വരുന്നൂ 32 ടീമുകളുടെ ക്ലബ് ലോകകപ്പ്…

വരുന്നൂ 32 ടീമുകളുടെ ക്ലബ് ലോകകപ്പ്…

ഖത്തറിലെ വരുമാനത്തിന്റെ ഒരു വിഹിതം മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നൽകുമെന്ന് ഇൻഫാന്റിനോ
Updated on
1 min read

ലുസെയ്ൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന അർജന്റീന-ഫ്രാൻസ് പോരാട്ടത്തോട് കൂടി ഖത്തർ ലോകകപ്പ് കൊടിയിറങ്ങുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ 29 ദിവസം നീണ്ട ആഘോഷങ്ങൾക്ക് കൂടിയാണ് ഇതോടെ അവസാനമാകുന്നത്. ഇനി അടുത്ത ലോകകപ്പിനായി നീണ്ട നാല് വർഷം കാത്തിരിക്കണം. എന്നാൽ അതിനിടയിൽ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. 2025 മുതൽ 32 ടീമുകളെ ഉൾപ്പെടുത്തി ഒരു മാസക്കാലം നീണ്ട ക്ലബ് ലോകകപ്പ് നടത്തുമെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഇൻഫാന്റിനോ. ഖത്തർ ലോകകപ്പിന്റെ സമാപനത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിൽ 32 ടീമുകൾ എന്നത് 48 ആയി ഉയർത്തും.

ഇന്‍ഫാന്‍റിനോ

ടൂർണമെന്റ് സംബന്ധിക്കുന്ന മറ്റ് വിവരങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. എന്നാൽ ക്ലബ് ലോകകപ്പ് നടത്തുമെന്ന കാര്യം ഉറപ്പാണെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇൻഫാന്റിനോയുടെ ആശയമാണ് ക്ലബ് ലോകകപ്പ്. 2021ൽ 24 ടീമുകളെ പങ്കെടുപ്പിച്ച് ടൂർണമെന്റ് നടത്താനിരുന്നു മുൻപ് പദ്ധതിയെങ്കിലും കോവിഡ് മൂലം നടന്നില്ല.

വ്യത്യസ്ത കോൺഫെഡറേഷനിലുള്ള ടീമുകൾ തമ്മിൽ മത്സരിക്കാൻ നിലവിലെ അന്താരാഷ്ട്ര കലണ്ടർ അനുവദിക്കുന്നില്ല. അതിൽ മാറ്റം കൊണ്ടുവരാൻ ഫിഫ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകും. ലോകകപ്പ്, യൂറോ, കോപ്പ അമേരിക്ക തുടങ്ങിയ ടൂർണമെന്റ് നടക്കുന്ന സമയങ്ങളിലൊഴികെ വ്യത്യസ്ത കോൺഫെഡറേഷനുകളിൽ നിന്നുള്ള നാല് ടീമുകൾ തമ്മിൽ സൗഹൃദ ടൂർണമെന്റുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ലോകകപ്പ് കൂടുതൽ ആകർഷണീയമാക്കാൻ അടുത്ത ടൂർണമെന്റ് മുതൽ ടീമുകളുടെ എണ്ണത്തിലും വർധന വരുത്താൻ നേരത്തെ തീരുമാനമായിരുന്നു. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിൽ 32 ടീമുകൾ എന്നത് 48 ആയി ഉയർത്താനായിരുന്നു തീരുമാനം. മൂന്ന് ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകൾ അല്ലെങ്കിൽ നാല് ടീമുകളുടെ 12 ഗ്രൂപ്പുകൾ എന്നിങ്ങനെയാണ് നിലവിലെ ആലോചന. ഇതിൽ അന്തിമ തീരുമാനം ഉടനുണ്ടാകും.

ഖത്തർ ലോകകപ്പിൽ നിന്നായി 7.5 ബില്യൺ ഡോളറിന്റെ വരുമാനം ലഭിച്ചെന്നും ഇൻഫാന്റിനോ അറിയിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ഒരു ബില്യൺ അധികമാണിത്. 48 ടീമുകളുടെ ടൂർണമെന്റിലേക്ക് മാറുന്നത് കൊണ്ട് തന്നെ അടുത്ത തവണ കൂടുതൽ വരുമാനം ഉണ്ടാകും. കൂടാതെ വരുമാനത്തിന്റെ ഒരു വിഹിതം ഖത്തറിൽ ലോകകപ്പ് ഒരുക്കങ്ങൾക്കിടയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in