉദ്ഘാടന മത്സരം തോല്‍ക്കുന്ന ആതിഥേയര്‍ എന്ന നാണംകെട്ട റെക്കോഡ് ആദ്യ മത്സരത്തില്‍ നേടിയ ഖത്തറിന് അതിലും വലിയ ആഘാതമാണ് ഇന്നത്തെ മത്സരം തോറ്റാല്‍ കാത്തിരിക്കുന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് വെറും രണ്ടാമത്തെ മത്സരം പൂര്‍ത്തിയാകുമ്പോള്‍ തന്നെ അവര്‍ക്കു പുറത്തു പോകേണ്ടി വരും. അല്ലാത്ത പക്ഷം അവര്‍ ഇന്ന് കരുത്തരായ സെനഗലിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച് ഒരു സമനിലയെങ്കിലും സ്വന്തമാക്കണം.

ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരേ കളിയുടെ സമസ്ത മേഖലയിലും ഖത്തര്‍ പരാജയപ്പെട്ടിരുന്നു. പാസിങ്, അറ്റാക്കിങ്, ഡിഫന്‍ഡിങ് എന്നിവയിലെല്ലാം ബാലിശമായ പിഴവുകളാണ് അവര്‍ വരുത്തിയത്. അതിനു പരിഹാരം കണ്ടാകും കോച്ച് ഫെലിക്‌സ് ഇന്ന് ടീമിനെ ഇറക്കുക. സ്‌ട്രൈക്കര്‍മാരായ അല്‍മോസ് അലി, അക്രം അഫീഫ് എന്നിവരിലേക്കാണ് ഖത്തര്‍ ഉറ്റുനോക്കുന്നത്.

മറുവശത്ത് പൊരുതിക്കളിച്ചിട്ടും ഒരു നിമിഷത്തെ പിഴവില്‍ ഹോളണളടിനെതിരേ കളി കൈവിട്ട നിരാശയിലാണ് സെനഗല്‍. പരുക്കേറ്റ് പുറത്തായ നായകന്‍ സാദിയോ മാനെയുടെ അഭാവത്തിലും തകര്‍പ്പന്‍ കളിയായിരുന്നു യൂറോപ്യന്‍ ടീമിനെതിരേ സെനഗല്‍ പുറത്തെടുത്തത്. എന്നാല്‍ ഫിനിഷിങ്ങിലെ ചില പാളിച്ചകളാണ് അവര്‍ക്ക് തിരിച്ചടിയായത്.

ഇന്ന് ഖത്തിനെതിരേ ആ പിഴവിന് പരിഹാരം കണ്ട് ഗോള്‍മഴ പെയ്യിക്കാനാണ് അവര്‍ ശ്രമിക്കുക. ഇക്വഡോറിനെതിരായ മത്സരം ശേഷിക്കെ അവരുടെ ഗോള്‍ ശരാശരി മറികടക്കുന്ന തരത്തില്‍ ഒരു വലിയ വിജയമാണ സെനഗല്‍ ഇന്ന് ലക്ഷ്യം വയക്കുന്നത്.

logo
The Fourth
www.thefourthnews.in