സ്ലാറ്റ്‌കോ സ്റ്റിമാച്ച്; 'യുഎഇയില്‍ തെളിഞ്ഞ' ക്രൊയേഷ്യന്‍ 'ഭാഗ്യം'

സ്ലാറ്റ്‌കോ സ്റ്റിമാച്ച്; 'യുഎഇയില്‍ തെളിഞ്ഞ' ക്രൊയേഷ്യന്‍ 'ഭാഗ്യം'

അല്‍ എയ്‌നില്‍ നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ ഡാലിച്ച് സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനെ കേന്ദ്ര ബിന്ദുവാക്കി മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കുകയാണ് ആദ്യം ചെയ്തത്.
Updated on
2 min read

സ്ലാറ്റ്‌കോ ഡാലിച്ച്... ഇന്നു ലൂക്കാ മോഡ്രിച്ചിനൊപ്പം, ഒരു പക്ഷേ മോഡ്രിച്ചിനേക്കാള്‍ ഒരുപടി മുകളില്‍ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന പേരാകും ഇത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും സ്വപ്‌ന സമാനകുതിപ്പ് നടത്താന്‍ ടീമിന് കരുത്തുപകര്‍ന്ന ചാണക്യന്‍. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ക്രൊയേഷ്യയുടെ ഏറ്റവും വലിയ നേട്ടത്തിന് രണ്ട് ചുവട് അകലെയാണ് ഡാലിച്ച്. കിരീടപ്രതീക്ഷയുമായി എത്തിയ ബ്രസീലിന് പുറത്തേക്കുള്ള വഴികാട്ടിയ ഡാലിച്ചും സംഘവും ഇന്ന് സാക്ഷാല്‍ ലയണല്‍ മെസിക്കും സംഘത്തിനുമെതിരേയാണ് കളത്തിലിറങ്ങുന്നത്.

പ്രതിഭാ ധാരാളിത്തമൊന്നും കാണിക്കാത്ത ഒരു സാധാരണ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു കളിക്കുന്ന കാലത്ത് ഡാലിച്ച്. പിന്നീട് പരിശീലക വേഷമണിഞ്ഞപ്പോഴും അതേ സാധാരണത്വം തന്നെയായിരുന്നു ഡാലിച്ചിന്. എന്നാല്‍ 2014-ല്‍ യുഎഇ ക്ലബ് അല്‍ എയ്‌നിന്റെ പരിശീലകനായി നിയമിതനായതോടെ ഡാലിച്ചിന്റെ തലേവര മാറുകയായിരുന്നു. അതുവരെ വെറുമൊരു കോച്ച് എന്ന നിലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞ അദ്ദേഹം കേവലം എട്ടു വര്‍ഷം കൊണ്ട് മില്യണ്‍ ഡോളര്‍ മൂല്യമുള്ള തന്ത്രജ്ഞനായ പരിശീലകനായി മാറി.

അല്‍ എയ്ന്‍ പരിശീലകനായിരിക്കെയാണ് ഡാലിച്ച് തന്റെ പരിശീലന മികവ് തേച്ചുമിനുക്കിയെടുക്കുന്നത്. ഡാലിച്ചിന്റെ ശിക്ഷണത്തില്‍ 2015-ല്‍ യുഎഇ ലീഗ് ചാമ്പ്യന്മാരായ അല്‍ എയ്ന്‍ 2016-ല്‍ ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യന്‍ഷിപ്പായ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ റണ്ണറപ്പുകളുമായി.

2017- വരെ യുഎഇ ക്ലബിന്റെ പരിശീലകനായി തുടര്‍ന്ന ഡാലിച്ച് പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുകയായിരുന്നു. പിന്നീട് എട്ടു മാസത്തിനു ശേഷം ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായാണ് ഡാലിച്ചിനെ ഫുട്‌ബോള്‍ ആരാധകര്‍ കാണുന്നത്.

2018-ല്‍ റഷ്യ വേദിയായ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ കേവലം മാസങ്ങള്‍ ശേഷിക്കെയായിരുന്നു ഡാലിച്ച് പുതിയ ദൗത്യം ഏറ്റെടുത്തത്. അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ലോകകപ്പ് യോഗ്യത ഏറെക്കുറേ അസ്തമിച്ച അവസ്ഥയിലായിരുന്നു ക്രൊയേഷ്യ. എന്നാല്‍ അല്‍ എയ്‌നില്‍ നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ ഡാലിച്ച് സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനെ കേന്ദ്ര ബിന്ദുവാക്കി മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് തുടര്‍വിജയങ്ങളിലൂടെ ടീമിന്റെ മനോബലമുയര്‍ത്തി. ഒടുവില്‍ ഗ്രീസിനെതിരായ പ്ലേ ഓഫ് വിജയത്തിലൂടെ അവര്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യതയും നേടി.

റഷ്യയില്‍ പിന്നീട് കണ്ടത് ക്രൊയേഷ്യയുടെ തേരോട്ടമായിരുന്നു. ജയന്റ് കില്ലിങ്ങുകളുമായി അക്ഷരാര്‍ത്ഥത്തില്‍ കറുത്തകുതിരകളായി മാറിയ ക്രൊയേഷ്യ ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ കുതിപ്പാണ് അന്ന് നടത്തിയത്.

പക്ഷേ ഫൈനലില്‍ ഫ്രഞ്ച് കരുത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. കലാശപ്പോരില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും വീരോജ്വല പോരാട്ടം കാഴ്ചവച്ച ഡാലിച്ചിനും സംഘത്തിനും വന്‍ വരവേല്‍പാണ് ജന്മനാട്ടില്‍ ലഭിച്ചത്. വെറും നാലു മില്യണ്‍ മാത്രം ജനസംഘ്യയുള്ള ക്രൊയേഷ്യഅന്ന് റഷ്യയില്‍ നിന്നു മടങ്ങിയത് ലോകത്തിനു മുന്നില്‍ ഒരു സന്ദേശം നല്‍കിക്കൊണ്ടായിരുന്നു. കഠിനാധ്വാനം കൊണ്ടു നേടാന്‍ കഴിയാത്തത് ഒന്നുമില്ലെന്ന വലിയ സന്ദേശം.

ലോകകപ്പ് യോഗ്യത പോലും ത്രിശങ്കുവിലായ നിലയില്‍ നിന്നാണ് കഠിനാധ്വാനത്തിലൂടെ ലോകകപ്പ് ഫൈനലില്‍ വരെ അവരെത്തിയത്. ആ ഉയിര്‍ത്തെഴുന്നേല്‍പിനു ചുക്കാന്‍ പിടിച്ചതാകട്ടെ ഡാലിച്ചിന്റെ ചാണക്യ തന്ത്രങ്ങളും. ആ തന്ത്രങ്ങളില്‍ ക്രൊയേഷ്യക്കാര്‍ക്ക് പൂര്‍ണ വിശ്വാസമായിരുന്നു. അതിനാലാകണം നാലുവര്‍ഷത്തിനിപ്പുറം ഖത്തറിലും അവര്‍ ഡാലിച്ചില്‍ പ്രതീക്ഷയര്‍പ്പിച്ചത്.

2018-ലേതിനു സമാനമായ ഒരു കുതിപ്പാണ് ക്രൊയേഷ്യ ഇക്കുറിയും നടത്തുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു 'പ്രായക്കൂടുതല്‍' ഉള്ള ടീമില്‍ നിന്ന് ഏറെയാന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഏവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് നടത്തിയ കുതിപ്പിനൊടുവില്‍ അവര്‍ സെമിഫൈനല്‍ വരെയെത്തി നില്‍ക്കുകയാണ്. അതിനു ചുക്കാന്‍ പിടിക്കുന്നതാകാട്ടെ ഗള്‍ഫ് രാജ്യമായ യുഎഇയില്‍ മികവ് തെളിയിച്ച ഡാലിച്ചും. മറ്റൊരു ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ഡാലിച്ചിനെ കാത്തിരിക്കുന്നത് എന്തായിരിക്കും?

logo
The Fourth
www.thefourthnews.in