ഡിമരിയ ഇല്ലാതെ അര്‍ജന്റീന; പകരക്കാരനായി പപ്പു ഗോമസ്
ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അര്‍ജന്റീന നിരയില്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡിമരിയ ഉണ്ടാകില്ല. തുടയിലെ മസിലിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഡിമരിയയ്ക്ക് കോച്ച് ലയണല്‍ സ്‌കലോണി വിശ്രമം അനുവദിച്ചു. ഡിമരിയയ്ക്കു പകരം പപ്പു ഗോമസിനെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ പോളണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച ടീമില്‍ ഈയൊരു മാറ്റം മാത്രമാണുള്ളത്. പോളണ്ടിനെതിരായ മത്സരത്തിനിടെയാണ് മരിയയ്ക്കു പരുക്കേറ്റത്. മരിയയ്ക്കു പകരം എയ്ഞ്ചല്‍ കൊറയയോ പൗളോ ഡിബാലയോ ആദ്യ ഇലവനില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇരുവരെയും തഴഞ്ഞ് ഗോമസില്‍ കോച്ച് സ്‌കലോണി വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഇരുവരും പകരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പോളണ്ടിനെതിരായ മത്സരത്തില്‍ പരുക്കേറ്റതിനു പിന്നാലെ സ്‌കലോണി ഡിമരിയയെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഡിമരിയയെ പിന്‍വലിച്ചതെന്നായിരുന്നു അന്നത്തെ മത്സരത്തിനു ശേഷം സ്‌കലോണി പറഞ്ഞിരുന്നത്. എന്നാല്‍ താരത്തിന്റെ പരുക്ക് അല്‍പം ഗുരതരമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
മത്സരശേഷം നടത്തിയ പരിശോധനയില്‍ താരത്തിന് മസില്‍ ഇന്‍ജുറി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുടയിലെ മസിലില്‍ നേരിയ ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരുക്കില്‍ നിന്ന് ഡിമരിയ വേഗം മുക്തനായി വന്നെങ്കിലും ചുരുങ്ങിയത് മൂന്നു ദിവസത്തെ വിശ്രമം കൂടി താരത്തിനു വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്.
ഈ സീസണില്‍ ഇതാദ്യമായല്ല ഡിമരിയ പരുക്കിന്റെ പിടിയിലാകുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന്റെ താരമായ ഡിമരിയയ്ക്ക് അവര്‍ക്കായി 10 മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങാനായത്. 12 മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി.