സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ:
ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം; കണ്ണീരണിഞ്ഞ് ആരാധകർ

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ: ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം; കണ്ണീരണിഞ്ഞ് ആരാധകർ

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി ഓപ്പണർ കളിയിലാണ് ഇറാൻ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത്
Updated on
1 min read

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് ഫുട്ബോള്‍ വേദിയില്‍ ദേശീയ ടീം അംഗങ്ങള്‍. അർ-റയ്യാനിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ആദ്യ മത്സരത്തിന് മുൻപ് ദേശീയം ഗാനം പാടാതെയായിരുന്നു ഇറാൻ ഫുട്ബോൾ ടീമിന്റെ പ്രതിഷേധം. ഇറാൻ ആരാധകരുടെ വികാരഭരിതമായ നിമിഷങ്ങൾക്കും മത്സരത്തിനിടെ ഗ്യാലറി സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് ബി ഓപ്പണർ മത്സരത്തിലായിരുന്നു ഇറാൻ ഇംഗ്ലണ്ടിനെ നേരിട്ടത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് ഇറാൻ ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് നേരത്തെ പറഞ്ഞിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ഇറാന്റെ ടീം അംഗങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഇറാനിലെ പ്രക്ഷോഭകരെ പിന്തുണ്ച്ച് ഗാലറിയിലും പ്രതികരണങ്ങളുണ്ടായിരുന്നു. ഇറാന്‍ പതാകയുടെ നിരങ്ങളിലുള്ള പ്ലക്കാര്‍ഡുകളില്‍ വിമന്‍, ലൈഫ്, ഫ്രീഡം എന്നിങ്ങനെയാണ് പ്രതിഷേധക്കാര്‍ രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ അടിച്ചമർത്തൽ ശക്തമാണ്. മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച രണ്ട് പ്രമുഖ താരങ്ങളെ കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പരസ്യമായി ശിരോവസ്ത്രം അഴിച്ചതിനാണ് നടിമാരായ ഹെൻഗാമെ ഗാസിയാനിയെയും കതയൗൻ റിയാഹിയെയും അറസ്റ്റ് ചെയ്തത്. കൂട്ട അറസ്റ്റുകളിലും അടിച്ചമർത്തലുകളിലും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇരകളായിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, ഇറാനിലെ അറിയപ്പെടുന്ന ഫുട്ബോൾ ടീമുകളിലൊന്നായ പെർസെപോളിസ് എഫ്‌സിയിൽ നിന്നുള്ള യഹ്‌യ ഗോൾമോഹമ്മദിയുടെ പരിശീലകനും ഉൾപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സ്പെയിനിലെ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോയതിന് ശേഷം ഇറാനിലേക്ക് മടങ്ങില്ലെന്ന് ഇറാൻ ബോക്സിംഗ് ഫെഡറേഷൻ തലവൻ ഹുസൈൻ സൂരി പറഞ്ഞു. മനുഷ്യരെ കൊന്നൊടുക്കുന്ന രാജ്യത്തെ സേവിക്കാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വിശദീകരിക്കുന്നു.

ഇറാനിൽ ഇതുവരെ നടന്നിട്ടുള്ള ഭരണകൂട അടിച്ചമർത്തലിൽ 378 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുള്ളതായും അവരിൽ 47 പേരും കുട്ടികളാണെന്നും ഇറാൻ മനുഷ്യാവകാശ സംഘടനകളും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇതുവരെ ആറ് പേരെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്.

logo
The Fourth
www.thefourthnews.in