ഇലിമാന്‍ ദിയെ
ഇലിമാന്‍ ദിയെ

സണ്‍ഡേ ലീഗ് ഫുട്‌ബോളില്‍ നിന്ന് ദേശീയ ടീമിലേക്ക്; ഇലിമാന്‍ ദിയെ എന്ന പോരാളി

കഷ്ടപ്പാടുകളുടെയും കഠിനാധ്വനത്തിന്റെയും കഥപറയാനുണ്ട് സെനഗല്‍ താരം ഇലിമാന്‍ ദിയെക്ക്
Updated on
2 min read

ആത്മാര്‍ത്ഥതയും കഠിനാധ്വനം ചെയ്യാനുള്ള മനസും കൈമുതലായുണ്ടെങ്കില്‍ വിജയം നമ്മെ തേടിയെത്തുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് സെനഗല്‍ താരം ഇലിമാന്‍ ദിയെ. അവഗണനകളും മാറ്റിനിര്‍ത്തലുകളും അവനെ തളര്‍ത്തിയില്ല. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച ഈ 22കാരന് കാലം കാത്തുവെച്ചത് നോക്കൗട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെനലിന്റെ ജഴ്‌സിയണിയാനുള്ള ഭാഗ്യമാണ്.

ഫ്രാന്‍സിലായിരുന്നു ഇലിമാന്‍ ദിയെയുടെ ജനനം. കുട്ടിക്കാലം മുതല്‍ കാല്‍പ്പന്തിനോട് വല്ലാത്തൊരു തരം സ്‌നേഹവും അടുപ്പവും കുഞ്ഞു ദിയെ വെച്ചുപുലര്‍ത്തിയിരുന്നു. കണ്ണില്‍ കാണുന്നതെന്തും ചവിട്ടിത്തെറിപ്പിച്ചും, മുത്തച്ഛനുമായി ഫുട്‌ബോള്‍ കളിച്ചും, കാല്‍പ്പന്തിനോട് ആ കുഞ്ഞുമനസ് അടുത്തു. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം അവനെ കുഞ്ഞുന്നാളിലെ ഫ്രഞ്ച് ക്ലബ് മാഴ്‌സെയുടെ അക്കാദമിയില്‍ എത്തിച്ചു.

കുടുംബം സെനഗലിലേക്ക് താമസം മാറിയതോടെ ഫുട്‌ബോള്‍ പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവന് കഴിയാതെ വന്നു. എന്നാല്‍ നെഞ്ചോടുചേര്‍ത്ത വികാരത്തെ കൈവിടാന്‍ ഒരുക്കമല്ലാതിരുന്ന ദിയെ മണല്‍ പിച്ചുകളിലും കടല്‍ത്തീരത്തും പരിശീലനം ആരംഭിച്ചു. പിതാവ് പിന്നീട് ഇംഗ്ലണ്ടില്‍ ജോലി കണ്ടെത്തി, അതിന്റെ ഫലമായി 14 വയസ്സുള്ളപ്പോള്‍ ലണ്ടനിലേക്ക് താമസം മാറി. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കിലും ഇംഗ്ലണ്ടിലെ ചെറുകിട ഫുട്‌ബോള്‍ ക്ലബുകളില്‍ വീണ്ടും പരിശീലനം ആരംഭിച്ചു.

ഇംഗ്ലണ്ടിലെ അമച്വര്‍ ഫുട്‌ബോള്‍ ലീഗായ "സണ്‍ഡേ ലീഗ് ഫുട്‌ബോള്‍" കളിച്ചുകൊണ്ടിരുന്ന താരത്തെ 2019 ല്‍ ഷെഫീല്‍ഡ് യുണൈറ്റഡ് കണ്ടെത്തിയതോടെയാണ് കരിയറില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ക്ലബിനു വേണ്ടി രണ്ട് ട്രയല്‍ മത്സരങ്ങള്‍ കളിച്ച അവന്റെ കഴിവും അക്രമണോത്സുകതയും പരിശീലകരെ അത്ഭുതപ്പെടുത്തി. അവന്‍ ആരെന്ന് തെളിയിക്കാന്‍ ആ രണ്ട് മത്സരങ്ങള്‍ തന്നെ ധാരാളമായിരുന്നു. പ്രതിഭാശാലിയായ താരത്തെ സ്വന്തമാക്കാന്‍ ഷെഫീല്‍ഡ് യുണൈറ്റഡും തീരുമാനമെടുക്കുകയും ടീമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കരാര്‍ അവനു നേരേ വെച്ചുനീട്ടുകയും ചെയ്തു.

പഠനം നടത്തിയിരുന്ന മാഴ്‌സെയില്‍ ഒരു നിശ്ചിതതുക കെട്ടിവെച്ചാല്‍ മാത്രമേ അക്കാഡമിയില്‍ നിന്ന് ഇലിമാന്‍ ദിയെക്ക് പുറത്തുകടക്കാനാകുമായിരുന്നുള്ളു. സാമ്പത്തികം എന്ന ഘടകം കരിയറിനു വിലങ്ങുതടിയായി നിന്ന നിമിഷത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബിന്റെ സഹായ ഹസ്തം അവനു നേരേ നീണ്ടു.

അന്ന് ക്ലബ്ബ് നല്‍കിയ ആ തുച്ഛമായ തുകയ്ക്ക് ഇന്ന് കോടികളുടെ മൂല്യമുണ്ട്. പ്രഗത്ഭനായ ഫുട്‌ബോള്‍ താരത്തിന്റെ കരിയറിന്റെ പകിട്ടുണ്ട് ആ തുകയ്ക്ക്. അണ്ടര്‍ 23 മത്സരങ്ങളിലും തന്റെ കഴിവു തെളിയിച്ച താരത്തെ പ്രീമിയര്‍ ലീഗിലേക്ക് പറിച്ചു നടാന്‍ പരിശീലകന്‍ ഡേവിഡ് മക്ഗുര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 2020ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറി ഇലിമാന്‍ ദിയെ തന്റെ പാതമുദ്രകള്‍ ലോകഫുട്‌ബോളില്‍ പതിപ്പിക്കുകയായിരുന്നു.

ഷെഫീല്‍ഡില്‍ നിന്ന് ഹൈഡിലേക്ക് ആഴ്ചയില്‍ രണ്ടുതവണ പരിശീലനത്തിനായി അവന്‍ എത്തും. തന്റെ മിന്നല്‍ വേഗത കൊണ്ടും പെരുമാറ്റത്തിലെ വിനയം കൊണ്ടും ആ യുവാവ് ഏവരുടെയും ശ്രദ്ധയും ബഹുമാനവും പിടിച്ചുപറ്റി. കഠിനാധ്വാനം ചെയ്യാനുള്ള മനസും കാല്‍പ്പന്തിനോടുള്ള ആത്മാര്‍ത്ഥതയും കൊണ്ട് ഇലിമാന്‍ ദിയെ വോറിട്ടു നിന്നു. മകന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് അവന്റെ വളര്‍ച്ച ആഗ്രഹിച്ച പിതാവും ഇലിമാന്‍ ദിയെയുടെ കൂട്ടിനുണ്ടായിരുന്നു. മകനുമായി ഫുട്‌ബോള്‍ കളിച്ചും അവനെ പ്രോത്സാഹിപ്പിച്ചും വീഴ്ചകളില്‍ താങ്ങായും ആ പിതാവ് അവനൊപ്പം നിന്നു. പണം കൊണ്ട് ദരിദ്രനെങ്കിലും സ്‌നേഹം കൊണ്ട് ആ പിതാവ് സമ്പന്നനായിരുന്നു. മനസ് കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും പിതാവ് അവനൊപ്പം നിന്നു

പന്ത് ഏതുവിധേനെയും അവന് നല്‍കുക. കളിക്കളത്തില്‍ എന്ത് എപ്പോള്‍ എങ്ങനെ ചെയ്യണമെന്ന് അവന് നല്ല നിശ്ചയമുണ്ട്. അവന്റെ അക്രമണോത്സുകത മറ്റുള്ളവര്‍ക്ക് വെല്ലുവിളിയാകും. പരിശീലകന്‍ മക്ഗുര്‍ക്ക് സാക്ഷ്യപ്പെടുത്തുന്നു.ഇത്രയും മികച്ച ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. കളിക്കളത്തില്‍ അവനെ കാണാന്‍ ആവേശത്തോടെ ശനിയാഴ്ച ഞാന്‍ എത്തും പരിശീലകന്റെ വാക്കുകളില്‍ തെളിയുന്നത് മികച്ച കളിക്കാരനിലുള്ള വിശ്വാസം മാത്രമല്ല വിജയത്തിന്റെ പടവുകള്‍ കഠിനാധ്വാനം കൊണ്ട് നടന്നു കയറിയ പുത്ര സ്ഥാനീയനായ ഇലിമാന്‍ ദിയെയോടുള്ള സ്‌നേഹം കൂടിയാണ്

logo
The Fourth
www.thefourthnews.in