തോല്‍വിയിൽ പുതു ചരിത്രമായി ആതിഥേയര്‍; തലകുനിച്ച് ഖത്തർ പുറത്തേക്ക്

തോല്‍വിയിൽ പുതു ചരിത്രമായി ആതിഥേയര്‍; തലകുനിച്ച് ഖത്തർ പുറത്തേക്ക്

ലോകകപ്പിൽ ഒരു ആതിഥേയരാജ്യത്തിന്റെ എക്കാലത്തെയും മോശം പ്രകടനമാണ് ഖത്തറിന്റെത്
Updated on
2 min read

വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ് ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. ലോകകപ്പിന് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത് മുതൽ ഉടലെടുത്ത വിവാദങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല. സംഘാടനവും ഒരുക്കങ്ങളും കയ്യടി നേടുമ്പോഴും ഒരു മോശം റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഖത്തർ. ലോകകപ്പിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയരെന്ന റെക്കോർഡ്. സംഘാടനത്തിന്റെ സമ്മര്‍ദവും പ്രതീക്ഷകളുടെ ഭാരവും പ്രതിസന്ധിയായെന്ന ഒഴിവുകഴിവുകള്‍ പറഞ്ഞ് ഖത്തറിന് ഈ നാണക്കേടിൽ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ അതിഥേയ രാഷ്ട്രമെന്ന മോശം റെക്കോർഡ് നവംബർ 20 ഖത്തർ സ്വന്തമാക്കിയിരുന്നു. അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു തോൽവി. സ്കോർ നിലയേക്കാൾ മോശമായിരുന്നു കളത്തിൽ ആതിഥേയരുടെ പ്രകടനം. സെനഗലിനോടേറ്റ രണ്ടാം തോല്‍വിയോടെ പുറത്തേക്കുള്ള വഴി ഏറെക്കുറെ ഉറപ്പിച്ച ഖത്തർ, നെതർലനഡ്സ്- ഇക്വഡോർ മത്സരം സമനിലയിലായതോടെ ഔദ്യോഗികമായിത്തന്നെ പുറത്തായി. ഈലോകകപ്പിൽ രണ്ടാം റൌണ്ട് കാണാതെ പുറത്താകുന്ന ആദ്യ ടീം. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും നേരത്തെ കാഴ്ചക്കാരാകേണ്ടി വന്ന ആതിഥേയരാജ്യമെന്ന പട്ടം കൂടി ഖത്തറിന് ഇതോടെ ലഭിച്ചു. അടുത്ത മത്സരത്തിൽ ജയിച്ചാൽ പോലും മുന്നോട്ടൊരു സാധ്യതയും ഖത്തറിന് ഇനിയില്ല.

നോക്കൗട്ട് പ്രതീക്ഷയുടെ അവസാന വെളിച്ചവും അസ്തമിച്ച ഖത്തറിന് ഇനി ഗ്യാലറിയിലിരുന്ന് കളി കാണാം

ചൊവ്വാഴ്ച്ച നടക്കുന്ന ഖത്തറിന്റെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു കൂടി പരാജയമേറ്റു വാങ്ങേണ്ടി വന്നാല്‍ ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും തോല്‍വിയേറ്റുവാങ്ങി പുറത്താകുന്ന ആതിഥേയരെന്ന 'ഖ്യാതി' കൂടി ഖത്തറിന് സ്വന്തമാക്കാം. മൈതാനത്തിന് പുറത്തുയരുന്ന വിവാദങ്ങള്‍ക്കൊപ്പം ആതിഥേയരുടെ മോശം പ്രകടനവും ഇനി ലോകം ചര്‍ച്ചചെയ്യും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ കരുത്തരായ സെനഗലിന് മുന്നില്‍ ഖത്തർ മുട്ടുമടക്കിയത്. ഖത്തറിനു വേണ്ടി ഈ സീസണിലെ ആദ്യ ഗോള്‍ നേടിയത് മുഹമ്മദ് മുന്താരിയായിരുന്നു. അതുകൂടിയില്ലായിരുന്നെങ്കില്‍ ഖത്തര്‍ നാണക്കേടിന്റെ പടുകുഴിയിൽ ആണ്ടുപോയേനേ.

ഖത്തറിനു വേണ്ടി ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത് മുഹമ്മദ് മുന്താരിയായിരുന്നു

2019 ഫെബ്രുവരിയില്‍ ജപ്പാനെത്തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിന് സ്വന്തം മണ്ണില്‍ നിന്ന് നേരിടേണ്ടി വരുന്ന ഈ കനത്ത പരാജയങ്ങള്‍ നിരാശാജനകമാണ്. ഇതിന് മുൻപ് ഗ്രൂപ്പ് ഘട്ടത്തിൽ ലോകകപ്പിൽ നിന്ന് പുറത്തായ ഏക ആതിഥേയ രാജ്യം ദക്ഷിണാഫ്രിക്കയാണ്. 2010 ൽ പക്ഷേ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയോട് അവർ സമനില നേടി. യുറഗ്വേയോട് തോറ്റെങ്കിലും കരുത്തരായ ഫ്രാൻസിനോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചായിരുന്നു ദക്ഷിണാഫ്രിക്ക കളിയവസാനിപ്പിച്ചത്. അടുത്ത ഘട്ടത്തിലേക്ക് കടന്നില്ലെങ്കിലും ഗ്രൂപ്പിൽ ഫ്രാൻസിന് മുന്നിൽ മൂന്നാമതായി. പോയിന്റ് പട്ടികയിൽ വട്ടപൂജ്യം നേടി മടങ്ങാതിരിക്കാൻ അവസാന മത്സരത്തിൽ സമനിലയെങ്കിലും പിടിക്കേണ്ടതുണ്ട് ഖത്തറിന്. പക്ഷേ എതിരാളികൾ നെതർലൻഡ്സ് ആണ്. സൌദിയും ജപ്പാനുമടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ വമ്പൻ അട്ടിമറി നടത്തിയ ടൂർണമെൻറിൽ നെതർലൻഡ്സിനെ സമനിലയിലെങ്കിലും കുരുക്കാനാകുമോ ആതിഥേയർക്കെന്ന് കാത്തിരുന്നു കാണാം.

logo
The Fourth
www.thefourthnews.in