കളിക്കുമുന്‍പേ രാഷ്ട്രീയ യുദ്ധം; ദേശീയ പതാകയില്‍ കൊമ്പുകോര്‍ത്ത് ഇറാനും യുഎസും
മികച്ച മത്സരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമൊപ്പം കളിക്കളത്തിലെയും ഗാലറിയിലെയും പ്രതിഷേധങ്ങള്‍ കൊണ്ടും ഖത്തര്‍ ലോകകപ്പ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ഇറാനില്‍ കത്തിപ്പടര്‍ന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഖത്തറിലും പ്രകടമായി. അതേസമയം, രാജ്യത്ത് തുടരുന്ന പ്രതിഷേധത്തിന് പിന്നില്‍ യുഎസ് ആണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വാദം. ഇതോടെ, പ്രതിഷേധക്കാരെ പിന്തുണച്ച് യുഎസും രംഗത്തെത്തി. അത് ലോകകപ്പ് വേദിയിലും പ്രതിഫലിച്ചു. ബുധനാഴ്ച ഇറാന്‍- യുഎസ് പോരാട്ടം നടക്കാനിരിക്കെ, പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാന്‍. തങ്ങളുടെ ദേശീയ പതാകയെ അവഹേളിച്ച യുഎസിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇറാന്റെ ആവശ്യം. മത്സരത്തിന് മുന്‍പേ ഇരു രാജ്യങ്ങളും കൊമ്പുകോര്‍ക്കുകയാണ്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം ഇല്ലാത്ത ഇറാന്റെ ദേശീയ പതാക യുഎസ് ടീം സാമുഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ദേശീയ പതാകയെ അപമാനിച്ച യുഎസ് ടീമിനെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് വിലക്കണമെന്നാണ് ആവശ്യം. ഇക്കാര്യം അറിയിച്ച് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനിലെ പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ശനിയാഴ്ചയാണ് പോസ്റ്റ് വന്നത്. ഇറാന്‍ ഉള്‍പ്പെടുന്ന ലോകകപ്പിലെ ഗ്രൂപ്പ് ബിയുടെ പോയിന്റ് പട്ടികയാണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ത്രിവര്‍ണ പതാകയില്‍നിന്ന് അല്ലാ, തക്ബീര്‍ ചിഹ്നങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീടിത് നീക്കിയെങ്കിലും എതിര്‍പ്പുമായി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തുകയായിരുന്നു.
''ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പതാകയുടെ വികലമായ ചിത്രം യുഎസ് ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ ഫിഫയുടെ നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ട് തന്നെ അവരെ 10 മത്സരങ്ങളില്‍ നിന്ന് യുഎസിനെ സസ്‌പെന്‍ഡ് ചെയ്യണം''. ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള തസ്‌നിം ന്യൂസ് ഏജന്‍സി ട്വീറ്റ് ചെയ്തു. ഒരു രാജ്യത്തിന്റെയോ ജനതയുടെയോ അന്തസിനോ അഖണ്ഡതയ്ക്കോ ആരെങ്കിലും കോട്ടം വരുത്തിയാല്‍ അവരുടെ ടീമിനെ പത്ത് മത്സരങ്ങളില്‍നിന്ന് വിലക്കാമെന്ന ഫിഫ ചട്ടം ചൂണ്ടിക്കാണിച്ചാണ് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, അതൊരു തെറ്റ് അല്ലെന്നും മാനവിക അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളെ പിന്തുണച്ചുകൊണ്ടാണ് പതാകയില്‍ നിന്ന് 'ഇസ്ലാമിക് കോട്ട് ഓഫ് ആംസ്' നീക്കം ചെയ്തതെന്നാണ് യുഎസിന്റെ വിശദീകരണം. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീമായി പ്രശ്‌നങ്ങള്‍ ആളിക്കത്തുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. നവംബര്‍ 30ന് അല്‍-തുമാമയില്‍ ഇറാനും യുഎസും നേര്‍ക്കുനേര്‍ എത്തുമ്പോള്‍, അതിലെ രാഷ്ട്രീയം ഗാലറിയെ അത് എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.