മൊറോക്കോയുടെ 'സൂപ്പർ കോച്ച്' വാലിദ് റെഗ്‌രാഗി

മൊറോക്കോയുടെ 'സൂപ്പർ കോച്ച്' വാലിദ് റെഗ്‌രാഗി

ഓഗസ്റ്റ് 31ന് ബോസ്നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരമാണ് റെഗ്‌രാഗി വരുന്നത്
Updated on
2 min read

ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മത്രമുള്ളപ്പോൾ ഓഗസ്റ്റിൽ മൊറോക്കോ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തതാണ് വാലിദ് റെഗ്‌രാഗി. പ്രതിസന്ധിയിലായി നട്ടംതിരിഞ്ഞ ഒരു ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത് വലിയ പരീക്ഷണം. മറ്റൊരു പരിശീലകൻ ഒഴിച്ചിട്ട്‌ പോയ സ്ഥാനത്ത്‌ ഇരുന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ടീമിനെ ലോകകപ്പിന് തയ്യാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ്. എന്നാൽ തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുകയാണ്‌ വാലിദ് റെഗ്‌രാഗി എന്ന മൊറോക്കൻ പരിശീലകൻ. മൊറോക്കൻ ഫുട്ബോൾ ചരിത്രത്തിൽ ആ പേര് ഇപ്പോഴേ 'സൂപ്പർ കോച്ച്' എന്ന് എഴുതിവെച്ചു കഴിഞ്ഞു.

36 വർഷത്തെ കാത്തിരിപ്പിന് ശേഷം മൊറോക്കോയ്ക്ക് പ്രീ ക്വാർട്ടറിൽ സ്ഥാനം നേടിക്കൊടുത്ത റെഗ്‌രാഗി, ഖത്തറിൽ അവരുടെ കന്നി ക്വാർട്ടർ ഫൈനൽ യാഥാർഥ്യമാക്കി. ഓഗസ്റ്റ് 31നാണ് ബോസ്നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരമാണ് റെഗ്‌രാഗി വരുന്നത്. 2019ൽ സ്ഥാനമേറ്റ ഹലിലോദ്ജികിന്റെ കീഴിലായിരുന്നു മൊറോക്കോ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാൽ മൊറോക്കൻ താരം ഹക്കിം സിയെച്ചുമായുള്ള പിണക്കവും ടീമിന്റെ ആഫ്രിക്കൻ നേഷൻസ് കപ്പിലെ മോശം പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി.

അങ്ങനെയാണ് 47 കാരനായ വാലിദ് റെഗ്‌രാഗിയെ തേടി മൊറോക്കൻ ദേശീയ ടീം പരിശീലക സ്ഥാനം എത്തുന്നത്. മൊറോക്കൻ ക്ലബായ വൈഡാഡ് അത്ലറ്റികിനെ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കി തിളങ്ങി നിൽക്കുകയായിരുന്നു അദ്ദേഹം. ദേശീയ പരിശീലകനായി ചുമതലയേറ്റത്തിന് പിന്നാലെ ടീമിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനായി. ആദ്യ മത്സരത്തിൽ മഡഗാസ്കറിനെതിരെ ജയം. റെഗ്‌രാഗിയുടെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലാണ് പിരിഞ്ഞത്. ഇതുവരെ വഴങ്ങിയതാകട്ടെ ഒരേയൊരുഗോൾ. അതും കാനഡയ്ക്കെതിരായ മത്സരത്തിൽ പിറന്ന സെൽഫ് ഗോൾ.

ഫ്രാൻസിലായിരുന്നു റെഗ്‌രാഗിയുടെ ജനനം. ഫ്രഞ്ച് ക്ലബായ റേസിംഗ് പാരിസിലൂടെ കളി തുടങ്ങിയ അദ്ദേഹം തന്റെ ക്ലബ് കരിയർ ഫ്രാൻസിലും സ്പെയിനിലുമായാണ് ചിലവിട്ടത്. എന്നാൽ ദേശിയ തലത്തിൽ അദ്ദേഹം പന്ത് തട്ടിയത് മാതാപിതാക്കളുടെ രാജ്യമായ മൊറോക്കോയ്ക്ക് വേണ്ടിയും. 2001 മുതൽ എട്ട് വർഷം മൊറോക്കോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് റെഗ്‌രാഗി. 2012ൽ ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷമാണ് പരിശീലന രംഗത്തേക്കിറങ്ങുന്നത്. 2012-13 കാലയളവിൽ അന്നത്തെ മൊറോക്കൻ പരിശീലകനായ റാച്ചിഡ് തൗസിയുടെ സഹായിയായി തുടങ്ങിയ റെഗ്‌രാഗി സ്വതന്ത്ര പരിശീലകനാകുന്നത് 2014ൽ ഫാത്ത് യൂണിയൻ സ്പോർട്ടിലൂടെയാണ്. അഞ്ച് വർഷം ഫാത്തിനെ കളി പഠിപ്പിച്ച റെഗ്‌രാഗി രണ്ട് കിരീടങ്ങൾ അവിടെ സ്വന്തമാക്കി. തുടർന്ന് ഖത്തറിൽ അൽ-ദുഹൈൽ എസ്.സിയെ (2020) പരിശീലിപ്പിച്ചാണ് വൈഡാഡ് കോച്ചായി മൊറോക്കോയിലേക്ക് മടങ്ങി എത്തുന്നത്.

ഗ്രൂപ്പ് ഘട്ടം കടക്കുക എന്ന ലക്ഷ്യവുമായി വന്ന അറ്റ്ലസ് സിംഹങ്ങൾ, പ്രീ ക്വാർട്ടർ ജയവും നേടി ചരിത്രം എഴുതി കഴിഞ്ഞു. വീണ്ടും വീണ്ടും സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന പരിശീലകനും കളത്തിൽ അത് നേടിയെടുക്കാൻ പോന്ന കളിക്കാരുമുള്ളപ്പോൾ ഒരു പക്ഷെ ഇനിയും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ മൊറോക്കോയ്ക്ക് കഴിഞ്ഞേക്കും.

logo
The Fourth
www.thefourthnews.in