തോൽവിക്ക് പിന്നാലെ തമ്മിലടിയും; ബെൽജിയം ടീമിന് ഇത് എന്തുപറ്റി?

തോൽവിക്ക് പിന്നാലെ തമ്മിലടിയും; ബെൽജിയം ടീമിന് ഇത് എന്തുപറ്റി?

പ്രശ്നങ്ങളില്ലെന്ന് ടീം അധികൃതർ വ്യക്തമാക്കുമ്പോഴും അഭിപ്രായഭിന്നത പരസ്യമായ തർക്കത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ
Updated on
2 min read

ലോകകപ്പില്‍ പേരിനൊത്ത പ്രകടനം കഴ്ചവെയ്ക്കാനാകാതെ വലയുന്ന ബെല്‍ജിയം ടീമില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. പലതാരങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അനൈക്യം മൂലം കടുത്ത പ്രതിസന്ധിയിലാണ് ടീമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതിഭാധനാരായ ഒരുപിടി താരങ്ങളുടെ നിരയാണ് നിലവിലെ ബെല്‍ജിയം ടീം. റൊമോലു ലുക്കാകു, എഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രൂയിന്‍, കോര്‍ട്വാ തുടങ്ങി മികച്ച താരങ്ങള്‍ ടീമിലുണ്ട്. ബെല്‍ജിയത്തിന്‌റെ സുവര്‍ണ നിരയെന്നറിയപ്പെടുന്ന ടീം കഴിഞ്ഞ തവണ മൂന്നാം സ്ഥാനം നേടിയിരുന്നു. വലിയ സ്വപ്‌നങ്ങളുമായി ഖത്തറിലെത്തിയ ചുവന്ന ചെകുത്താൻ മാർക്ക് പക്ഷേ കാര്യങ്ങളെല്ലാം കുഴഞ്ഞു.

ഖത്തറില്‍ ലോകകപ്പ് സ്വപ്‌നവുമായാണ് ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയമെത്തിയത്. ആദ്യ മത്സരത്തില്‍ കാനഡയോട് ജയിച്ചെങ്കിലും പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത ഉയര്‍ന്നില്ല. രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ക്രൊയേഷ്യയ്‌ക്കെതിരായ അവസാന മത്സരം നിര്‍ണായകമായി. തോറ്റാല്‍ ആദ്യ റൗണ്ടില്‍ പുറത്താകുമെന്ന നാണക്കേട് നിലനില്‍ക്കെയാണ് കൂനിന്മേല്‍കുരു പോലെ ടീമിലെ തര്‍ക്കം വരുന്നത്.

ബെല്‍ജിയം സുവര്‍ണ തലമുറയ്ക്ക് പ്രായമാകുന്നുവെന്നും ടീമിനെയാകെ പ്രായം തളര്‍ത്തുന്നുവെന്നും ലോകകപ്പിനിടെ നല്‍കിയ അഭിമുഖത്തില്‍ ഡി ബ്രൂയിന്‍ പറഞ്ഞിരുന്നു. ലോകകപ്പ് നേടാന്‍ ഈ ബെല്‍ജിയം ടീമിന് ആകില്ലെന്ന തരത്തില്‍ ഡിബ്രൂയിന്‍ നടത്തിയ പരാമര്‍ശത്തില്‍ പല താരങ്ങള്‍ക്കും അതൃപതിയുണ്ട്. ടീമിലെ പ്രതിരോധനിരയ്ക്ക് വേഗം പോരെന്നും അവര്‍ക്ക് തന്നെ അത് അറിയാമെന്നുമാണ് മൊറോയ്ക്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് എഡന്‍ ഹസാര്‍ഡ് പറഞ്ഞത്. മൊറോക്കോയോട് തോറ്റതിന് പിന്നാലെ ഈ അഭിപ്രായങ്ങളിലെ അതൃപ്തി പ്രകടമാക്കി പ്രതിരോധതാരം വെര്‍ടോഗന്‍ രംഗത്തെത്തി. മുന്നേറ്റത്തിന് മൂര്‍ച്ചപോരെന്നും പ്രായമായതിനാകാമെന്നുമായിരുന്നു വെര്‍ടോഗന്‌റെ പ്രതികരണം. മൂന്ന് താരങ്ങള്‍ക്കുമിടയില്‍ ഡ്രസിങ് റൂമില്‍ തര്‍ക്കമുണ്ടായെന്നും ലുകാകുവാണ് പ്രശ്‌നപരിഹാരത്തിന് ഇടപെട്ടതെന്നുമാണ് ഇപ്പോൾ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ബെല്‍ജിയം നായകന്‍ എഡന്‍ ഹസാര്‍ഡ് ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി. ടീമില്‍ ഭിന്നതയില്ലെന്നും തുറന്ന സംസാരം മാത്രമാണ് ഉണ്ടായതെന്നും തര്‍ക്കങ്ങളില്ലെന്നും ഹസാര്‍ഡ് വ്യക്തമാക്കി. ഡസിങ് റൂമില്‍ ഒന്നും സംഭവിച്ചില്ലെന്നും പരിശീലകന്‍ റോബെര്‍ട്ടോ മാര്‍ട്ടിനസ് സംസാരിക്കുക മാത്രമാണ് ചെയ്തത്. കെവിന്‍ ഡിബ്രൂയിനോട് അഭിമുഖത്തെ കുറിച്ച് താന്‍ സംസാരിച്ചെന്നും ഹസാര്‍ഡ് പ്രതികരിച്ചു. രണ്ടാം തോല്‍വിക്ക് ശേഷം താരങ്ങള്‍ എല്ലാവരും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞെന്നും ടീം ഒരുമിച്ച് മുന്നേറുമെന്നും ഗോള്‍ കീപ്പര്‍ കോര്‍ട്വയും വ്യക്തമാക്കി. എന്തായാലും ക്രൊയേഷ്യയ്ക്കെതിരെ നിർണായക മത്സരത്തിൽ പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകാനായില്ലെങ്കിൽ ടീമിന് വലിയ വില നൽകേണ്ടി വരും.

logo
The Fourth
www.thefourthnews.in