ഇറാന്‍റെ പരാജയത്തില്‍ ആഹ്ളാദ പ്രകടനവുമായി ജനങ്ങള്‍
ഇറാന്‍റെ പരാജയത്തില്‍ ആഹ്ളാദ പ്രകടനവുമായി ജനങ്ങള്‍

തോറ്റത് ഫുട്‌ബോള്‍ ടീമല്ല, ഇറാന്‍ ഭരണകൂടം; സ്വന്തം ടീമിന്റെ പരാജയം ആഘോഷിച്ച് ജനങ്ങള്‍

ഇറാനില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ ഇടപെടല്‍ കാരണമാണെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു
Updated on
1 min read

ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ലോകകപ്പ് പരാജയം ആഘോഷമാക്കി ഇറാനിലെ ജനങ്ങള്‍. യുഎസ്എയ്‌ക്കെതിരായ മത്സരം ഇറാന്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ആഘോഷങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. മത്സരത്തില്‍ ഇറാനെ 1-0 നാണ് യുഎസ്എ പരാജയപ്പെടുത്തിയത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിഷേധമായി മാറി ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ പരാജയം. തെരുവുകളില്‍ നൃത്തം ചെയ്തും ആഹ്ലാദപ്രകടനങ്ങളുമായി ഇറാന്‍ ജനക്കൂട്ടം പരാജയം ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

യുഎസ്എയ്‌ക്കെതിരായ മത്സരം ഇറാന്‍ ഭരണകൂടത്തിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു. സെപ്തംബര്‍ മുതല്‍ ഇറാനില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ യുഎസ്എ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ ഇടപെടല്‍ കാരണമാണെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ യുഎസ്എയോടേറ്റ പരാജയം ഭരണകൂടത്തിനു ലഭിച്ച തിരിച്ചടിയാണെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ വാദം.

ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദേശീയഗാനം ആലപിക്കാന്‍ ഇറാന്‍ ടീം വിസമ്മതിച്ചിരുന്നു. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചെങ്കിലും താരങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ്എയ്‌ക്കെതിരായ മത്സരത്തിലും ദേശീയഗാനം ആലപിക്കാതെ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ജയിലിലടയ്ക്കുമെന്നും ഇറാന്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം ഇതുവരെ 450ഓളം പേര്‍ കൊല്ലപ്പെടുകയും 18,000-ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ മരണപ്പെട്ടവരുടെയോ അറസ്റ്റുകളുടെയോ കണക്കുകള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മഹ്സ അമിനിയുടെ ജന്മനാടായ സാക്‌സെസിലും ഇറാനിലുടനീളമുള്ള മറ്റ് നിരവധി നഗരങ്ങളിലും ആഘോഷപ്രകടനങ്ങളുമായി ജനങ്ങള്‍ രംഗത്തിറങ്ങി. ഇറാന്‍ ഫുട്‌ബോള്‍ ടീമിനെതിരെ അമേരിക്കയുടെ ആദ്യ ഗോളിന് ശേഷം തന്നെ ആഘോഷ പ്രകടനങ്ങള്‍ തുടങ്ങിയിരിക്കുന്നെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഇറാന്‍ വയര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in