ഹാരി കെയ്ന്‍
ഹാരി കെയ്ന്‍

''ഈ തോല്‍വിയുടെ ഉത്തരവാദിത്വം എനിക്ക്; ഇനിയുള്ള കാലം അതിനൊപ്പം ജീവിക്കേണ്ടിവരും'' -മനസ് തുറന്ന് ഹാരി കെയ്ന്‍

''പെനാല്‍റ്റി എടുക്കുന്നതില്‍ തികഞ്ഞ ആത്മവിശ്വാസം തോന്നി. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ എനിക്കത് എടുക്കാനായില്ല''
Updated on
1 min read

അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്നലെ ഹാരി കെയ്‌ന് ദുരന്തനായകന്റെ പരിവേഷമായിരുന്നു. ലോകകപ്പ് കിരീട മോഹങ്ങളുമായി ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ പോരിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് ആക്കം കൂട്ടിയത് നായകന്‍ കെയ്ന്‍ വരുത്തിയ പിഴവായിരുന്നു. മത്സരത്തില്‍ 2-1ന് പിന്നില്‍ നില്‍ക്കെ ലഭിച്ച പെനാല്‍റ്റി കെയ്ന്‍ പാഴാക്കിയതാണ് തിരിച്ചടിയായത്. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ഫ്രാന്‍സിനെതിരെ പെനാല്‍റ്റിയിലൂടെ സമനില ഗോള്‍ നേടിയ കെയ്ന്‍ എടുത്ത രണ്ടാമത്തെ പെനാല്‍റ്റി കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. മത്സരം തിരിച്ചുപിടിക്കാമെന്ന ഇംഗ്ലീഷ് നിരയുടെ ആത്മവിശ്വാസമാകെയാണ് അതോടെ ഇല്ലാതായത്. മത്സരശേഷം ബിബിസി സ്‌പോര്‍ട്ട്‌സിനോട് സംസാരിക്കവെ, കെയ്ന്‍ തന്റെ നിരാശ മറച്ചുവെച്ചില്ല. ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് അഭിപ്രായപ്പെട്ട കെയ്ന്‍, ഇനിയുള്ള കാലം അതിനൊപ്പം ജീവിക്കേണ്ടിവരുമെന്നും പ്രതികരിച്ചു.

''ക്യാപ്റ്റനെന്ന നിലയിലും നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ കളിക്കാരനെന്ന നിലയിലും ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. മത്സരത്തിന് മുന്‍പുള്ള എന്റെ തയ്യാറെടുപ്പിനെയോ വിശദീകരണങ്ങളെയോ കുറ്റപ്പെടുത്താന്‍ എനിക്ക് കഴിയില്ല. പെനാല്‍റ്റി എടുക്കുന്നതില്‍ തികഞ്ഞ ആത്മവിശ്വാസം തോന്നി. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ എനിക്കത് എടുക്കാനായില്ല. ഒരുപക്ഷേ, ഇനിയുള്ള കാലം ഞാന്‍ അതിനൊപ്പം ജീവിക്കേണ്ടിവരും'' -കെയ്ന്‍ പറഞ്ഞു.

''ഞങ്ങള്‍ക്ക് മികച്ച ടീം ഉണ്ടായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഈയൊരു കാര്യത്തിലേക്ക് വന്നിരിക്കുന്നു. വ്യക്തിപരമായോ ടീമെന്ന നിലയിലോ ഈ തോല്‍വിയോട് പൊരുത്തപ്പെടാന്‍ പ്രയാസമാണ്. എന്റെ കുട്ടികളെ കുറിച്ച് അഭിമാനിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ, ടീം വളരെ നല്ല നിലയിലാണ്. ഭാവിയില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകും. മുഴുവന്‍ വഴിയിലും പോകാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നെങ്കിലും അത് അവസാനിച്ചിരിക്കുന്നു. ഞങ്ങള്‍ ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കാം''- കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഹാരി കെയ്ന്‍
കെയ്ന്‍ പാഴാക്കിയ പെനാല്‍റ്റി ഇംഗ്ലണ്ടിന്റെ വിധിയെഴുതി; ഫ്രാന്‍സ് സെമിയില്‍

ലോകകപ്പില്‍നിന്ന് പുറത്തായെങ്കിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ കെയ്ന്‍ വെയ്ന്‍ റൂണിക്കൊപ്പമെത്തി. 53 ഗോളുകളാണ് റൂണി ഇംഗ്ലീഷ് കുപ്പായത്തില്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫ്രാന്‍സിനെതിരായ പെനാല്‍റ്റി പാഴാക്കിയിരുന്നില്ലെങ്കില്‍ കെയ്‌ന് റൂണിയെ മറികടക്കാനാകുമായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും കെയ്‌ന് സ്വന്തമാണ്. ഇതുവരെ നാല് പെനാല്‍റ്റിയാണ് ഇംഗ്ലീഷ് നായകന്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. 1990നുശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ പെനാല്‍റ്റി സ്‌കോര്‍ ചെയ്യുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന താരമെന്ന ചീത്തപ്പേരും ഫ്രാന്‍സിനെതിരായ മത്സരത്തില്‍ കെയ്ന്‍ സ്വന്തമാക്കി. 1990ല്‍ അമേരിക്കയ്ക്കെതിരെ ചെക്കോസ്ലോവാക്യയ്ക്കായി മൈക്കല്‍ ബിലെക്ക ഇത്തരത്തില്‍ പെനാല്‍റ്റി സ്‌കോര്‍ ചെയ്യുകയും പാഴാക്കുകയും ചെയ്ത താരം.

logo
The Fourth
www.thefourthnews.in